വിവാദ ഭൂമി വില്‍പന:പരസ്യപ്രസ്താവനകള്‍ക്ക് വിലക്കേര്‍പ്പെടുത്തി

സര്‍ക്കുലര്‍കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി വില്‍പനയുടെ പശ്ചാത്തലത്തില്‍ മാര്‍പ്പാപ്പ ഇടപെട്ട് നിയമിച്ച അപസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് സ്ഥാനമേറ്റു. അതിരൂപതയിലെ നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ അനാവശ്യ ചര്‍ച്ചകളും സംസാരങ്ങളും ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവരുതെന്നു നിര്‍ദേശിച്ചുകൊണ്ട് പുതിയ അപസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി നിയമിതനായ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് സര്‍ക്കുലറും പുറത്തിറക്കി.
നിലവിലെ പ്രതിസന്ധി ഒരുവിധത്തിലും സങ്കീര്‍ണമാക്കാതെ ശാന്തമായി മറികടക്കന്‍ ഒത്തൊരുമിച്ചുള്ള പരിശ്രമം ആവശ്യമാണ്. ഇതിനായി വാക്കുകളെയും പ്രവര്‍ത്തനങ്ങളെയും പ്രതികരണങ്ങളെയും നിയന്ത്രിക്കണം. വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുത്. അതിരൂപത ഇപ്പോള്‍ കടന്നുപോവുന്ന പ്രതിസന്ധി രമ്യമായി പരിഹരിക്കാനുള്ള ഉത്തരവാദിത്തമാണ് തന്നെ ഏല്‍പ്പിച്ചിരിക്കുന്നത്. തന്റെ ദൗത്യം വളരെ ബുദ്ധിമുട്ടുള്ളതാണെന്ന് അറിയാമായിരുന്നിട്ടും താന്‍ അത് സ്വീകരിച്ചത് അതിരൂപതയുടെ നന്മ ആഗ്രഹിക്കുന്നതുകൊണ്ടാണ്. തന്റെ ഉത്തരവാദിത്തങ്ങള്‍ വിജയകരമായി നിര്‍വഹിക്കാന്‍ ഏറ്റവും ആവശ്യമായിരിക്കുന്നത് അതിരൂപത കച്ചേരിയാണ്.
മാര്‍പ്പാപ്പയുടെ പുതിയ തീരുമാനമനുസരിച്ചു നിലവിലുള്ള തസ്തികകളില്‍ ശുശ്രൂഷ ചെയ്യുന്നവര്‍ക്കു പകരം പുതിയവര്‍ നിയമിക്കപ്പെടണം. അതിനാല്‍ തന്നെ സഹായിക്കുന്നതിനായി മറിച്ചൊരു തീരുമാനമുണ്ടാവുന്നതു വരെ അതിരൂപതയുടെ പുതിയ പ്രോ പ്രോട്ടോ സിഞ്ചല്ലൂസായി ഡോ. വര്‍ഗീസ് പൊട്ടയ്ക്കലിനെ നിയമിച്ചു. പ്രോ ഫിനാന്‍സ് ഓഫിസറായി ഫാ. സെബാസ്റ്റ്യന്‍ മാണിക്കത്താനെയും പ്രോ ചാന്‍സലറായി ഡോ. ജോസ് പൊള്ളയിലിനെയും പ്രോ വൈസ് ചാന്‍സലറായി ഡോ. ബിജു പെരുമായനെയും നിയമിച്ചിട്ടുണ്ട്. ഈ മാസം 25ന് താന്‍ വത്തിക്കാനിലേക്ക് പോവും. അവിടെയെത്തി അതിരൂപതയിലെ കാര്യങ്ങള്‍ സഭാ അധികാരികളുമായി ചര്‍ച്ച നടത്തുമെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
സര്‍ക്കുലര്‍ ഇന്ന് എറണാകുളം-അങ്കമാലി അതിരൂപതയിലെ ദേവാലയങ്ങളില്‍ കുര്‍ബാന മധ്യേ വായിക്കണമെന്നും മാര്‍ ജേക്കബ് മനത്തോടത്ത് നിര്‍ദേശിക്കുന്നു.

RELATED STORIES

Share it
Top