വിവാദ ഭൂമി വില്‍പന: കര്‍ദിനാളിനെ ബഹിഷ്‌കരിക്കാന്‍ തീരുമാനം

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമിവില്‍പനയുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ നിലപാട് ശക്തമാക്കി ഒരുവിഭാഗം വൈദികര്‍. വിവാദ ഭൂമിവില്‍പന വിഷയത്തില്‍ പരിഹാരമാവുന്നതുവരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അതിരൂപതയിലെ ഇടവകകളിലെയും സ്ഥാപനങ്ങളിലെയും യാതൊരു പരിപാടികളിലും പങ്കെടുക്കരുതെന്നും അത്തരത്തില്‍ പങ്കെടുത്താല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ബഹിഷ്‌കരിക്കാനുമാണ് ഒരു വിഭാഗം വൈദികരുടെ തീരുമാനം. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
അതിരൂപതാഭരണം കാര്യക്ഷമമായി നിര്‍വഹിക്കുന്നതിന് സ്വതന്ത്ര ചുമതലയോടുകൂടിയ ഒരു അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച്ബിഷപ്പിനെ നിയമിക്കുക, അതിരൂപതയെ കടക്കെണിയിലാക്കിയ ഭൂമിയിടപാടില്‍ രേഖകളില്ലാതെ നടത്തിയ പണമിടപാടുകളെക്കുറിച്ച് അന്വേഷിക്കുകയും നിയമനടപടികളെടുക്കുകയും ചെയ്യുക, കോട്ടപ്പടിയിലെ ഭൂമി വളഞ്ഞവഴിയിലൂടെ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന റിയല്‍ എസ്റ്റേറ്റ് ലോബിക്കെതിരേ ജാഗ്രത പുലര്‍ത്തുകയും പ്രശ്‌നങ്ങള്‍ അവസാനിക്കുംവരെ പ്രസ്തുത ഭൂമി അന്യാധീനപ്പെടാതിരിക്കാനും ശ്രദ്ധിക്കുക എന്നീ നിര്‍ദേശങ്ങളും യോഗം മുന്നോട്ടുവച്ചു.
എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി എന്ന വിധത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നടത്തിയ പ്രസ്താവന സത്യവിരുദ്ധമാണെന്നും യോഗം വിലയിരുത്തി. അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തുടര്‍നടപടിയെടുക്കുന്നതിന് മെത്രാന്‍മാരുമായി ചര്‍ച്ച നടത്താന്‍ ഫെറോനാ വികാരിമാരെ യോഗം ചുമതലപ്പെടുത്തി. കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ ഫെറോനകളില്‍നിന്നും മറ്റുമായി 50 ഓളം വൈദികര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top