വിവരാവകാശ കമ്മീഷനില്‍ ഭിന്നത

ന്യൂഡല്‍ഹി: രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കെതിരായ പരാതികള്‍ കേള്‍ക്കുന്ന ബെഞ്ച് പിരിച്ചുവിട്ട് മറ്റൊരു ബെഞ്ച് രൂപീകരിച്ച മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആര്‍ കെ മാത്തൂറിന്റെ നടപടിയെ ചോദ്യം ചെയ്ത് വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യലു. മുഖ്യ വിവരാവകാശ കമ്മീഷണറുടെ നടപടി വിവരാവകാശ കമ്മീഷണര്‍മാരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള ബെഞ്ചിനെ പരിഗണിക്കാതെ വിശാല ബെഞ്ച് രൂപീകരിക്കാനാവുമോ എന്ന് മാത്തൂറിനെഴുതിയ കത്തില്‍ ആചാര്യലു ചോദിച്ചു.
കത്ത് എല്ലാ വിവരാവകാശ കമ്മീഷണര്‍മാര്‍ക്കും നല്‍കിയിട്ടുണ്ട്. 2013ല്‍ ബിജെപി, കോണ്‍ഗ്രസ്, ബിഎസ്പി, എന്‍സിപി, സിപിഐ, സിപിഎം എന്നീ രാഷ്ട്രീയപ്പാര്‍ട്ടികളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നത് കമ്മീഷന്റെ ഫുള്‍ബെഞ്ചാണ്. എന്നാല്‍, നിര്‍ദേശങ്ങള്‍ പാര്‍ട്ടികള്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ചുള്ള പരാതികള്‍ കമ്മീഷന് ലഭിച്ചു. ശ്രീധര്‍ ആചാര്യലു, സുധീര്‍ ഭാര്‍ഗവ, ബിമല്‍ ജുല്‍ക എന്നിവരടങ്ങിയ ബെഞ്ചാണ് പരാതികളില്‍ വാദം കേട്ടത്. 2016ല്‍ ആറു മാസം വാദംകേട്ട ശേഷം ജുല്‍ക ബെഞ്ചില്‍ നിന്നു പിന്മാറി. 2017 ആഗസ്തില്‍ മാത്തൂര്‍ പുതിയ ബെഞ്ച് രൂപീകരിച്ചു. ആദ്യത്തെ ബെഞ്ചിലെ ആരെയും ഉള്‍പ്പെടുത്തിയതുമില്ല.
2017 ജനുവരിയില്‍ മാനവശേഷി വികസന മന്ത്രാലയവുമായി ബന്ധപ്പെട്ട വിവരാവകാശ ഹരജികളില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ആചാര്യലുവിനെ ഒഴിവാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ബിരുദമെടുത്ത വര്‍ഷത്തെ ഡല്‍ഹി സര്‍വകലാശാലയിലെ അക്കാദമിക രേഖകള്‍ വെളിപ്പെടുത്താന്‍ ആചാര്യലു ഉത്തരവിട്ട് ദിവസങ്ങള്‍ക്കകമായിരുന്നു അദ്ദേഹത്തെ ഒഴിവാക്കിയത്.
രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കെതിരായ പരാതികള്‍ കേള്‍ക്കാന്‍ പുതിയ നാലംഗ ബെഞ്ച് രൂപീകരിച്ചെങ്കിലും വാദമൊന്നും നടന്നില്ല. സമയബന്ധിതമായി കേസ് പൂര്‍ത്തിയാക്കണമെന്നു ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ ബെഞ്ചിലെ ഒരംഗം വിരമിച്ചതിനു ശേഷം ബെഞ്ച് വീണ്ടും പുനസ്സംഘടിപ്പിച്ചിരിക്കുകയാണ്.
വിവരാവകാശ കമ്മീഷന്റെ വിശ്വാസ്യതയെ ബാധിക്കുന്ന ഇത്തരം കാര്യങ്ങള്‍ കമ്മീഷന്‍ യോഗങ്ങളില്‍ ചര്‍ച്ചചെയ്യണമെന്നാണ് ആചാര്യലുവിന്റെ ആവശ്യം. മാത്തൂറിന് അദ്ദേഹമെഴുതിയ കത്ത് കമ്മീഷന്റെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

RELATED STORIES

Share it
Top