വില്‍പനയ്ക്കായി എത്തിച്ച ബ്രൗണ്‍ഷുഗറുമായി യുവാവ് പിടിയില്‍

വടകര: വില്‍പനയ്ക്കായി എത്തിച്ച ബ്രൗണ്‍ഷുഗറുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. കണ്ണൂര്‍ മുഴുപ്പിലങ്ങാട് ബീച്ചില്‍ വയലില്‍ ഹൗസില്‍ ഖാസിം(31)നെയാണ് വടകര എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പിഎം അനില്‍കുമാറും സംഘവും പിടികൂടിയത്.
ഇയാളുടെ കയ്യില്‍ നിന്നും 5.76 ഗ്രാം ബ്രൗണ്‍ഷുഗര്‍ പിടിച്ചെടുത്തു. വെള്ളിയാഴ്ച വൈകീട്ട് ദേശീയപാതയില്‍ കൈനാട്ടിയില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ബൈക്കിലെത്തിയ പ്രതിയെ പിടികൂടിയത്. ഇയാള്‍ ഓടിച്ചിരുന്ന കെഎല്‍58 എസ് 9574 പള്‍സര്‍ ബൈക്കും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. പ്രതിയായ ഖാസിം മുമ്പും ബ്രൗണ്‍ഷുഗറമായി പിടിക്കപ്പെട്ട കേസില്‍ ഒരു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചയാളാണെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.
മാത്രമല്ല ഇയാള്‍ ലഹരി വസ്തുക്കള്‍ വ്യാപകമായ രീതിയില്‍ വില്‍പന നടത്തുന്നയാളാണ്. ഇന്നലെ ഇയാളില്‍ നിന്നും പിടിച്ചെടുത്ത ബ്രൗണ്‍ഷുഗറിന് മാര്‍ക്കറ്റില്‍ അമ്പതിനായിരം രൂപ വരെ ലഭിക്കുമെന്നാണ് എക്‌സൈസ് സംഘം പറയുന്നത്. വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വില്‍പനയില്‍പെട്ടയാളാണ് ഇയാളെന്നും എക്‌സൈസ് അറിയിച്ചു.
വടകര ജുഡീഷ്യല്‍ ഫസ്റ്റക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വാഹന പരിശോധനയ്ക്ക് എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍മാരായ മോഹന്‍ദാസ്, ഷൈജു, സിഇഒ മാരായ അനീഷ്, സുധീര്‍, ഉനൈസ്, ജിജു എന്നിവരും പങ്കെടുത്തു.

RELATED STORIES

Share it
Top