വിളവെടുപ്പ് അടുക്കാറായപ്പോള്‍ കുരുമുളകിന് വിലയിടിവ്‌

തോമസ് ജോസഫ്കട്ടപ്പന: വിളവെടുപ്പ് അടുക്കാറായപ്പോള്‍ കുരുമുളകിന്റെ വില കുത്തനെ ഇടിയുന്നത് കര്‍ഷകരെ ആശങ്കയിലാക്കുന്നു. മകരം, കുംഭം, മീനം, മേടം മാസങ്ങളാണ് കുരുമുളകിന്റെ വിളവെടുപ്പ് സീസണ്‍. ജീരകമുണ്ടി, വെള്ളമുണ്ടി തുടങ്ങിയവയുടെ വിളവെടുപ്പ് മകരം, കുംഭം മാസങ്ങളും കരിമുണ്ട, നീലമുണ്ടി, പന്നിയൂര്‍ 1 മുതലായവയുടെത് മീനം, മേടം മാസങ്ങളുമാണ്. കഴിഞ്ഞ സീസണില്‍ 700 രൂപ വരെയെത്തിയ കുരുമുളകിന്റെ ഇപ്പോഴത്തെ വില 380 മുതല്‍ 400 വരെയാണ്. രണ്ടുവര്‍ഷം മുമ്പ് 730 രൂപയ്ക്കുവരെ വില്‍പന നടന്നതിനാല്‍ ഇത്തവണ കാര്യമായ വിലവര്‍ധന ഉണ്ടാവുമെന്ന വിശ്വാസത്തില്‍ കുരുമുളക് സംഭരിച്ചുവച്ച കര്‍ഷകര്‍ക്ക് വിലയിടിവ് കനത്ത ആഘാതമായി. വിലത്തകര്‍ച്ച തുടര്‍ന്നപ്പോള്‍ പലരും കിട്ടിയ വിലയ്ക്ക് ഉല്‍പന്നം വില്‍ക്കേണ്ട ഗതികേടിലാവുകയും ചെയ്തു. മെച്ചപ്പെട്ട വില പ്രതീക്ഷിച്ച് ഉല്‍പന്നം കാത്തിരുന്നവര്‍ ഇപ്പോള്‍ കടക്കെണിയിലായിരിക്കുകയാണ്. വില ഉയരുമെന്ന പ്രതീക്ഷയില്‍ ഉള്ള സ്വര്‍ണം പണയംവച്ചും പട്ടയം പണയംവച്ച് ബാങ്കില്‍നിന്ന് ലോണ്‍ എടുത്തും പിടിച്ചുനിന്നവരാണ് കടക്കെണിയിലായിട്ടുള്ളത്. കഴിഞ്ഞ സീസണില്‍ ഇന്‍ഡ്യയില്‍ ഉല്‍പാദനം കുറഞ്ഞതിനാല്‍ ഇറക്കുമതി വര്‍ധിച്ചതാണ് വിലത്തകര്‍ച്ചയ്ക്ക് വഴിയൊരുക്കിയതെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഗുണനിലവാരം കുറഞ്ഞ കുരുമുളക് വില കുറച്ച് ലഭ്യമായതിനാല്‍ നല്ല ഗുണനിലവാരം ഉണ്ടായിട്ടും കേരളത്തില്‍നിന്നുള്ള കുരുമുളകിന് ഡിമാന്‍ഡ് ഇല്ലാതായി. കാലാവസ്ഥാ വ്യതിയാനവും വിവിധ രോഗങ്ങളും കഴിഞ്ഞ സീസണില്‍ കുരുമുളക് ഉല്‍പാദനത്തെ പ്രതികൂലമായി ബാധിച്ചതിനാല്‍ ഉല്‍പാദനത്തില്‍ 30 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. ഇതിനെ മറികടക്കാന്‍ ഇറക്കുമതി വര്‍ധിപ്പിച്ചതാണ് വില കുത്തനെ ഇടിയാന്‍ കാരണമായത്. സാര്‍ക്ക് രാജ്യങ്ങളില്‍നിന്ന് കുരുമുളക് ഇറക്കുമതി ചെയ്യുന്നതിന് നികുതിയില്‍ ഏറെ ഇളവുകളുണ്ട്. അതിന്റെ ആഘാതം കുരുമുളക് കര്‍ഷകരെ വലയ്ക്കുന്നു. വിയറ്റ്‌നാം, ശ്രീലങ്ക എന്നിവിടങ്ങളില്‍നിന്നെല്ലാം രാജ്യത്തേക്ക് കുരുമുളക് ഇറക്കുമതി ചെയ്യുന്നുണ്ട്. ശ്രീലങ്കയില്‍നിന്നുള്ള ഇറക്കുമതിയാണ് രാജ്യത്തെ കുരുമുളക് വിപണിയെ തകര്‍ക്കുന്നത്. വിയറ്റ്‌നാമില്‍നിന്ന് ഇന്ത്യയിലേക്ക് 56 ശതമാനം നികുതിയില്‍ കുരുമുളക് ഇറക്കുമതി ചെയ്യാനാണ് അനുമതി. എന്നാല്‍, കൊളംബോയിലൂടെ എട്ടു ശതമാനം നികുതിയില്‍ ഇറക്കുമതി ചെയ്യുന്നതാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്. ഗുണനിലവാരം തീരെ കുറവാണെങ്കിലും കാര്യമായ പരിശോധനയൊന്നും കൂടാതെയാണ് ഇത് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നതെന്നും പറയുന്നു. കേരളത്തില്‍നിന്നുള്ള കര്‍ഷകര്‍ കുടിയേറി പാര്‍ക്കുന്ന കര്‍ണാടകത്തില്‍ കുരുമുളക് കൃഷി കാര്യമായി പുരോഗമിക്കുകയാണ്. തൊഴിലാളികളുടെ കൂലിനിരക്ക് അവിടെ കുറവായതും  രാസവളം, കീടനാശിനി മുതലായവയുടെ വിലക്കുറവുമെല്ലാം നമ്മുടെ കുരുമുളകിനോട് മല്‍സരിക്കാന്‍ അവരെ കൂടുതല്‍ പ്രാപ്തരാക്കിയിട്ടുണ്ട്.നമ്മുടെ കുരുമുളകിലും കുറഞ്ഞ വിലയില്‍ കര്‍ണാടകയില്‍നിന്ന് കുരുമുളക് വിപണിയില്‍ എത്തുന്നതും വില ഉയരാതിരിക്കാന്‍ കാരണമാവുന്നുണ്ട്.

RELATED STORIES

Share it
Top