വില നിര്‍ണയിക്കുന്നത് കേന്ദ്രസര്‍ക്കാരെന്ന് വ്യക്തമായി: മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: കര്‍ണാടക തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നിര്‍ത്തിവച്ചിരുന്ന ഇന്ധനവില വര്‍ധന പുനരാരംഭിച്ചു. ഇതോടെ വില നിര്‍ണയിക്കുന്നത് കേന്ദ്രസര്‍ക്കാരാണെന്നു വ്യക്തമായെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പ്രതികരിച്ചു.
കേന്ദ്രം നഷ്ടപരിഹാരം നല്‍കിയാല്‍ ഇന്ധനനികുതി സംസ്ഥാനം കുറയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചസാരയ്ക്ക് മൂന്നുശതമാനം സെസ്സ് നല്‍കുന്നതിനെ കേരളം എതിര്‍ക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
19 ദിവസത്തെ ഇടവേളയ്ക്കുശേഷമാണു പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിലെ ജനരോഷം ഭയന്ന് കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയതോടെ ഏപ്രില്‍ 26 മുതല്‍ പെട്രോള്‍, ഡീസല്‍ വില എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നില്ല. ഏപ്രില്‍ 26 മുതല്‍ പ്രതിദിന വിലനിര്‍ണയരീതിയനുസരിച്ച് പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടുരൂപയ്ക്കടുത്ത് വര്‍ധിക്കേണ്ടതായിരുന്നു.
ഇക്കാലയളവില്‍ അന്താരാഷ്ട്രതലത്തില്‍ പെട്രോള്‍ വില ബാരലിന് 2.9 ഡോളറും ഡീസല്‍ വില 2.64 ഡോളറും കൂടിയിട്ടുണ്ട്. ഇതിന് ആനുപാതികമായ വര്‍ധനയാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്. വരുംദിവസങ്ങളിലായി നഷ്ടം നികത്തുന്നതിനുള്ള വിലവര്‍ധന ഉണ്ടാവുമെന്നാണു സൂചന.

RELATED STORIES

Share it
Top