വിവാദങ്ങള്‍ക്കു പിന്നാലെ പോയി സമയം പാഴാക്കില്ല : മുഖ്യമന്ത്രികണ്ണൂര്‍: വിവാദങ്ങള്‍ക്കു ക്ഷാമമില്ലാത്ത കേരളത്തില്‍ അവയ്ക്കു പിന്നാലെ പോയി സമയം പാഴാക്കുകയല്ല, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കലാണ് സര്‍ക്കാരിനു പ്രധാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള എന്‍ജിഒ യൂനിയന്‍ 54ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണയന്ത്രം ജനകീയമാക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. അഴിമതിരഹിതവും കാര്യക്ഷമവുമായ സിവില്‍ സര്‍വീസ് സാക്ഷാല്‍ക്കരിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ജീവനക്കാരെ വിശ്വാസത്തിലെടുത്തു മുന്നോട്ടുപോവുന്നു. യുഡിഎഫ് ഭരണത്തില്‍ തകര്‍ന്നടിഞ്ഞ മേഖലകള്‍ പുനരുദ്ധരിക്കുന്ന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷമായി നടത്തിവരുന്നത്. സാധാരണ ജനങ്ങളുടെ ജീവിതാവശ്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ക്രിയാത്മക പദ്ധതികളുമായാണ് മുന്നോട്ടുപോവുന്നത്. ഭാഷാന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിച്ച് ഭരണഭാഷ മലയാളമാക്കുന്നതില്‍ കര്‍ശന നിലപാടാണ് സര്‍ക്കാരിനുള്ളത്. ഒരു വര്‍ഷത്തിനുള്ളില്‍ 37,000 നിയമനങ്ങളാണ് പിഎസ്‌സി മുഖേന നടത്തിയത്. അങ്കണവാടി, ആശാ വര്‍ക്കര്‍മാര്‍ അടക്കം കരാര്‍-ദിവസവേതനക്കാരൂടെ വേതനം വര്‍ധിപ്പിച്ചു. എന്നാല്‍, ഇതെല്ലാം മറച്ചുവച്ച് ഒന്നും നടക്കുന്നില്ലെന്നു പ്രചരിപ്പിക്കുകയാണ്. നിക്ഷിപ്ത താല്‍പര്യക്കാരുടെ ഉദ്ദേശ്യം വിജയിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന പ്രസിഡന്റ് ഇ പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top