വിവാദം വിട്ടൊഴിയാതെ കൊച്ചി മെട്രോ : ഉദ്ഘാടനവേദിയില്‍ നിന്ന് ഇ ശ്രീധരനെ ഒഴിവാക്കികൊച്ചി: വിവാദം വിട്ടൊഴിയാതെ വീണ്ടും കൊച്ചി മെട്രോ. മെട്രോയുടെ ഉദ്ഘാടനവേദിയില്‍ നിന്ന് കൊച്ചി മെട്രോ നിര്‍മാണത്തിന് ചുക്കാന്‍പിടിച്ച ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഡോ. ഇ ശ്രീധരനെ പ്രധാനമന്ത്രിയുടെ ഓഫിസ് ഒഴിവാക്കി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, തൃക്കാക്കര എംഎല്‍എ പി ടി തോമസ്, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) എംഡി ഏലിയാസ് ജോര്‍ജ് തുടങ്ങിയവര്‍ക്കും വേദിയില്‍ സ്ഥാനമില്ല. പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാസംഘത്തിന്റെ നിര്‍ദേശമനുസരിച്ചാണ് നടപടി. സുരക്ഷാകാരണങ്ങളുടെ പേരിലാണ് ഒഴിവാക്കലെന്നാണ് വിശദീകരണം. —കേന്ദ്ര നഗരവികസന സെക്രട്ടറിയും— സംസ്ഥാന ചീഫ് സെക്രട്ടറിയുമാണ് പ്രധാനമന്ത്രിയുടെ ഓഫിസിന് കെഎംആര്‍എല്‍ നല്‍കിയ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ട മറ്റു രണ്ടുപേര്‍. ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, മന്ത്രി തോമസ് ചാണ്ടി, പ്രഫ. കെ വി തോമസ് എംപി, മേയര്‍ സൗമിനി ജെയിന്‍ എന്നിവര്‍ മാത്രമാണ് പ്രധാനമന്ത്രിക്കൊപ്പം വേദിയിലുണ്ടാവുക. മെട്രോമാന്‍ ഇ ശ്രീധരന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, തൃക്കാക്കര എംഎല്‍എ പി ടി തോമസ് എന്നിവരെ ഒഴിവാക്കിയ നടപടിയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. 2012 സപ്തംബര്‍ 13ന് കൊച്ചി മെട്രോയുടെ തറക്കല്ലിട്ടത് അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങായിരുന്നു. അന്ന് എറണാകുളം മറൈന്‍ ഡ്രൈവില്‍ നടന്ന ചടങ്ങില്‍ പ്രമുഖരായ 11 പേരാണ് പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടത്. എന്നാല്‍, ഇപ്പോള്‍ പദ്ധതിയുടെ ഉദ്ഘാടനസമയത്തു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫിസ് ഇ ശ്രീധരന്‍ അടക്കമുള്ളവരെ സുരക്ഷയുടെ പേരു പറഞ്ഞ് വേദിയില്‍ നിന്ന് ഒഴിവാക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഉദ്ഘാടനവേദിയില്‍ നിന്ന് ഒഴിവാക്കിയതില്‍ തനിക്കു പരാതിയില്ലെന്ന് ഇ ശ്രീധരന്‍ പ്രതികരിച്ചു. ചടങ്ങില്‍ താന്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മെട്രോ ഉദ്ഘാടനത്തിനായി രാവിലെ 10.15ന് പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെ നാവിക വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നത്. 10.35ന് പാലാരിവട്ടം മെട്രോ സ്‌റ്റേഷനിലെത്തും. ഇവിടെ മെട്രോ ട്രെയിനിന്റെ പ്രവേശനകവാടത്തില്‍ നാട മുറിച്ച് ഉദ്ഘാടനം നടത്തും. തുടര്‍ന്ന് പത്തടിപ്പാലം വരെ ട്രെയിനില്‍ യാത്ര ചെയ്യുന്ന പ്രധാനമന്ത്രിയും സംഘവും അതേ ട്രെയിനില്‍ 10.50ന് പാലാരിവട്ടത്ത് തിരികെയെത്തും. 10.55ന് ഉദ്ഘാടനവേദിയായ കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിലേക്ക് പുറപ്പെടും. മെട്രോയുടെ ഉദ്ഘാടനത്തിനുശേഷം  1.10ന് നാവിക വിമാനത്താവളത്തിലെത്തി ഡല്‍ഹിക്ക് മടങ്ങും. അതിനിടയില്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, തൃക്കാക്കര എംഎല്‍എ പി ടി തോമസ്, ഇ ശ്രീധരന്‍ എന്നിവരെ കൂടി വേദിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രിയുടെ ഓഫിസിന് കത്തയച്ചിട്ടുണ്ട്.

RELATED STORIES

Share it
Top