വിവാദ ആള്‍ദൈവം ചന്ദ്രസ്വാമി അന്തരിച്ചുന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന വിവാദ ആള്‍ദൈവം ചന്ദ്രസ്വാമി (66) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവേ  ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു അന്ത്യം. ദീര്‍ഘകാലമായി രോഗബാധിതനായിരുന്ന സ്വാമിയുടെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം പരാജയപ്പെട്ടിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
മുന്‍ പ്രധാനമന്ത്രി പി വി നരസിംഹ റാവു അടക്കമുള്ള രാഷ്ട്രീയ നേതാക്കളുമായി സ്വാമി അടുത്തബന്ധം പുലര്‍ത്തിയിരുന്നു. പ്രധാനമന്ത്രിയായിരിക്കെ റാവുവിന്റെ ആത്മീയ ഉപദേഷ്ടാവെന്ന നിലയില്‍ സ്വാമി പ്രവര്‍ത്തിച്ചു. നിരവധി കേസുകളും വിവാദങ്ങളുമായി ബന്ധപ്പെട്ട് ചന്ദ്രസ്വാമിയുടെ പേര് ഉയര്‍ന്നുവന്നിരുന്നു. 1996ല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായി. ലണ്ടന്‍ ആസ്ഥാനമായ ഒരു വ്യവസായില്‍ നിന്ന് പണം തട്ടിയെന്ന കേസിലാണ്  അറസ്റ്റ്. വിദേശ സംഭാവന നിയന്ത്രണ ചട്ടം (ഫെറ) ലംഘനവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) സ്വാമിക്കെതിരേ കേസെടുത്തിരുന്നു. 1991-96 കാലത്ത് നരസിംഹ റാവു പ്രധാനമന്ത്രിയായിരിക്കെ സ്വാമിയുടെ വിശ്വ ധര്‍മായതന്‍ സനാതന്‍ ആശ്രം ഡല്‍ഹിയില്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഡല്‍ഹിയില്‍ ചന്ദ്രസ്വാമിക്ക് ഈ ഭൂമി അനുവദിച്ചതെന്ന് റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തില്‍ സ്വാമിക്ക് പങ്കുള്ളതായി സംഭവത്തില്‍ അന്വേഷണം നടത്തിയ ജയിന്‍ കമ്മീഷന്റെ ഇടക്കാല റിപോര്‍ട്ടില്‍ പറയുന്നു. സൗദി ആസ്ഥാനമായ ആയുധ വ്യാപാരി അദ്‌നാന്‍  ഖാഷോഗിയുമായി 11 കോടി ഡോളറിന്റെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന്റെ രേഖകള്‍ ചന്ദ്രസ്വാമിയുടെ ആശ്രമത്തില്‍ നിന്നും ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. രാജീവ് ഗാന്ധി വധത്തില്‍ സാമ്പത്തിക സഹായം നല്‍കിയെന്ന കേസില്‍ സ്വാമിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റും അന്വേഷണം തുടരുന്നുണ്ട്.

RELATED STORIES

Share it
Top