വിവരാവകാശ കമ്മീഷന്‍ അംഗങ്ങളുടെ നിയമനംസിപിഎം നേതാവിനെ ഒഴിവാക്കി; നാലുപേര്‍ക്ക് ഗവര്‍ണറുടെ അംഗീകാരം

തിരുവനന്തപുരം: വിവരാവകാശ കമ്മീഷന്‍ അംഗങ്ങളായി സര്‍ക്കാര്‍ നിര്‍ദേശിച്ച അഞ്ചംഗ പട്ടികയില്‍ നിന്ന് സിപിഎം നേതാവിനെ ഗവര്‍ണര്‍ ഒഴിവാക്കി. തലസ്ഥാനത്തെ പ്രമുഖ നേതാവും സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗവുമായ അഡ്വ. എ എ റഷീദിന്റെ പേര് വെട്ടിയ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, മറ്റു നാലംഗങ്ങളുടെ നിയമനത്തിന് അംഗീകാരം നല്‍കി.
സര്‍വകലാശാല അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പോലിസ് റിപോര്‍ട്ട് അനുകൂലമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റഷീദിന്റെ നിയമനം ഗവര്‍ണര്‍ തള്ളിയത്. വി എസ് അച്യുതാനന്ദന്റെ പ്രസ് സെക്രട്ടറിയായിരുന്ന കെ വി സുധാകരന്‍, സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥയായ പി ആര്‍ ശ്രീലത, ടൈറ്റാനിയം മുന്‍ എംഡി സോമനാഥപിള്ള, സിപിഎം അനുകൂല അധ്യാപകസംഘടനാ നേതാവ് കെ എല്‍ വിവേകാനന്ദന്‍ എന്നിവരുടെ പേരുകളാണ് ഗവര്‍ണര്‍ അംഗീകരിച്ചത്.
ഗവര്‍ണര്‍ അംഗീകരിച്ചതോടെ ഇവരുടെ നിയമനം സാധുവായി. വിവരാവകാശ കമ്മീഷനില്‍ ചെയര്‍മാനായ വിന്‍സന്‍ എം പോള്‍ മാത്രമാണ് ഇപ്പോഴുള്ളത്. ദീര്‍ഘകാലമായി മറ്റ് അംഗങ്ങള്‍ ഇല്ലാതെയാണ് കമ്മീഷന്‍ പ്രവര്‍ത്തിച്ചത്. ഈ സാഹചര്യത്തിലാണ് കമ്മീഷനിലേക്ക് നിയമിക്കാനുള്ള അഞ്ചുപേരുടെ പട്ടിക സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അയച്ചത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് യൂനിവേഴ്‌സിറ്റി അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട് റഷീദിനെതിരെ നിരവധി ആരോപണം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ക്രിമിനല്‍ കേസുകളും റഷീദിനെതിരെ ഉണ്ടായിരുന്നു. ഇവ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവായ ആര്‍ ശശികുമാര്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കി. ഇതേത്തുടര്‍ന്ന് പട്ടികയില്‍ സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചെങ്കിലും അതേപട്ടിക തന്നെയാണ് സര്‍ക്കാര്‍ തിരിച്ചയച്ചത്.
തുടര്‍ന്ന് പരാതിയില്‍ ഗവര്‍ണര്‍ പോലിസില്‍ നിന്ന് റിപോര്‍ട്ട് തേടി. ഈ റിപോര്‍ട്ട് അനുകൂലമല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് റഷീദിനെ ഒഴിവാക്കിയത്.

RELATED STORIES

Share it
Top