വിഴിഞ്ഞം കരാര്‍ : ഏതന്വേഷണവും നേരിടാം - ഉമ്മന്‍ചാണ്ടികണ്ണൂര്‍: വിഴിഞ്ഞം കരാറിന്റെ പൂര്‍ണ ഉത്തരവാദിത്തം തനിക്ക് തന്നെയാണെന്നും സിഎജി റിപോര്‍ട്ടിന്റെ പേരില്‍ ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് കരാര്‍ നല്‍കിയത്. കരാറിന്റെ പേരില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കില്ല. സമര്‍ഥരായ ഉദ്യോഗസ്ഥരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന താല്‍പര്യം കണക്കിലെടുത്താണ് കരാര്‍ ഒപ്പിട്ടത്. കുളച്ചല്‍ തുറമുഖ കരാറുമായാണു വിഴിഞ്ഞം കരാറിനെ സിഎജി താരതമ്യപ്പെടുത്തുന്നത്. കുളച്ചല്‍ പദ്ധതിയുടെ പ്രൊജക്റ്റ് എസ്റ്റിമേറ്റ് തയ്യാറായിട്ടില്ല. ടെന്‍ഡര്‍ നടപടിപോലും ആകാത്ത പദ്ധതിയുമായി നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വിഴിഞ്ഞം പദ്ധതിയെ എങ്ങനെ താരതമ്യപ്പെടുത്തും. വിഴിഞ്ഞത്തിന്റെ കരാര്‍ കാലാവധി 40 വര്‍ഷമാക്കിയതിനെ സിഎജി വിമര്‍ശിക്കുന്നു. കേന്ദ്ര ആസൂത്രണ ബോര്‍ഡ് അംഗീകരിച്ച മോഡല്‍ കണ്‍സഷന്‍ എഗ്രിമെന്റില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥപ്രകാരമാണ് 40 വര്‍ഷമാക്കിയത്.  ആസൂത്രണ കമ്മീഷന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ചു തന്നെയാണ് 40 വര്‍ഷമെന്ന വ്യവസ്ഥ അംഗീകരിച്ചത്. റിപോര്‍ട്ട് വരുന്നതിനു രണ്ടുദിവസം മുമ്പ് വി എസ് അച്യുതാനന്ദന്‍ ആരോപണമുന്നയിച്ചത് എവിടെനിന്നു ലഭിച്ച വിവരം അനുസരിച്ചാണെന്ന് തനിക്ക് അറിയില്ലായെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top