വിവരാവകാശ കമ്മീഷനുകളിലെ ഒഴിവുകള്‍സര്‍ക്കാരുകള്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം

ന്യൂഡല്‍ഹി: കേന്ദ്ര, സംസ്ഥാന വിവരാവകാശ കമ്മീഷനുകളിലെ ഒഴിവുകള്‍ നികത്താത്തതില്‍ സുപ്രിംകോടതിക്ക് ഉല്‍ക്കണ്ഠ. വിഷയത്തില്‍ കേന്ദ്രവും കേരളമടക്കം ഏഴു സംസ്ഥാന സര്‍ക്കാരുകളും  ഒഴിവുകള്‍ കൃത്യമായി ചൂണ്ടിക്കാണിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എ കെ സിക്രി എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.
സംസ്ഥാനങ്ങളിലെയും കേന്ദ്ര വിവരാവകാശ കമ്മീഷനുകളിലെയും ഒഴിവുകള്‍ നികത്തുന്നതിനു സ്വീകരിച്ച നടപടിക്രമങ്ങളും ഒഴിവുകള്‍ നികത്തുന്ന തിയ്യതിയും ഉള്‍ക്കൊള്ളിച്ച് നാലാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് സുപ്രിംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
കേന്ദ്ര വിവരാവകാശ കമ്മീഷനില്‍ നാല് ഒഴിവുകള്‍ ഇപ്പോഴും നികത്താനുണ്ട്. ഇതു കൂടാതെ അടുത്ത ഡിംസബര്‍ മാസത്തോടെ മറ്റു നാലു പേര്‍ കൂടി വിരമിക്കുന്നതോടെ അവരുടെ ഒഴിവുകളും വരും. 2016ല്‍ ഒഴിവുകള്‍ നികത്തുന്നതിനായി പരസ്യം ചെയ്തിട്ടും  എന്തുകൊണ്ടാണ് ഇപ്പോഴും നികത്താത്തതെന്ന് വാദത്തിനിടെ, കേന്ദ്രത്തോട് സുപ്രിംകോടതി ആരാഞ്ഞു.
എന്തുകൊണ്ടാണ് ഒഴിവുകള്‍ നികത്താത്തതെന്നതിനു കാരണം സത്യവാങ്മൂലത്തില്‍  വ്യക്തമാക്കണമെന്ന് കോടതി കേന്ദ്രത്തിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദിനോട് ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാരിന് പുറമെ, കേരളം, നാഗാലാന്‍ഡ്, പശ്ചിമബംഗാള്‍, ഒഡീഷ, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളോടാണ് വിഷയത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആന്ധ്രപ്രദേശില്‍ ഇതുവരെ കമ്മീഷന്‍ രൂപീകരിച്ചിട്ടില്ല. കേരളത്തില്‍ ഏകാംഗ കമ്മീഷനാണ് പ്രവര്‍ത്തിക്കുന്നത്. 10 അംഗങ്ങളുടെ തസ്തികയാണ് ഇവിടെ ഒഴിഞ്ഞുകിടക്കുന്നതെന്നും ഹരജിക്കാര്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി.
വിവരാവകാശ പ്രവര്‍ത്തകനായ അഞ്ജലി ഭരതരാജ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ നടപടി. നാലാഴ്ചയ്ക്കു ശേഷം ഹരജി വീണ്ടും പരിഗണിക്കും.

RELATED STORIES

Share it
Top