വിള തിന്നുന്ന വേലിയായി മെഡിക്കല്‍ കോളജ്‌

റജീഷ് കെ സദാനന്ദന്‍
മഞ്ചേരി: ഡെങ്കിപ്പനിയും മറ്റു പകര്‍ച്ചവ്യാധികളും പിടിമുറുക്കുമ്പോള്‍ സാധാരണക്കാരുടെ ആശ്രയ കേന്ദ്രമാവേണ്ട മഞ്ചേരി മെഡിക്കല്‍ കോളജ് രോഗപ്രഭവകേന്ദ്രമാവുന്നു. മാലിന്യപ്രശ്‌നം അതിരൂക്ഷമായ ആതുരാലയാന്തരീക്ഷം ഒരു രോഗത്തിനു ചികില്‍സ തേടിയെത്തുന്നവരെ മറ്റു കൊതുകുജന്യ രോഗങ്ങള്‍ക്കുകൂടി അടിപ്പെടുത്തുന്ന നിലയിലാണ്. അത്യാഹിത വിഭാഗവും വാര്‍ഡുകളും ആയിരക്കണക്കിനു രേഗികളെത്തുന്ന ഒപികളും കൊതുകുമുക്തമല്ല. വിസര്‍ജ്യ മാലിന്യംപോലും ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ സംവിധാനമില്ലാത്ത ആതുരാലയ പരിസരം തീര്‍ത്തും രോഗാതുരമാണ്. അത്യാഹിത വിഭാഗത്തിനു പിറകിലുള്ള സെപ്റ്റിക് ടാങ്ക് തകര്‍ന്ന് മാലിന്യം പുറത്തേക്കൊഴുകാന്‍ തുടങ്ങിയിട്ട് രണ്ടു വര്‍ഷം പിന്നിട്ടു. മഴ ശക്തിയാര്‍ജിക്കുമ്പോള്‍ ടാങ്കില്‍നിന്നു കവിഞ്ഞൊഴുകുന്ന മാലിന്യം ആശുപത്രി പരിസരത്ത് പരക്കുകയാണ്.
ഇതുയര്‍ത്തുന്ന ദുര്‍ഗന്ധവും ചെറുതല്ല. വിസര്‍ജ്യ മാലിന്യം സംഭരിക്കുന്ന ടാങ്കില്‍ നിന്നു ഇവ ഒഴുകുന്നത് സമീപത്തെ ഓടയിലേക്കാണ്. ഇത് ചെന്നെത്തുന്നത് ആശുപത്രിയിലേക്കുള്ള പ്രധാന പാതയോരത്തെ അഴുക്കുചാലിലേക്കും. യഥാസമയം ഓട ശുചിയാക്കല്‍ നടക്കാത്തിനാല്‍ അടഞ്ഞുപോയ ഓടയിലെ മാലിന്യം റോഡില്‍ പരന്നൊഴുകുന്നത് ഇതുവഴി പോവുന്നവര്‍ക്കും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലുള്ളവര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും മെഡിക്കല്‍, നഴ്‌സിഗ് വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ വെല്ലുവിളി തീര്‍ക്കുന്നു. രോഗങ്ങള്‍ പടരാനുള്ള സാധ്യത തടയാന്‍ പൊതുജനങ്ങള്‍ നേരിട്ടു രംഗത്തിറങ്ങണമെന്ന് ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും ആവര്‍ത്തിച്ച് ആഹ്വാനം ചെയ്യുന്ന സാഹചര്യത്തിലാണ് ഈ സ്ഥിതി ആശങ്കയുയര്‍ത്തുന്നത്.
മഞ്ചേരി നഗരസഭയിലും പരിസര ഗ്രാമങ്ങളിലും ഡെങ്കിപ്പനിയടക്കം പകര്‍ച്ചവ്യാധി ഭീഷണി ശക്തമാണ്. രണ്ടാഴ്ചയ്ക്കകം ഡെങ്കി ബാധിച്ച് രണ്ടു മരണങ്ങളാണ് നഗരസഭ പരിധിയില്‍ റിപോര്‍ട്ടു ചെയ്തത്. പ്രാധമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നടക്കം വിദഗ്ധ ചികില്‍സയ്ക്ക് രോഗികളെത്തുന്ന ആതുരാലയാണ് രോഗബാധയ്ക്ക് പ്രധാന കാരണമാവുന്ന നിലയില്‍ തുടരുന്നത്. പകര്‍ച്ചപ്പനി ഭീഷണിയായതോടെ മെഡിക്കല്‍ കോളജിലാരംഭിച്ച പ്രത്യേക പനി ക്ലിനിക്കില്‍ ദിവസവും ചികില്‍സതേടുന്നത് ശരാശരി 200ല്‍പരം രോഗികളാണ്.
ഇവര്‍ക്കു പുറമെ മറ്റു ചികില്‍സാവിഭാഗങ്ങളിലും ആയിരങ്ങള്‍ എത്തുന്നു. രോഗികളും ഒപ്പമെത്തുന്നവരും ആതുരാലയ പരിസരത്തെ മാലിന്യകടമ്പതാണ്ടി വേണം ചികില്‍സ തേടാന്‍. ആശുപത്രിയില്‍ അനുഭവപ്പെടുന്ന കൊതുകു ശല്യവും ദുര്‍ഗന്ധവും വ്യാപക പരാതികള്‍ക്കിടയാക്കുന്നുണ്ട്. പ്രത്യേക പരിചരണം ആവശ്യമായ നവജാത ശിശുക്കളും അമ്മമാരും കഴിയുന്ന പ്രസവ വാര്‍ഡിലടക്കം കൊതുകു ശല്യം അതിരൂക്ഷമാണ്.
സ്ഥലപരിമിതിയാല്‍ വരാന്തകളില്‍പോലും ചോരക്കുഞ്ഞുങ്ങളുമായി കിടക്കുന്ന അമ്മമാരും കൂട്ടിരിപ്പുകാരും കുഞ്ഞുങ്ങളെപോലും സംരക്ഷിക്കാനാവാത്ത ഗതികേടിലാണ്. മറ്റു വാര്‍ഡുകളിലും സ്ഥിതി വ്യത്യസ്തമല്ല. ഒപി സമയം കഴിഞ്ഞാല്‍ അത്യാഹിത വിഭാഗത്തിലാണ് രോഗികള്‍ പ്രധാനമായും ചികില്‍സയ്‌ക്കെത്തുന്നത്. അനുദിനം ആയിരങ്ങള്‍ ചികില്‍സ തേടുന്ന അത്യാഹിത വിഭാഗത്തിലാണ് സ്ഥിതി ഏറെ സങ്കീര്‍ണം. ഊഴം കാത്തുനില്‍ക്കുന്ന രോഗികള്‍ കൊതുകുകളില്‍നിന്നു രക്ഷപ്പെടാന്‍ സ്വയം ഉപായങ്ങള്‍ കണ്ടെത്തണം. പകര്‍ച്ചാ സാധ്യതയുള്ള വിവിധ രോഗങ്ങളുമായെത്തുന്നവര്‍ക്കൊപ്പം വേണം അപകടങ്ങളില്‍ പരിക്കേറ്റവരും ചികില്‍സ തേടാന്‍.
ജില്ലാ ആശുപത്രിയുടെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി മെഡിക്കല്‍ കോളജ് ആരംഭിച്ചതിന്റെ ദുരന്തം പേറേണ്ട ഗതികേടാണ് ഇവിടെ രോഗികളും ജീവനക്കാരും നേരിടുന്നത്. ഇക്കാര്യങ്ങളില്‍ ഉയരുന്ന പരാതികള്‍ സാങ്കേതിക പ്രശ്‌നങ്ങളുയര്‍ത്തി അവഗണിക്കുകയാണ് മാറി മാറി വന്ന ഭരണകൂടങ്ങളെന്ന ആക്ഷേപവും ശക്തമാണ്.
(തുടരും)

RELATED STORIES

Share it
Top