വിഴിഞ്ഞം: സിഎജി കണ്ടെത്തലുകള്‍ അവസാന വാക്കല്ല- കമ്മീഷന്‍

കൊച്ചി: ഭരണഘടനാ സ്ഥാപനമാണെങ്കിലും സിഎജിയുടെ കണ്ടെത്തലുകള്‍ അവസാന വാക്കല്ലെന്ന് തുറമുഖ നിര്‍മാണ ക്രമക്കേടുകള്‍ അന്വേഷിക്കുന്ന വിഴിഞ്ഞം ജുഡീഷ്യല്‍ കമ്മീഷന്‍. സിഎജി റിപോര്‍ട്ടിന്‍മേല്‍ നടപടിയെടുക്കുന്നതിന് സര്‍ക്കാരിന് പോലും കാര്യമായ റോളില്ല. അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനുള്ള അവകാശം പാര്‍ലമെന്ററി അക്കൗണ്ട്‌സ് കമ്മിറ്റി(പിഎസി)ക്കാണ്.
കേരളത്തെ സംബന്ധിച്ചാവുമ്പോള്‍ നിയമസഭാ സമിതിക്കാണ് ഈ അധികാരം. സിഎജി റിപോര്‍ട്ട് തള്ളിക്കളയുകയോ സ്വീകരിക്കുകയോ ചെയ്യാനുള്ള അധികാരം പിഎസിക്കുണ്ടെന്നും കമ്മീഷന്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനായി ഏറ്റെടുത്തു നല്‍കിയ ഭൂമി പണയപ്പെടുത്തുന്നതു സംബന്ധിച്ചതടക്കമുള്ള വ്യവസ്ഥകളോട് കമ്മീഷന് പൂര്‍ണമായും വിയോജിപ്പാണ് ഉള്ളതെന്ന് ചെയര്‍മാന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. സര്‍ക്കാര്‍ സ്വകാര്യ സംയുക്ത സംരംഭങ്ങളിലെ ഭൂമി പണയ വ്യവസ്ഥകള്‍ സംബന്ധിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ സമാഹരിച്ചു നല്‍കണമെന്ന് കമ്മീഷന്‍ ഗവ. പ്രോസിക്യൂട്ടര്‍ക്ക് നിര്‍ദേശവും നല്‍കി.
തുറമുഖ നിര്‍മാണത്തിനായി രൂപീകരിച്ച വിഎസ്‌ഐഎല്‍ കമ്പനി അധികൃതര്‍, കേരളത്തിനുവേണ്ടി അദാനി ഗ്രൂപ്പുമായി കരാര്‍ ഒപ്പുവച്ച മുന്‍ ഗവ. പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ് എന്നിവര്‍ സിഎജി റിപോര്‍ട്ടിനെ പ്രതിരോധിച്ചുകൊണ്ടുള്ള അവരുടെ വിയോജനക്കുറിപ്പുകള്‍ ആദ്യ ദിനത്തില്‍ കമ്മീഷനു മുന്നില്‍ അവതരിപ്പിച്ചു. തുടര്‍ന്നുള്ള മൂന്നു ദിവസങ്ങളില്‍ അദാനി ഗ്രൂപ്പിന്റെ വാദമാണ് കമ്മീഷന്‍ കേട്ടത്. അത് ഇന്നലെ പൂര്‍ത്തിയാവേണ്ടതായിരുന്നു. എന്നാല്‍, ഭൂമി പണയ വ്യവസ്ഥകള്‍ സംബന്ധിച്ച കമ്മീഷന്റെ ആശങ്കള്‍ക്ക് തൃപ്തികരമായി മറുപടി പറയാന്‍ കൂടുതല്‍ സമയം വേണമെന്ന് അദാനി ഗ്രൂപ്പ് മുന്‍ സിഇഒയും ഉപദേശകനുമായ സന്തോഷ് മഹാപത്ര കമ്മീഷനോട് അഭ്യര്‍ഥിച്ചു. ഇതേ തുടര്‍ന്ന് അടുത്ത ആഴ്ചത്തെ സിറ്റിങില്‍ ഹാജരാവാന്‍ അദ്ദേഹത്തോട് കമ്മീഷന്‍ നിര്‍ദേശിച്ചു.
കമ്മീഷന്റെ നാല് ദിവസത്തെ മൂന്നാംഘട്ട സിറ്റിങ് അവസാനിച്ചു. അടുത്ത സിറ്റിങ് 23 മുതല്‍ 26വരെ കൊച്ചിയില്‍ നടക്കും. മെയ് 14ന് കമ്മീഷന്‍ ചെയര്‍മാന്‍ സി എന്‍ രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശം സന്ദര്‍ശിക്കും. 15ന് തൈക്കാട് ഗസ്റ്റ് ഹൗസില്‍ സിറ്റിങ് നടത്താനും ഇന്നലെ തീരുമാനിച്ചു.

RELATED STORIES

Share it
Top