വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍; കൊച്ചി മെട്രോയ്ക്ക് ഓപണ്‍ ഡാറ്റ സംവിധാനം

കൊച്ചി: വിരല്‍ത്തുമ്പില്‍ യാത്രക്കാരന് വിവരങ്ങള്‍ ലഭ്യമാക്കുന്ന ഓപണ്‍ ഡാറ്റ സംവിധാനം കൊച്ചി മെട്രോയില്‍ നിലവില്‍ വന്നു. രാജ്യത്തെ മെട്രോകളില്‍ ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഒരുക്കുന്നത്. കൊച്ചി മെട്രോയുടെ വെബ്‌സൈറ്റില്‍ കയറി മെയില്‍ ഐഡി ഉപയോഗിച്ച് ഓപണ്‍ ഡാറ്റ സംവിധാനം ഉപയോഗപ്പെടുത്താന്‍ സാധിക്കും.
മെട്രോ ട്രെയിന്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും ഇതിലൂടെ ലഭ്യമാവും. ആദ്യപടിയായി എത്ര ട്രെയിനുകള്‍ ഓടുന്നുണ്ട്, ഏതൊക്കെ സമയത്താണ് പുറപ്പെടുന്നത്, വിവിധ സ്റ്റേഷനുകളില്‍ എത്തിച്ചേരുന്ന സമയം തുടങ്ങിയവയായിരിക്കും ലഭ്യമാവുക. പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് കെഎംആര്‍എല്‍ എംഡി എ പി എം മുഹമ്മദ് ഹനീഷ് പറഞ്ഞു. പടിപടിയായി ഓപണ്‍ ഡാറ്റ ആക്‌സസില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍ക്കും വിവരങ്ങള്‍ ലഭ്യമാവുമെങ്കിലും കനത്ത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഓപണ്‍ ഡാറ്റ സംവിധാനം ഒരുക്കിയിരിക്കുന്നത്. കെഎംആര്‍എല്‍ ഓഫിസില്‍ നടന്ന ചടങ്ങില്‍ സ്മാര്‍ട്ട്‌സിറ്റി സിഇഒ മനോജ് നായര്‍ ഓപണ്‍ ഡാറ്റ ആക്‌സസ് പുറത്തിറക്കി. ചടങ്ങില്‍ കൊച്ചി മെട്രോ വെബ്‌സൈറ്റിന്റെ റീ ലോഞ്ചിങും ബുക്ക്‌ലെറ്റ് മാസികയുടെ പ്രകാശനവും കെഎംആര്‍എല്‍ എംഡി നിര്‍വഹിച്ചു. ബുക്ക്‌ലെറ്റ് മാസിക ഒ പി അഗര്‍വാള്‍ ഏറ്റുവാങ്ങി.

RELATED STORIES

Share it
Top