വിവാദങ്ങള്‍ക്കിടയില്‍ വീണ്ടും സോളാര്‍

ശബരിമലയിലെ സംഘര്‍ഷാത്മകമായ സ്ഥിതിവിശേഷവും ബ്രൂവറി-ഡിസ്റ്റിലറി കച്ചവടത്തിലെ അഴിമതിയും മറ്റു പ്രതിസന്ധികളുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഉഴലുന്ന സന്ദര്‍ഭത്തില്‍ വീണ്ടും സോളാര്‍ കേസും അതുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഉയര്‍ത്തിക്കൊണ്ടുവരാനുള്ള നീക്കം നടക്കുന്നു. സോളാര്‍ കേസിലെ മുഖ്യപ്രതികളിലൊരാളായ സരിതാ നായര്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും എഐസിസി സെക്രട്ടറി കെ സി വേണുഗോപാല്‍ എംപിക്കും എതിരായി ക്രൈംബ്രാഞ്ച് പോലിസ് പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. യുഡിഎഫ് സര്‍ക്കാരില്‍ ഉന്നതസ്ഥാനങ്ങള്‍ വഹിക്കെ പരാതിക്കാരിയെ ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് കേസിന് ആധാരമായി ഉന്നയിക്കുന്ന ആരോപണം.
രാഷ്ട്രീയനേതാക്കള്‍ക്കെതിരേ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുന്നത് പുതിയ കാര്യമല്ല. അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ തങ്ങളുടെ പദവിയും പ്രതാപവും ദുരുപയോഗപ്പെടുത്തിയ അനുഭവങ്ങളും പുത്തനല്ല. ഇപ്പോള്‍ തന്നെ രാഷ്ട്രീയത്തിനു പുറമെ സിനിമ, മാധ്യമങ്ങള്‍ തുടങ്ങിയ നിരവധി മേഖലകളില്‍ പലര്‍ക്കെതിരേയും ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. പൊതുസമൂഹം അത്തരം ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യുന്നുമുണ്ട്. കേന്ദ്രസര്‍ക്കാരിലെ ഒരു മന്ത്രിയും പ്രമുഖ മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ ഇത്തരം ആരോപണങ്ങളെ തുടര്‍ന്ന് തങ്ങളുടെ പദവികള്‍ ഉപേക്ഷിക്കേണ്ടതായും വന്നിട്ടുണ്ട്.
പക്ഷേ, സോളാര്‍ കേസിലെ പ്രതിയുടെ ആരോപണങ്ങള്‍ അതില്‍ നിന്നു വ്യത്യസ്തമായിത്തന്നെ കാണണം. സരിതാ നായരുടെ വിവാദമായ കത്തില്‍ ഇതുസംബന്ധിച്ച ആരോപണങ്ങള്‍ ഉണ്ടായിരുന്നു. തട്ടിപ്പുകേസില്‍ പ്രതിയായി അവര്‍ ജയിലില്‍ കഴിയുന്ന വേളയില്‍ എഴുതിയ കത്തിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. പക്ഷേ, ഈ കത്തിന്റെ വിശ്വാസ്യത സംബന്ധിച്ച് ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്റെ റിപോര്‍ട്ടില്‍ ഒന്നിലേറെ തവണ ഈ കത്ത് പരാമര്‍ശിക്കപ്പെടുന്നുണ്ട്. പക്ഷേ, പിന്നീട് കേരള ഹൈക്കോടതി കത്തിലെ വിവരങ്ങള്‍ പരിശോധിക്കുകയും അതിന്റെ അടിസ്ഥാനത്തിലുള്ള കമ്മീഷന്‍ നിഗമനങ്ങളും കണ്ടെത്തലുകളും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഉമ്മന്‍ചാണ്ടി അടക്കമുള്ള നിരവധി നേതാക്കള്‍ക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ രാഷ്ട്രീയലക്ഷ്യത്തോടെയുള്ളതാണ് എന്നു വ്യക്തമാക്കുന്നതാണ് ഇതുസംബന്ധിച്ച ഹൈക്കോടതി ഉത്തരവ്.
വിഷയം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാനുള്ള നീക്കങ്ങളെ പൊതുസമൂഹം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതാണ്. പ്രതിസന്ധികളില്‍ നിന്നു പൊതുജനശ്രദ്ധ തിരിക്കാനായി എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന തന്ത്രങ്ങളുടെ ഭാഗമാണിതെന്ന് നിഗമനത്തിലെത്തിയാല്‍ തെറ്റു പറയാന്‍ കഴിയില്ല. കേസിലെ ലൈംഗികാരോപണങ്ങള്‍ ഒരുപാടു തവണ ഉപയോഗിച്ച് മുനപോയ ആയുധമാണ്. അതുകൊണ്ട് ഏതെങ്കിലും നേതാക്കളെ ഇല്ലായ്മ ചെയ്തുകളയാം എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ നിരാശരാവാനാണ് സാധ്യത.

RELATED STORIES

Share it
Top