വിവാദ ഭൂമിയിടപാട്; കര്‍ദിനാളിന് ഹൈക്കോടതി നോട്ടീസ്

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമിയിടപാടുമായി ബന്ധപ്പെട്ട ഹരജിയില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഹൈക്കോടതി നോട്ടീസയച്ചു. സഭയ്ക്കു സാമ്പത്തിക നഷ്ടമുണ്ടാക്കിയ ഭൂമിയിടപാട് പ്രത്യേക പോലിസ് സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പെരുമ്പാവൂര്‍ പുല്ലുവഴി സ്വദേശി ജോഷി വര്‍ഗീസ് സമര്‍പ്പിച്ച ഹരജിയിലാണ് നോട്ടീസ്. ഹരജിയില്‍ എതിര്‍കക്ഷികളാക്കിയിട്ടുള്ള ഫാ. ജോഷി പുതുവ, ഫാ. സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍ എന്നിവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. സഭയുടെ ഭൂമി രഹസ്യ ഇടപാടുകളിലൂടെ വിറ്റതും ഇതിനായി എതിര്‍കക്ഷികള്‍ ഗൂഢാലോചന നടത്തിയതും ക്രിമിനല്‍ കുറ്റമാണെന്നും ഇത് അന്വേഷിക്കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട് ഹരജിക്കാരന്‍ മരട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയിരുന്നു. പല സ്ഥലങ്ങളിലുള്ള ഭൂമിയുടെ ഇടപാടായതിനാല്‍ പ്രത്യേക പോലിസ് സംഘത്തെ അന്വേഷണത്തിന് നിയോഗിക്കണമെന്ന ഹരജിക്കാരന്റെ ആവശ്യം കോടതി നിരസിച്ചു. ഇതിനെതിരേയാണ് ഹരജി നല്‍കിയിരിക്കുന്നത്.

RELATED STORIES

Share it
Top