വിവാദ പുസ്തകം: വെളിപ്പെടുത്തലുകള്‍ ട്രംപിനെ താഴെയിറക്കുമെന്ന് രചയിതാവ്‌

ന്യൂയോര്‍ക്ക്: തന്റെ വെളിപ്പെടുത്തലുകള്‍ യുഎസ് പ്രസിഡന്റിനെ താഴെയിറക്കുമെന്നു ഡോണള്‍ഡ് ട്രംപിനെക്കുറിച്ചുള്ള “ഫയര്‍ ആന്റ് ദ ഫറി: ഇന്‍സൈഡ് ദ ട്രംപ് വൈറ്റ് ഹൗസ്’ എന്ന പുസ്തകത്തിന്റെ രചയിതാവ് മൈക്കല്‍ വുള്‍ഫ്. യുഎസ് പ്രസിഡന്റ് പദവിക്കു ട്രംപ് യോഗ്യനല്ലെന്ന വാദമാണ് പുസ്തകത്തിലൂടെ താന്‍ മുന്നോട്ടുവയ്ക്കുന്നത്. അത്തരമൊരു വീക്ഷണം ഇപ്പോള്‍ വ്യാപകമായി അംഗീകരിക്കപ്പെടാനും തുടങ്ങിയെന്ന് വുള്‍ഫ് ബിബിസി റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. വെള്ളിയാഴ്ചയാണ് പുസ്തകം പുറത്തിറങ്ങിയത്. പ്രസിഡന്റാവുക ട്രംപിന്റെ ലക്ഷ്യമായിരുന്നില്ലെന്നും തോറ്റാലും ആ പ്രശസ്തി ഉപയോഗിച്ചു ടിവി താരമായി ശോഭിക്കാമെന്നു കരുതിയാണു രംഗത്തിറങ്ങിയതെന്നും മൈക്കല്‍ വുള്‍ഫിന്റെ പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. പുസ്തകം പുറത്തിറങ്ങുന്നതു തടയാന്‍ ട്രംപിന്റെ അഭിഭാഷകന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പുസ്തകത്തെ തള്ളിപ്പറഞ്ഞ് വൈറ്റ് ഹൗസ് പ്രസ്താവനയിറക്കുകയും ചെയ്തു. മൈക്കല്‍ വുള്‍ഫിന്റെ പുസ്തകം നിറച്ചും നുണകള്‍’ ആണെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. വുള്‍ഫിനെ ഒരിക്കലും വൈറ്റ് ഹൗസിലേക്ക് അടുപ്പിച്ചിട്ടില്ലെന്നും പുസ്തകത്തിനുവേണ്ടി ഒരിക്കലും താന്‍ അയാളോടു സംസാരിച്ചിട്ടില്ലെന്നും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.

RELATED STORIES

Share it
Top