വിവാദ ഭൂമി ഇടപാട് വിഷയം പരിഹാരത്തിലേക്ക്

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയില്‍ മാസങ്ങളായി കത്തിനില്‍ക്കുന്ന വിവാദ ഭൂമിവില്‍പന വിഷയം പരിഹാരത്തിലേക്ക് നീങ്ങുന്നു. വൈദികര്‍ പരസ്യപ്രതിഷേധത്തില്‍ നിന്നു പിന്‍വലിയുന്നു. എറണാകുളം, അങ്കമാലി അതിരൂപതാ ആസ്ഥാനത്ത് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കൂടി സാന്നിധ്യത്തില്‍ ചേര്‍ന്ന വൈദികസമിതി യോഗത്തിലാണ് അനുരഞ്ജന സാധ്യതയ്ക്ക് തുടക്കമായത്.
കെസിബിസി അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് സൂസേപാക്യം, മാര്‍ ക്ലീമിസ്, സിറോ മലബാര്‍ സ്ഥിരം സിനഡ് മെത്രാന്‍മാര്‍ എന്നിവരുമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടന്ന ഒത്തുതീര്‍പ്പു ചര്‍ച്ചയുടെ ഭാഗമായിട്ടായിരുന്നു ഇന്നലെ വൈദിക സമിതി യോഗം ചേര്‍ന്നത്. 56 പേരടങ്ങുന്ന വൈദികസമിതിയില്‍ 49 വൈദികര്‍ പങ്കെടുത്തു. യോഗത്തില്‍ പങ്കെടുക്കാന്‍ നേരത്തെ തന്നെ കര്‍ദിനാള്‍ അതിരൂപത ആസ്ഥാനത്തെത്തിയിരുന്നുവെങ്കിലും സഹായമെത്രാന്‍ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച യോഗത്തിന്റെ അവസാന ഘട്ടത്തിലാണ് കര്‍ദിനാള്‍ യോഗഹാളിലെത്തിയത്.
ഭൂമി വിഷയത്തില്‍ മാപ്പുപറയാന്‍ കര്‍ദിനാള്‍ ഒരുങ്ങിയെങ്കിലും വൈദികര്‍ അതിനു സമ്മതിച്ചില്ല. മാപ്പു പറഞ്ഞാല്‍ മാത്രം തീരുന്ന പ്രശ്‌നമല്ലാത്തതിനാല്‍ അതിന്റെ ആവശ്യമില്ലെന്നായിരുന്നു വൈദികരുടെ നിലപാട്. പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ അതിരൂപതയിലെ വൈദികരുമായും വിശ്വാസികളുമായും അകല്‍ച്ച സംഭവിച്ചതായി കര്‍ദിനാള്‍ യോഗത്തില്‍ സമ്മതിച്ചു. അകല്‍ച്ച മാറ്റി മുന്നോട്ടു പോവണമെന്ന് കര്‍ദിനാള്‍ യോഗത്തോട് അഭ്യര്‍ഥിച്ചു. കര്‍ദിനാളിനുവേണ്ടിയോ സഭയ്ക്കുവേണ്ടിയോ ചാനലുകളിലൂടെയോ മറ്റു മാധ്യമങ്ങളിലൂടെയോ സംസാരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ആവശ്യമുള്ള സമയങ്ങളില്‍ സഭയുടെ വക്താക്കള്‍ സംസാരിക്കുമെന്നും കര്‍ദിനാള്‍ യോഗത്തില്‍ അറിയിച്ചു. വൈദികരുടെ പ്രതിഷേധങ്ങള്‍ക്കു നിയന്ത്രണം ഉണ്ടാവേണ്ടതാണെന്ന് കര്‍ദിനാള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഗത്യന്തരമില്ലാതെ വരുമ്പോഴാണ് പ്രതിഷേധങ്ങള്‍ ഉണ്ടാവുന്നതെന്നു വൈദികര്‍ പറഞ്ഞു.
എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി വില്‍പന വിഷയം പരിഹാരത്തിലേക്ക് നീങ്ങുകയാണെന്നു യോഗത്തിനു ശേഷം വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രശ്‌നപരിഹാരത്തിനുള്ള തുടക്കം മാത്രമാണ് ആരംഭിച്ചിട്ടുള്ളതെന്നും എന്നാല്‍ പൂര്‍ണമായി പരിഹരിക്കപ്പെടണമെങ്കില്‍ വിഷയത്തില്‍ ഇനിയും വ്യക്തമായ ധാരണ ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒന്നോ രണ്ടോ കൂടിക്കാഴ്ചകള്‍ കൊണ്ടു മാത്രം തീരുന്ന പ്രശ്‌നമല്ല ഇത്. ചര്‍ച്ചകളിലൂടെ മാത്രമേ പരിഹരിക്കപ്പെടുകയുള്ളൂ. ഉയിര്‍പ്പു തിരുന്നാളിനു ശേഷം വീണ്ടും ബന്ധപ്പെട്ട സമിതികള്‍ വിളിച്ചുചേര്‍ത്ത് പ്രശ്‌ന പരിഹാരം തുടരും. അല്‍മായ പ്രതിനിധികളുമായും സംഘടനാ പ്രതിനിധികളുമായും ചര്‍ച്ച നടക്കും. രൂപതയ്ക്കുണ്ടായിരിക്കുന്ന ധനനഷ്ടം പരിഹരിക്കാനുള്ള മാര്‍ഗങ്ങളെ സംബന്ധിച്ച് ഇപ്പോള്‍ ധാരണയിലെത്തിയിട്ടില്ല. വിഷയം നേരത്തേ തന്നെ മാര്‍പാപ്പയുടെ പരിഗണനയ്ക്ക് വിട്ടിട്ടുള്ളതാണ്.
സിറോ മലബാര്‍ സഭ സ്വതന്ത്ര സഭയായതിനാല്‍ ഇവിടെ പ്രശ്‌നം പരിഹരിക്കപ്പെടാന്‍ കഴിയാതെവന്നാല്‍ മാത്രമേ മാര്‍പാപ്പ വിഷയത്തില്‍ ഇടപെടുകയുള്ളൂ. ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട് നടക്കുന്ന കേസുകളെ കുറിച്ച് യോഗത്തില്‍ ചര്‍ച്ച നടന്നിട്ടില്ല. അതില്‍ തങ്ങള്‍ ഇടപെടുന്നില്ല. വത്തിക്കാന്റെയും നിലപാട് അതാണ് രാജ്യത്തെ സിവില്‍ നിയമങ്ങളെ മാനിക്കുന്നുവെന്നും ഫാ. കുര്യാക്കോസ്് മുണ്ടാടന്‍ പറഞ്ഞു.

RELATED STORIES

Share it
Top