വിഴിഞ്ഞം തുറമുഖം നിര്‍മാണക്കരാര്‍ വിശദമായി പരിശോധിക്കുന്നു

കൊച്ചി: വിഴിഞ്ഞം തുറമുഖം നിര്‍മാണക്കരാറില്‍ അദാനി ഗ്രൂപ്പിന് പ്രത്യേക പരിഗണന നല്‍കിയോ എന്നത് കൂടുതല്‍ വിശദമായി പരിശോധിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന്‍ തീരുമാനം. അതിനായി ടെന്‍ഡറില്‍ പങ്കെടുത്ത മറ്റു നാല് കമ്പനികളെ കൂടി കേള്‍ക്കാനാണ് ഇന്നലെ ആരംഭിച്ച നാലാംഘട്ട സിറ്റിങിലെ ആദ്യ ദിനത്തിലെ തീരുമാനം. ഇതിനായി നാലു കമ്പനികള്‍ക്കും  നോട്ടീസ് അയയ്ക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന്‍ ഉത്തരവിട്ടു.
ഇവര്‍ പത്ത് ദിവസത്തിനുള്ളില്‍ കമ്മീഷനു മുന്നില്‍ ഹാജരാവണം. അദാനി ഗ്രൂപ്പിന് വേണ്ടി എന്തെങ്കിലും ഇളവുകള്‍ നല്‍കിയതായി ഇവര്‍ക്ക് പരാതിയോ അഭിപ്രായമോ ഉണ്ടോയെന്ന് അറിയുന്നതിന് വേണ്ടിയാണ് കമ്പനികളുടെ അഭിപ്രായം തേടുന്നതെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. അദാനിയടക്കം അഞ്ച് കമ്പനികളാണ് ടെന്‍ഡറിന്റെ ആദ്യഘട്ടത്തില്‍ പങ്കെടുത്തത്. എന്നാല്‍, വ്യവസ്ഥകള്‍ ലഘൂകരിച്ചശേഷം അദാനി ഗ്രൂപ്പ് മാത്രമാണ് തുടര്‍ന്നത്. ഈ സാഹചര്യമാണ് പരിശോധിക്കുന്നത്.
മറ്റു കമ്പനികളെ പദ്ധതിയില്‍ നിന്നൊഴിവാക്കാന്‍ എന്തെങ്കിലും ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന ഗവ. പ്ലീഡറുടെ വാദം പരിഗണിച്ചാണ് കമ്മീഷന്‍ തീരുമാനം. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് നിരവധി കമ്പനികളാണ് യോഗ്യതാപത്രം നല്‍കിയത്. എന്നാല്‍,  അദാനി, എസ്സാര്‍, എസ്ആര്‍ഇഐ ഒഎച്ച്എല്‍ കണ്‍സോര്‍ഷ്യം എന്നീ കമ്പനികള്‍ മാത്രമാണ് യോഗ്യത നേടിയത്. അതില്‍ അദാനി ഗ്രൂപ്പ് മാത്രമാണ് ടെന്‍ഡറുമായി മുന്നോട്ടുപോയതെന്ന് കമ്പനിയുടെ മുന്‍ മേധാവി സുരേഷ് ബാബു അറിയിച്ചു. വിഴിഞ്ഞം കരാറിലെ ഭൂരിഭാഗം നിക്ഷേപവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നാണെന്ന കാര്യം പ്രഥമ  വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നോ എന്ന് കമ്മീഷന്‍ ആരാഞ്ഞു.
പണയാധാര കരാര്‍ സംബന്ധിച്ച വ്യവസ്ഥ ആദ്യ ടെന്‍ഡറില്‍ ഉണ്ടായിരുന്നുവെന്നും അദാനിക്കുവേണ്ടി കരാറില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും സുരേഷ്ബാബു വ്യക്തമാക്കി. ഇത്രയും ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കുമ്പോഴും പദ്ധതിക്ക് വേണ്ടി അദാനി ഗ്രൂപ്പ് എത്ര തുക ചെലവഴിക്കുമെന്ന കാര്യം വ്യക്തമല്ലെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു. സര്‍ക്കാരിന്റെ പണം ദുര്‍വിനിയോഗം ചെയ്തിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി തുറമുഖ നിര്‍മാണ കരാര്‍ സംബന്ധിച്ച എല്ലാ വസ്തുതകളും ക്രമപ്രകാരം കമ്മീഷനില്‍ ഹാജരാക്കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന് കമ്മീഷന്‍ നിര്‍ദേശം നല്‍കി. സിറ്റിങ് 26വരെയുണ്ടാവും.

RELATED STORIES

Share it
Top