വിവാദങ്ങളില്‍ മുങ്ങി കുടുംബശ്രീ ഹോട്ടല്‍

പേരാമ്പ്ര: മൂന്നു വര്‍ഷം മുമ്പ് ഉദ്ഘാടനം ചെയ്ത ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ ഹോട്ടല്‍  അനാഥാവസ്ഥയില്‍. നടത്തിപ്പ് സംബന്ധിച്ചു കൃത്യതയില്ലാത്തതിനാല്‍ ഹോട്ടല്‍ അടച്ചു പൂട്ടിയ നിലയിലാണ്. ലക്ഷങ്ങള്‍ വകയിരുത്തി 2015 ലാണ് മുന്‍ ഭരണസമിതി ഹോട്ടല്‍ സ്ഥാപിച്ചത്. കുടുംബശ്രീയുടെ മറവില്‍ ഒരു വനിതയുടെ നേതൃത്വത്തില്‍ തുടങ്ങിയ ഹോട്ടല്‍ ഇക്കാലത്തിനിടയില്‍ പലരും കൈകാര്യം ചെയ്തു.
പഞ്ചായത്തിലെ ആളുകള്‍ ഭക്ഷണം കഴിച്ച വകയില്‍ ലഭിക്കാനുള്ള കുടിശിക സംഖ്യ നാല്‍പ്പത്തി ഏഴായിരത്തോളം രൂപ ഒടുവിലത്തെ നടത്തിപ്പുകാര്‍ ആവശ്യപ്പെട്ടത് വഴക്കിനിടയാക്കി. ഇത് പരസ്യപോര്‍വിളികള്‍ക്കും കാരണമായി. ഇതോടെ പ്രധാന രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മധ്യസ്ഥ ചര്‍ച്ച നടന്നു.
സെക്യൂരിറ്റിയായി നല്‍കിയ 65000 രൂപയും ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ അംഗങ്ങളും മറ്റും മാസങ്ങളായി കഴിച്ച ഭക്ഷണത്തിന്റെ കുടിശ്ശിക 47000 രൂപയും ഈ മാസം 31നകം ഉത്തരവാദപ്പെട്ടവര്‍ കൊടുത്തു വീട്ടുമെന്ന കരാറില്‍ പ്രശ്‌നത്തില്‍ താല്‍കാലിക ഒത്തുതീര്‍പ്പുണ്ടാക്കിയിരിക്കുകയാണ്.
അതേസമയം മൂന്നുവര്‍ഷമായി ഈ സ്ഥാപനം നടത്തിപ്പു സംബന്ധിച്ചു വ്യക്തമായ രേഖയോ ഉടമ്പടിയോയില്ലെന്ന സൂചനയാണു ലഭിക്കുന്നത്. ആരോഗ്യ വകുപ്പും ഇതില്‍ തികഞ്ഞ അനാസ്ഥയാണു പുലര്‍ത്തിയിരിക്കുന്നത്. ചക്കിട്ടപാറ പഞ്ചായത്ത് കുടുംബശ്രീ ഹോട്ടല്‍ നടത്തിപ്പു സംബന്ധിച്ചു സമഗ്രമായ അന്വേഷണം നടത്തണമെന്നു കേരളാ കോണ്‍ഗ്രസ് (ജേക്കബ്) സംസ്ഥാന നിര്‍വാഹക സമിതി അംഗം നവീന്‍ സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ചു വിജിലന്‍സിന് പരാതി നല്‍കും. പ്രശ്‌നത്തില്‍ പഞ്ചായത്തിലെ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് പുലര്‍ത്തുന്ന നിസംഗതയില്‍ ദുരൂഹതയുണ്ടെന്നു നവീന്‍ ആരോപിച്ചു.

RELATED STORIES

Share it
Top