വിളകള്‍ക്ക് വിലത്തകര്‍ച്ച; നട്ടെല്ലൊടിഞ്ഞ് ഇടുക്കി

ഇടുക്കി: കാര്‍ഷികവിളകളുടെ കടുത്ത വിലത്തകര്‍ച്ചയില്‍ നട്ടെല്ലൊടിഞ്ഞ് ഇടുക്കി ജില്ലയിലെ കര്‍ഷകര്‍. ഇതോടെ, വ്യാപാരമേഖല ഏറെക്കുറെ സ്തംഭിച്ചമട്ടാണ്. ഭൂമിയുടെ ക്രയവിക്രയങ്ങള്‍ തീരെയില്ലാതായി. സ്വര്‍ണവും പട്ടയവും ഈടുവച്ചു വായ്പയെടുക്കുന്നവരുടെ എണ്ണം കൂടിയതോടെ ബാങ്കുകള്‍ക്കാണ് ഇപ്പോള്‍ ചാകര. കാര്‍ഷിക പ്രതിസന്ധി തുടര്‍ന്നാല്‍ അത് ദുരന്തങ്ങളിലേക്കാവും വഴിമാറുക. തൊഴില്‍ രംഗവും നിര്‍മാണ മേഖലയും നിശ്ചലമാണ്.
മൂന്നുവര്‍ഷം മുമ്പ് കിലോയ്ക്ക് 740 രൂപ വിലയുണ്ടായിരുന്ന കുരുമുളകിന്റെ ഇപ്പോഴത്തെ വില 380-395 രൂപയാണ്. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ കുരുമുളകു വില ഇത്രയും താഴെയാവുന്നത് ഇതാദ്യം. തൊഴിലാളികള്‍ക്കു കൂലി നല്‍കാന്‍പോലും ഇപ്പോഴത്തെ വിലകൊണ്ടു സാധിക്കാത്തതിനാല്‍ പലയിടത്തും കൃഷിക്കാര്‍ തൊഴിലാളികളെ ഒഴിവാക്കുകയാണ്. ഇതു വിളവെടുപ്പില്‍ കാലതാമസമുണ്ടാക്കുകയും മുളകുതിരികള്‍  കൊഴിയുന്നതിനും കാരണമാകുന്നു. മുളക് വാങ്ങാന്‍ ചെറുകിട വ്യാപാരികള്‍ തയാറാവാത്തതും കര്‍ഷകരെ ദുരിതത്തിലാക്കുന്നു.
കുറഞ്ഞ വിലയ്ക്കു വിയറ്റ്‌നാം, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് കുരുമുളക് ഇറക്കുമതി ചെയ്യുന്നതിനാലാണു വില ഇത്രയും താഴെ പോയതെന്നാണു വ്യാപാരികള്‍ പറയുന്നത്. കര്‍ണാടകയില്‍നിന്നുള്ള വലുപ്പം കൂടിയ കുരുമുളകിന് ഈ വിപണികളില്‍ പ്രിയമേറിയതോടെയാണു കേരളത്തിലെ കുരുമുളകിനു വിലയിടിഞ്ഞത്. കാര്‍ഷിക വിളകളില്‍ ഏലത്തിനു മാത്രമാണു മെച്ചപ്പെട്ട വിലയുള്ളത്. പഴയ ഏലക്കായ്ക്കു കിലോയ്ക്ക് 1000 രൂപയും എടുപ്പു കായ്ക്ക് 950 രൂപ വരെയും വില ലഭിക്കുന്നുണ്ട്. വേനലാരംഭിച്ചതോടെ ഉല്‍പാദനം പകുതിയിലധികം കുറഞ്ഞെങ്കിലും വിലയില്‍ അല്‍പം പോലും ഉയര്‍ച്ചയില്ലാത്തതു കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഈ ആഴ്ചയോടെ സീസണിലെ അവസാനവട്ട വിളവെടുപ്പും പൂര്‍ത്തിയാവും.
കാപ്പിയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. വന്‍ വിലയിടിവാണുണ്ടാവുന്നത്. റോബസ്റ്റ ഇനത്തിനു കിലോയ്ക്ക് 64, അറബി ഇനത്തിന് 78 രൂപയുമാണു വില. കഴിഞ്ഞ സീസണില്‍ ഇതിനു യഥാക്രമം 75 ഉം 85 ഉം വിലയുണ്ടായിരുന്നു. ഉല്‍പാദന വര്‍ധനമൂലം കര്‍ണാടകയില്‍നിന്നു അറബി ഇനം കാപ്പിക്കുരു വിലകുറച്ചു വ്യാപാരികള്‍ വാങ്ങുന്നതാണ് ഇപ്പോഴത്തെ വിലക്കുറവിനു കാരണമെന്നാണു സൂചന. വിളവെടുപ്പു പോലും മുതലാകാതെവന്നതോടെ പല കര്‍ഷകരും കാപ്പിക്കൃഷി ഉപേക്ഷിച്ചു.
വിലക്കുറവിനൊപ്പം ഉല്‍പാദനത്തിലുണ്ടായ തകര്‍ച്ചയും ജാതിക്കര്‍ഷകരുടെ ദുരിതം ഇരട്ടിയാക്കി. മൂപ്പെത്താതെ പൊഴിയുന്ന ജാതിക്കായ് ഉണങ്ങിയതിനു 125 രൂപയാണു വിപണിയില്‍ വില. പാകമായ ജാതിക്ക് 220 രൂപ വരെയെ ലഭിക്കുന്നുള്ളൂ. കഴിഞ്ഞ വര്‍ഷം 300 രൂപ വരെ ജാതിക്കു വില ലഭിച്ചിരുന്നു. ജാതിപത്രിക്ക് 850 രൂപ മുതല്‍ 1100 വരെ വില ലഭിക്കുന്നുണ്ട്. മഞ്ഞുവീഴ്ചയും പട്ടമരപ്പും ജാതിപത്രിയുടെ ഉല്‍പാദനത്തില്‍ കുറവുണ്ടാക്കി. ഗ്രാമ്പൂ കൃഷി ഉല്‍പാദനക്കുറവുമൂലം പ്രതിസന്ധിയിലാണ്. കിലോയ്ക്ക് 670 രൂപ വരെ വിലയുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉല്‍പാദനം അഞ്ചിലൊന്നായി ചുരുങ്ങിയെന്നു കര്‍ഷകര്‍ പറയുന്നു.
വിളകള്‍ക്കും വിലയിടിയുന്നത് പ്രതിസന്ധിയുണ്ടാക്കുമ്പോഴും കര്‍ഷകര്‍ക്കു താങ്ങാവാന്‍ സര്‍ക്കാരോ പ്രാദേശിക സര്‍ക്കാര്‍ സംവിധാനങ്ങളോ നടപടി സ്വീകരിക്കുന്നില്ല എന്നത്  ആശങ്കവര്‍ധിപ്പിക്കുകയാണ്. വരുനാളുകളില്‍ ഇടുക്കിയിലെ കര്‍ഷകരെ കടുത്ത കടത്തിലേക്കു തള്ളിവിടുന്ന സ്ഥിതിയാവുമുണ്ടാവുക.

RELATED STORIES

Share it
Top