വിഴിഞ്ഞം : ഡ്രഡ്ജിങ് ജോലികള്‍ 40% പൂര്‍ത്തിയായിതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖപദ്ധതിയുടെ ഡ്രഡ്ജിങ്് ആന്റ് റിക്ലമേഷന്‍ ജോലികള്‍ 40 ശതമാനം പൂര്‍ത്തിയായെന്നു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിയമസഭയില്‍ അറിയിച്ചു. ബ്രേക്ക് വാട്ടര്‍ നിര്‍മാണത്തിനാവശ്യമായ താല്‍ക്കാലിക റോഡിന്റെ നിര്‍മാണവും ബ്രേക്ക് വാട്ടറിന്റെ കരയില്‍ നിന്ന് 565 മീറ്റര്‍ നീളമുള്ള ഭാഗത്തിന്റെ കോര്‍ നിര്‍മാണവും ഇതോടൊപ്പം പൂര്‍ത്തിയായി വരുന്നു. പദ്ധതി പ്രദേശത്തിന്റെ ചുറ്റുമതില്‍ നിര്‍മാണം 800 മീറ്റര്‍ പൂര്‍ത്തീകരിച്ചു. തൊഴില്‍ നഷ്ടപ്പെടുന്ന 211 റിസോര്‍ട്ട് തൊഴിലാളികള്‍ക്കും രണ്ടാംഘട്ട റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 143 മല്‍സ്യത്തൊഴിലാളികള്‍ക്കും ഉള്ള നഷ്ടപരിഹാരം വിതരണം ചെയ്തുവരുന്നു. പദ്ധതി നടത്തിപ്പിനായി 200 കോടി രൂപ അദാനി വിഴിഞ്ഞം പ്രൊജക്റ്റ് കമ്പനിക്ക് നല്‍കി. ബാഹ്യാടിസ്ഥാന സൗകര്യവികസനത്തിനായി ദേശീയപാത 66 ആയി തുറമുഖത്തിനെ ബന്ധിപ്പിക്കുന്ന നാലുവരിപ്പാതയ്ക്കാവശ്യമായ ഭൂമി ഏറ്റെടുത്ത് കൈമാറി. തിരുവനന്തപുരം നാഗര്‍കോവില്‍ റെയില്‍പ്പാതയെ തുറമുഖവുമായി ബന്ധിപ്പിക്കുന്ന 12 കിലോമീറ്റര്‍ നീളമുള്ള റെയില്‍പ്പാതയുടെ നിര്‍മാണത്തിനു ധാരണാപത്രം ഒപ്പുവച്ച് തുടര്‍നടപടി സ്വീകരിച്ചു. മണ്ണുപരിശോധന, സര്‍വേ, ബ്രേക്ക് വാട്ടറിനെ ബന്ധിപ്പിക്കുന്ന റോഡിന്റെ നിര്‍മാണം എന്നിവ പൂര്‍ത്തിയായി. ശേഷിക്കുന്ന ഡ്രഡ്ജിങ് ആന്റ് റിക്ലമേഷന്‍ ജോലികള്‍, ബ്രേക്ക് വാട്ടറിന്റെ നിര്‍മാണം, ക്രെയിനുകളുടെ ഉറപ്പിക്കല്‍ എന്നിവയാണു തുറമുഖപദ്ധതിയുടെ അവശേഷിക്കുന്ന പ്രധാന ജോലികളെന്നും മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top