വിവാദ ഭൂമി ഇടപാട്: കര്‍ദിനാളിന് എതിരേ വീണ്ടും വൈദിക സമിതി

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാട് പരിഹരിച്ചുവെന്ന വിഷയത്തില്‍ ആരോപണവിധേയനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നിലപാടിനെതിരേ വൈദികസമിതി. മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രസംഗം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയെന്നും പ്രശ്‌നപരിഹാരത്തിനു തുടക്കംകുറിച്ച് നടന്ന ചര്‍ച്ചയിലെ നിര്‍ദേശങ്ങള്‍ നാളിതുവരെ പ്രാവര്‍ത്തികമാക്കിയിട്ടില്ലെന്നും വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രശ്‌നങ്ങള്‍ യഥാര്‍ഥത്തില്‍ തീര്‍ന്നിട്ടില്ലെന്ന് അങ്ങേയ്ക്ക് നന്നായി അറിയാമല്ലോ എന്നു പറഞ്ഞു കൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. മാര്‍ ജോര്‍ജ് ആലഞ്ചേരി കഴിഞ്ഞ ഓശാന ഞായര്‍, ദുഃഖവെള്ളി, ഈസ്റ്റര്‍ ദിനങ്ങളില്‍ നടത്തിയ പ്രസംഗത്തിലൂടെ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി.
സത്യത്തിനു വേണ്ടി നിലപാടെടുത്തതൊഴിച്ചാല്‍ തങ്ങള്‍ വൈദികര്‍ യാതൊരുവിധ സഭാ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഇതുവരെ വ്യാപൃതരായിട്ടില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു. അതിരൂപതയില്‍ നടന്ന ഒരു യോഗത്തിലും മാര്‍ ജോര്‍ജ് ആലഞ്ചേരിയെ കരിങ്കൊടികാണിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. അതിരൂപതയിലെ വൈദികര്‍ക്കെതിരേ വാളെടുക്കുന്നവര്‍ ദേവികുളത്തെ സ്ഥലം വില്‍ക്കുന്നതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. ബിഷപുമാരില്‍ ചിലരെങ്കിലും ചില വ്യാജ പ്രചാരണങ്ങളില്‍ തെറ്റിദ്ധരിക്കപ്പെടുന്നുണ്ടോയെന്ന് തങ്ങള്‍ സംശയിക്കുന്നു. ഇന്ത്യന്‍ കാത്തലിക് ഫോറം ഗ്ലോബല്‍ പ്രസിഡന്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന അഡ്വ. മെല്‍ബിന്‍ സിറോ മലബാര്‍ സഭയിലെ എല്ലാ മെത്രാന്‍മാര്‍ക്കും മെയ് നാലിന് അയച്ച കത്തിന്റെ കോപ്പി അതിരൂപതയിലെ വൈദികരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ലഭിച്ചു. ഇന്ത്യന്‍ കാത്തലിക് ഫോറം എന്ന സംഘടന സിറോ മലബാര്‍ സഭയുടെ ഒദ്യോഗിക സംഘടനയാണോയെന്നും ഫാ. കുര്യാക്കോസ് മുണ്ടാടന്‍ കത്തില്‍ ചോദിക്കുന്നു.
പ്രശ്‌നങ്ങള്‍ക്ക് വെറുതേ ഒരു പരിഹാരം കണ്ടെത്താന്‍ കഴിയില്ല. സത്യത്തിനും ധാര്‍മികതയ്ക്കും നിരക്കുന്ന പരിഹാരമാണ് എല്ലാവരും ആഗ്രഹിക്കുന്നതും കാത്തിരിക്കുന്നതെന്നും  കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

RELATED STORIES

Share it
Top