വിഴിഞ്ഞം തുറമുഖനിര്‍മാണം പ്രതിസന്ധിയില്‍

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. കല്ലിന്റെ ക്ഷാമം മൂലമാണ് നിര്‍മാണ് പ്രതിസന്ധിയിലായത്. ആവശ്യമായ കല്ല് അടിയന്തരമായി ലഭിച്ചില്ലെങ്കില്‍ ജെട്ടിനിര്‍മാണം താത്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടി വരുമെന്ന് അധികൃതര്‍ പറഞ്ഞു. 3.2 കിലോമീറ്ററില്‍ നിര്‍മിക്കേണ്ട പുലിമുട്ടിന്റെ നിര്‍മാണം നിലച്ചു. 600 മീറ്ററാണ് ആകെ നിര്‍മിക്കാനായത്.
ഓഖി ചുഴലിക്കാറ്റില്‍ കടലിലുള്ള പുലിമുട്ടിന്റെ കാല്‍ഭാഗം തിരയടിയില്‍ തകര്‍ന്നിരുന്നു. 2019 ല്‍ പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കേണ്ട തുറമുഖനിര്‍മാണമാണ് പ്രതിസന്ധിയിലായത്. ജില്ലയിലെ പാറമടകളില്‍ നിന്ന് കല്ല് കിട്ടാത്തതും മറ്റ് സ്ഥലങ്ങളില്‍നിന്ന് പരിസ്ഥിതി ക്ലിയറന്‍സ് കിട്ടാത്തതുമാണ് കല്ലെത്തിക്കാന്‍ കഴിയാത്തതെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. കൂടാതെ പദ്ധതിപ്രദേശത്ത് ഉപയോഗിക്കേണ്ട കല്ലുകളുടെ നിലവാരവും ഉയര്‍ന്നതാവണം. ഇത്തരം കല്ലുകള്‍ കിട്ടാത്തതും കല്ലിന്റെ അമിതവിലയുമാണ് തുറമുഖ നിര്‍മാണത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
തുറമുഖത്തിന്റെ പുലിമുട്ടിന്റെ നിര്‍മാണം നിര്‍ത്തിവെച്ചിട്ട് മാസങ്ങളായി. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ജൂണില്‍ ഉദ്ഘാടനം ചെയ്ത ജെട്ടി നിര്‍മാണവും പൂര്‍ത്തീകരിക്കാനാവാത്ത സ്ഥിതിയിലാണ്. ഓഖി ചുഴലിക്കാറ്റില്‍ ഉണ്ടായ കൂറ്റന്‍ തിരമാലകള്‍ ജെട്ടിനിര്‍മാണവുമായി ബന്ധപ്പെട്ട പൈലിങ് യൂണിറ്റിനെ തകര്‍ത്തിരുന്നു. കടലും കരയുമായി ബന്ധിപ്പിച്ചിരുന്ന താല്‍ക്കാലിക റോഡും തിരയടിയില്‍ തകര്‍ന്നിരുന്നു. തുടര്‍ന്ന് ജനുവരിയില്‍ റോഡ് പുനര്‍ നിര്‍മിച്ച് ജെട്ടിയുടെ നിര്‍മാണം തുടങ്ങി.
കരയില്‍നിന്ന് ഒരു കിലോമീറ്ററോളം ദൂരത്തില്‍ കടല്‍ നികത്തിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായി നിര്‍മിക്കുന്ന തുറമുഖ ജെട്ടിയുടെ നിര്‍മാണവും പാതിവഴിയിലാണ്. ജെട്ടി നിര്‍മിക്കുന്നതിന് കടലില്‍ പൈലിങ് നടത്തി 132 തുറമുഖ തൂണുകള്‍ സ്ഥാപിച്ചു. എന്നാല്‍ ഈ തൂണുകളെ ശക്തമായ തിരയില്‍നിന്ന് പ്രതിരോധിക്കാന്‍ കല്ലിടണം. 20 മീറ്റര്‍ വരെ ആഴമുള്ള കടലിന്റെ അടിത്തട്ട് മുതല്‍ കല്ലടുക്കണം. വലുതും ചെറുതുമടക്കം ടണ്‍ കണക്കിന് കല്ലുകളാണ് വേണ്ടത്. നിശ്ചിത സമയത്തിനുള്ളില്‍ ജെട്ടി നിര്‍മാണത്തിന്റെ വിവിധഘട്ടങ്ങള്‍ പൂര്‍ത്തിയാക്കണം.
ഇക്കാരണത്താല്‍ പൈലിങ് നടത്തി നാല് ദിവസത്തിനു ശേഷം കോണ്‍ക്രീറ്റ് ഉപയോഗിച്ച് തൂണുകള്‍ സ്ഥാപിക്കുകയാണ്. കടല്‍ക്ഷോഭം വരുന്ന മാസങ്ങളാണ് ഇനിയുള്ളത്. അതിനുള്ളില്‍ പരമാവധി തൂണുകളിടാനാണ് ജെട്ടി നിര്‍മാണക്കമ്പനിയായ അഫ്‌കോണ്‍സ് ശ്രമിക്കുന്നത്.

RELATED STORIES

Share it
Top