വിവാദം ഉണ്ടാക്കുന്ന ഉത്തരവുകള്‍

ഒരു ജനാധിപത്യ വ്യവസ്ഥയില്‍ കോടതികള്‍ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. രാജ്യത്തെ ഭരണകൂടങ്ങള്‍ക്കു സംഭവിക്കുന്ന അപഭ്രംശങ്ങളില്‍ നിന്ന് രാജ്യത്തെയും വ്യവസ്ഥയെയും രക്ഷിക്കാന്‍ പലപ്പോഴും കോടതികളുടെ ഇടപെടലുകള്‍ സഹായകമാവാറുണ്ട്. അധികാരം കൈയാളുന്നവരുടെ നയവ്യതിയാനങ്ങള്‍ക്കനുസരിച്ചു രാജ്യത്തെ ജനങ്ങള്‍ പലപ്പോഴായി നേരിടേണ്ടിവരുന്ന മതപരമോ ഭാഷാപരമോ വംശീയമോ ആയ അനീതികള്‍ക്കും അവകാശനിഷേധങ്ങള്‍ക്കുമെതിരേ ന്യായാധിപന്മാര്‍ പൗരന്റെ രക്ഷയ്‌ക്കെത്തിയ നിരവധി സംഭവങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. അങ്ങനെ അധികാരദണ്ഡനമേറ്റ് ആശയറ്റുപോകുന്ന പൗരന്റെ അവസാന അത്താണിയാണ് കോടതികള്‍, വിശിഷ്യാ, രാജ്യത്തിന്റെ പരമോന്നത നീതിപീഠമായ സുപ്രിംകോടതി.
രാജ്യത്തിന്റെ നിയമവ്യവസ്ഥയെ ചിട്ടപ്പെടുത്തുന്ന ഭരണഘടനയാണ് കോടതിയുടെ അധികാര സ്രോതസ്സ്. ഈ ഭരണഘടനയുടെ അന്തസ്സത്തയെയും വിഭാവനകളെയും നീതിയുക്തമായി വിശദീകരിക്കാനും വ്യാഖ്യാനിക്കാനും നീതി നടപ്പില്‍വരുത്താനും കഴിയുമ്പോഴാണ് കോടതികള്‍ നീതിയുടെ കാവല്‍ക്കാരായി സ്വയം അടയാളപ്പെടുന്നത്.
ഒരു പൗരന്റെ അവകാശങ്ങള്‍ കേവലമായ ജൈവിക ആവശ്യങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുന്നതല്ല. വിശാസങ്ങള്‍, ആചാരങ്ങള്‍, സാംസ്‌കാരികവും സ്വത്വപരവുമായ സവിശേഷതകള്‍ എന്നിവയെല്ലാം ചേര്‍ന്നതാണ് പൗരന്‍. അപരന്റെ അവകാശത്തെയോ രാജ്യത്തിന്റെ പൊതുവായ താല്‍പര്യത്തെയോ ഹനിക്കാത്ത കാലത്തോളം ഒരു പൗരന്റെ മേല്‍പറഞ്ഞ തലത്തിലുള്ള സാമൂഹികവും സാംസ്‌കാരികവും മതപരവുമായ അവകാശങ്ങളെ സംരക്ഷിക്കാന്‍ ഭരണകൂടങ്ങള്‍ക്കും കോടതികള്‍ക്കും ബാധ്യതയുണ്ട്. ഇന്ത്യയെപ്പോലെയുള്ള, മതവിശ്വാസങ്ങളും ആചാരവൈവിധ്യങ്ങളും ആഴത്തില്‍ വേരൂന്നിയ ഒരു ബഹുസ്വര സമൂഹത്തില്‍ കോടതികള്‍ നടത്തുന്ന നീതിനിര്‍വഹണങ്ങളില്‍ രാജ്യത്തെ സംബന്ധിച്ച ഈ അടിസ്ഥാന വസ്തുതകള്‍ പരിഗണിക്കേണ്ടതുണ്ട്.
ഓരോ സമൂഹത്തിലും നിലനില്‍ക്കുന്ന വിശ്വാസാചാരങ്ങള്‍ക്ക് അതതു സമൂഹങ്ങള്‍ക്ക് അവരുടേതായ യുക്തിദീക്ഷകളും അടിസ്ഥാനങ്ങളും കാണും. അവയില്‍ ഏതെങ്കിലും ഒന്നില്‍ മാറ്റങ്ങള്‍ വേണമെന്നു തോന്നുമ്പോള്‍ അതു ചെയ്യാനുള്ള അവകാശം അവര്‍ക്കു മാത്രമാണ്. ഇന്ത്യയിലെ പൗരസമൂഹത്തിനു ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശത്തിന്റെ ഭാഗമാണത്. ഭരണകൂടമായാലും കോടതികളായാലും മറ്റു ഭരണഘടനാ സ്ഥാപനങ്ങളായാലും അവ തങ്ങളുടെ അധികാരപരിധികളില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാവണം. അതിലപ്പുറമുള്ള ഏതു തരം ഇടപെടലും രാജ്യത്ത് അസ്വസ്ഥതയും അരാജകത്വവും മാത്രമേ സൃഷ്ടിക്കുകയുള്ളൂ.
മുസ്‌ലിംകള്‍ക്ക് പള്ളികള്‍ അനിവാര്യമാണോ എന്നു തീരുമാനിക്കുന്നതും ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നതും സ്വവര്‍ഗരതിക്ക് അനുമതി നല്‍കുന്നതും കോടതികള്‍ ഭരണഘടനാബാഹ്യമായ അധികാരശക്തിയായി സ്വയം മാറാന്‍ ശ്രമിക്കുന്നതിന്റെ ലക്ഷണമായേ കാണാന്‍ കഴിയൂ. മതസമൂഹങ്ങളുടെ വിശ്വാസാചാരങ്ങളുടെ യുക്തി-അയുക്തികള്‍ പരിശോധിക്കുക കോടതിയുടെ ജോലിയല്ല. അത്തരം സവിശേഷതകള്‍ നിലനിര്‍ത്തി ജീവിക്കാനുള്ള പൗരന്റെ അവകാശ സംരക്ഷണമാവണം കോടതികളുടെ പരിഗണനയില്‍ വരേണ്ടത്. കാലാകാലങ്ങളായി നിലനില്‍ക്കുന്ന മനുഷ്യന്റെ ധര്‍മാധര്‍മബോധങ്ങള്‍ക്കു മേല്‍ കടന്നുകയറാന്‍ അവകാശമില്ലെന്നു കരുതാനുള്ള മാനവികമായ വിനയം ന്യായാധിപര്‍ക്കും ഉണ്ടാകേണ്ടതുണ്ട്.

RELATED STORIES

Share it
Top