വിവാദങ്ങളും കൈയടികളും ബാക്കിയാക്കി ദീപക് മിശ്ര നാളെ പടിയിറങ്ങും; പൊതുസ്വത്ത് നശീകരണത്തിനെതിരേ ഇന്നു വിധിപറയും

ന്യൂഡല്‍ഹി: വിവാദങ്ങളുടെയും മാരത്തണ്‍ വിധികളുടെയും ചരിത്രം ബാക്കിയാക്കി സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നാളെ പടിയിറങ്ങും. പകരക്കാരനായ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ബുധനാഴ്ച 46ാമത്തെ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും. ഗാന്ധിജയന്ത്രി പ്രമാണിച്ച് നാളെ അവധിയായതിനാല്‍ ഇന്നാണ് ദീപക് മിശ്രയുടെ അവസാന പ്രവൃത്തിദിനം.
സുപ്രധാനമായ നിരവധി കേസുകളില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ തുടര്‍ച്ചയായി വിധിപറഞ്ഞ മിശ്ര ഇന്ന് കേരളത്തില്‍ നിന്നുള്ള ഒരു കേസില്‍ക്കൂടി വിധിപറഞ്ഞ ശേഷമായിരിക്കും പടിയിറങ്ങുക. പ്രതിഷേധ സമരങ്ങളുടെ ഭാഗമായി പൊതു-സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുന്നതിന് എതിരായ പൊതുതാല്‍പര്യ ഹരജിയിലാണ് വിധി പറയുക. പദ്മാവത് സിനിമയ്‌ക്കെതിരേ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി നല്‍കിയ ഹരജിയാണിത്. ജസ്റ്റിസ് ജെ എസ് ഖെഹാറിന്റെ പിന്‍ഗാമിയായി കഴിഞ്ഞ വര്‍ഷം ആഗസ്ത് 28നാണ് സുപ്രിംകോടതിയുടെ 45ാമത്തെ ചീഫ് ജസ്റ്റിസായി ഒഡീഷക്കാരനായ ദീപക് മിശ്ര ചുമതലയേല്‍ക്കുന്നത്.
ആധാര്‍ കാര്‍ഡിന് നിയന്ത്രണങ്ങളോടെ അംഗീകാരം നല്‍കി, സ്വവര്‍ഗ ലൈംഗികതയും വിവാഹേതരബന്ധവും ക്രിമിനല്‍ കുറ്റമാക്കുന്ന നിയമങ്ങള്‍ റദ്ദാക്കി, ശബരിമലയില്‍ എല്ലാ പ്രായക്കാരായ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചു, പ്രായപൂര്‍ത്തിയായവര്‍ക്ക് പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നു വ്യക്തമാക്കി ഡോ. ഹാദിയയെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം വിട്ടു, നമ്പി നാരായണന് നീതി ഉറപ്പാക്കി തുടങ്ങിയ ദീപക് മിശ്ര നേതൃത്വം കൊടുത്ത ബെഞ്ചിന്റെ സുപ്രധാന വിധികള്‍ നിരവധിയാണ്. ബോംബെ സ്‌ഫോടനക്കേസില്‍ പ്രതിയായ യാക്കൂബ് മേമന്റെ വധശിക്ഷയ്‌ക്കെതിരേ സമര്‍പ്പിച്ച ഹരജിയില്‍ അര്‍ധരാത്രി കോടതി തുറന്ന് വാദം കേട്ടതും കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ്സിന്റെ ഹരജി ഫയലില്‍ സ്വീകരിച്ച് വാദം കേള്‍ക്കാനായി അര്‍ധരാത്രി മൂന്നു ജഡ്ജിമാരെ നിയമിച്ചതും ദീപക് മിശ്രയുടെ ചരിത്രത്തില്‍ ഇടംപിടിച്ച അസാധാരണ നടപടിയായി.
മിശ്രയ്‌ക്കെതിരേ സീനിയോറിറ്റിയില്‍ അദ്ദേഹത്തിനു തൊട്ടുതാഴെ നില്‍ക്കുന്നവരും ജഡ്ജിമാരുടെ നിയമനാധികാരമുള്ള കൊളീജിയത്തിലെ അംഗങ്ങളുമായ ജഡ്ജിമാര്‍ ഈ വര്‍ഷം ജനുവരി 12ന് വാര്‍ത്താസമ്മേളനം നടത്തിയതാണ് മിശ്രയുടെ കാലത്തുണ്ടായ മറ്റൊരു അസാധാരണ നടപടി. ഇതും ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലെ ആദ്യ സംഭവമായി.
ഭരണകൂടം ഏതെങ്കിലും നിലയ്ക്ക് പ്രതിസ്ഥാനത്തുള്ള കേസുകള്‍, നിക്ഷിപ്ത താല്‍പര്യത്തോടെ തന്നിഷ്ടം കേസുകള്‍ വീതിച്ചുനല്‍കുന്നുവെന്നായിരുന്നു മിശ്രയ്‌ക്കെതിരായ ആരോപണം. സുപ്രിംകോടതിയുടെ പ്രവര്‍ത്തനങ്ങള്‍ ചിട്ടയായി നടത്തുന്നതില്‍ ചീഫ് ജസ്റ്റിസ് പരാജയപ്പെട്ടുവെന്ന ആരോപണവും അന്ന് സീനിയോറിറ്റിയില്‍ രണ്ടാമനായ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് മാധ്യമങ്ങള്‍ക്കു മുമ്പാകെ ഉന്നയിച്ചു. സുഹ്‌റബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷായോട് ഹാജരാവാന്‍ ആവശ്യപ്പെട്ട സിബിഐ ജഡ്ജി ബി എച്ച് ലോയ ദുരൂഹ സാഹര്യത്തില്‍ മരിച്ച കേസ് കൈകാര്യം ചെയ്ത ദീപക് മിശ്രയുടെ നടപടിയാണ് ജഡ്ജിമാര്‍ക്കിടയില്‍ പൊട്ടിത്തെറിക്കു കാരണമായത്. പൊതുതാല്‍പര്യ ഹരജികളെല്ലാം ചീഫ് ജസ്റ്റിസിന്റെ ബെഞ്ചുകള്‍ പരിഗണിക്കുമെന്ന് അറിയിച്ച് സുപ്രിംകോടതി ജഡ്ജിമാരുടെ ജോലിവിവരം മിശ്ര പരസ്യപ്പെടുത്തിയതും അസാധാരണമായിരുന്നു.
ഇന്ത്യയില്‍ ആദ്യമായി ഒരു സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെതിരേ ഇംപീച്ച്‌മെന്റ് നടപടികള്‍ തുടങ്ങിയതും മിശ്രയ്‌ക്കെതിരേയാണ്. ഇംപീച്ച്‌മെന്റ് നടപടിക്ക് ആവശ്യമായ 50 എംപിമാരുടെ ഒപ്പുകള്‍ ഉണ്ടായിരുന്നുവെങ്കിലും രാജ്യസഭാ അധ്യക്ഷനായ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു അത് തള്ളി.

RELATED STORIES

Share it
Top