വിവരശേഖരണത്തിന് രണ്ട് മാസം അനുവദിച്ചു

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട എംപിമാരും എംഎല്‍എമാരുമടങ്ങുന്ന ജനപ്രതിനിധികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി രണ്ടുമാസത്തെ സമയം അനുവദിച്ചു. ജനപ്രതിനിധികള്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ കൈകാര്യംചെയ്യുന്നതിനായി 12 അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു. പ്രത്യേക കോടതികള്‍ സ്ഥാപിക്കാനായി 7.8 കോടി രൂപ നീക്കിവച്ചതായും കേന്ദ്ര നിയമമന്ത്രാലയം ചൊവ്വാഴ്ച സുപ്രിംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, മാര്‍ച്ച് ഒന്നോടെ പ്രത്യേക കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്ന് കോടതി ഇന്നലെ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി. പ്രത്യേക കോടതികള്‍ രൂപീകരിക്കുന്നതിന് ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ക്കും ആനുപാതികമായി ഫണ്ട് അനുവദിക്കണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ കേസ് പരിഗണിച്ച ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയി, നവീന്‍ സിന്‍ഹ എന്നിവരുടെ ബെഞ്ചാണ് കളങ്കിതരായ എംപി, എംഎല്‍എമാരുടെയും അവരുടെ പേരിലുള്ള കേസുകളുടെയും വിവരങ്ങള്‍ ശേഖരിക്കാനും കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയത്. എത്ര രാഷ്ട്രീയക്കാര്‍ക്കെതിരെയാണ് ക്രിമിനല്‍ കേസുള്ളതെന്ന കോടതിയുടെ ചോദ്യത്തിന്, ഇതുസംബന്ധിച്ച വിവരശേഖരണത്തിന് സര്‍ക്കാരിനു പ്രത്യേക ഏജന്‍സികള്‍ ഇല്ലെന്നും ഇതുസംബന്ധിച്ച വ്യക്തമായ കണക്ക് തങ്ങളുടെ കൈവശമില്ലെന്നുമായിരുന്നു ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നത്. ഇതിനു പിന്നാലെയാണ് കോടതി ഇതുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ രണ്ടുമാസത്തെ കാലാവധി നല്‍കിയിരിക്കുന്നത്. ക്രിമിനല്‍ കേസുകളില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ രാഷ്ട്രീയക്കാര്‍ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കേസില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി മാര്‍ച്ച് ഏഴിലേക്ക് മാറ്റി. അതേസമയം, വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളില്‍ സുപ്രിംകോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും.  ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികളില്‍ അടുത്ത മാസം 17മുതല്‍ അന്തിമ വാദം കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എം ഖാന്‍വില്‍കര്‍, അശോക് ഭൂഷണ്‍, എ കെ സിക്രി എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തീരുമാനിച്ചു. വിവിധ സര്‍ക്കാര്‍ സേവനങ്ങളുടെയും ക്ഷേമപദ്ധതികളുടെയും പ്രയോജനം ലഭിക്കുന്നതിനായി ആധാറുമായി ബന്ധിപ്പിക്കുന്നത് മാര്‍ച്ച് 31 വരെ നീട്ടാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി നീട്ടുന്ന കാര്യം ബെഞ്ചിന് പരിഗണിക്കാവുന്നതാണെന്നും വേണുഗോപാല്‍ കോടതിയെ അറിയിച്ചു.

RELATED STORIES

Share it
Top