വിവരാവകാശവുമായി പിറകെ നടന്ന് പീഡനം

കൊല്ലം: വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങളുമായി പിറകെ നടന്ന് വനിതാ ജീവനക്കാരിയെ മാനസികമായി പീഡിപ്പിക്കുന്ന പൗരാവകാശ സമിതി ഭാരവാഹിയെക്കുറിച്ച് വനിതാ കമ്മീഷന്‍ അന്വേഷിക്കും. കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട ഫയലില്‍ രേഖകള്‍ ശരിയായി നല്‍കാന്‍ ആവശ്യപ്പെട്ടതിന്റെ വൈരാഗ്യമാണ് തന്റെ പിറകെ നിരന്തരം വിവരാവകാശവുമായി നടക്കുന്നതിന് കാരണമെന്ന് ജീവനക്കാരി പറഞ്ഞു. സ്ഥലം മാറ്റം വാങ്ങി ഓഫിസുകള്‍ മാറിയിട്ടും പൗരാവകാശ ഭാരവാഹി വിടുന്നില്ല. കെട്ടിടവുമായി ബന്ധപ്പെട്ട സംഭവത്തില്‍ ഓഫിസിലെത്തി ഭീഷണിപ്പെടുത്തിയതിന് പോലിസ് കേസെടുത്തിരുന്നു. എന്നാല്‍ തുടര്‍ നടപടിയുണ്ടായില്ല. ഈ സാഹചര്യം മുതലാക്കിയാണ് ജോലിയും ജീവിതവും തടസ്സപ്പെടുത്തുന്ന വിവരാവകാശ പ്രവണത ആരംഭിച്ചത്. ദുരുദ്ദേശത്തോടെയുള്ള വിവരാവകാശ ചോദ്യങ്ങളില്‍നിന്ന് രക്ഷപ്പെടുത്തണമെന്ന് ജീവനക്കാരി ഇന്നലെ കൊല്ലത്ത് നടന്ന അദാലത്തില്‍ ആവശ്യപ്പെട്ടു. കമ്മീഷന്‍ അംഗങ്ങളായ അഡ്വ.എംഎസ് താര, ഷാഹിദാ കമാല്‍ എന്നിവരാണ് അദാലത്തിന് നേതൃത്വം നല്‍കിയത്.വൈരാഗ്യത്തിന് കാരണമായ സംഭവത്തിലെ പോലിസ് റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും വിവരാവകാശ നിയമം ദുരുപയോഗിക്കുന്നതിനെതിരേ നിയമത്തിന്റെ പരിധിയില്‍നിന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പരാതിക്കാരിക്ക് കമ്മീഷന്‍ ഉറപ്പുനല്‍കി.പത്ത് വര്‍ഷം സ്വകാര്യ എന്‍ജിനീയറിങ് കോളജില്‍ ജോലിയെടുത്ത ശേഷം ഒരാനുകൂല്യവും നല്‍കാതെ പിരിച്ചുവിട്ടുവെന്നും ലേബര്‍ വകുപ്പിന്റെ നിര്‍ദേശം മാനേജ്‌മെന്റ് പാലിച്ചില്ലെന്നുമുള്ള വനിതാ ജീവനക്കാരിയുടെ പരാതിയും ഇന്നലെ കമ്മീഷന് മുന്നിലെത്തി. എതിര്‍കക്ഷകളുടെ വിശദീകരണം കൂടി കേട്ട ശേഷം ഈ കേസില്‍ തീരുമാനം കൈക്കൊള്ളും. മക്കള്‍ തമ്മിലെ പിണക്കം കാരണം മാതാവിനെ അനാഥമാക്കിയ കേസും അദാലത്തില്‍ പരിഗണനക്ക് വന്നു. ഇളയ മകന് എഴുതിവെച്ച കുടുംബ വീട്ടില്‍ അമ്മ താമസിക്കണമെന്നും ഇളയമകന്‍ സംരക്ഷണം നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. സഹോദരിയോടൊപ്പം താമസിച്ച വൃദ്ധയെ ഇതേതുടര്‍ന്ന് ഇളയമകന്‍ കൂട്ടിക്കൊണ്ടുപോയി. ഇന്നലെ പരിഗണിച്ച 112 കേസില്‍ 20 കേസുകള്‍ക്ക് തീര്‍പ്പുകല്‍പ്പിച്ചു. 33 കേസുകളില്‍ ഇരുകക്ഷികളും ഹാജരായില്ല. ഇതുള്‍പ്പെടെ 83 കേസുകള്‍ അടുത്ത അദാലത്തില്‍ വീണ്ടും പരിഗണിക്കും. രണ്ട് കേസുകള്‍ ഫുള്‍ കമ്മീഷന് വിട്ടു. ഏഴ് കേസുകളില്‍ വിവിധ വകുപ്പുകളുടെയും പോലിസിന്റെയും റിപ്പോര്‍ട്ട് തേടി.

RELATED STORIES

Share it
Top