വില്‍ഡേഴ്‌സിന്റെ പുതിയ ഭ്രാന്ത്‌

ഡോ. മന്‍സൂര്‍ ആലംസ്വാതന്ത്ര്യവും നീതിയും മനുഷ്യാവകാശങ്ങളും ഏകാധിപതികളുടെയും ഹിറ്റ്‌ലര്‍ ക്ലോണുകളുടെയും ഭീഷണിയിലാവുമ്പോള്‍ പത്രപ്രവര്‍ത്തനം, കവിത, കല എന്നിവയൊക്കെ നമുക്കു സഹായത്തിനെത്തും. എന്നാല്‍, മര്യാദയില്ലാത്ത കോമാളികള്‍ക്ക് ചിലപ്പോള്‍ അവയൊക്കെ ദുരുപയോഗപ്പെടുത്താനും കഴിയും. 175 കോടി മുസ്‌ലിംകള്‍ക്ക് വലിയ മാനസിക സംഘര്‍ഷമുണ്ടാക്കിയിട്ടും പാരിസിലെ ഷാര്‍ലി എബ്‌ദോയും ഡെന്‍മാര്‍ക്കിലെ ജില്ലന്‍സ് പോസ്റ്റനും പാഠങ്ങളൊന്നും പഠിച്ചതായി കാണുന്നില്ല. സമീപകാലത്തുണ്ടാക്കിയ വലിയ നാശത്തില്‍ ഇപ്പോഴും യൂറോപ്പിലെ ഇസ്‌ലാം വിരോധികള്‍ക്ക് യാതൊരു മനസ്താപവുമുണ്ടായതായി തോന്നുന്നില്ല.പന്നിത്തലയനായ ഡച്ച് പാര്‍ലമെന്റംഗം ഗീര്‍ട്ട് വില്‍ഡേഴ്‌സ് പ്രവാചകനെക്കുറിച്ച ഒരു കാര്‍ട്ടൂണ്‍ മല്‍സരം നടത്തുമെന്നു പ്രഖ്യാപിച്ചത് ഈയിടെയാണ്. യൂറോപ്പിനും മുസ്‌ലിം ലോകത്തിനുമിടയില്‍ കലഹത്തിനും അനേകം പേരുടെ മരണത്തിനും കാരണമാക്കിയ മുന്‍ നീക്കങ്ങളെപ്പോലെ പ്രകോപനമുണ്ടാക്കാനാണ് യൂറോ-അമേരിക്കന്‍ വംശീയവാദികളുടെ പിന്തുണയോടെ വില്‍ഡേഴ്‌സ് ശ്രമിക്കുന്നത്. 1400 വര്‍ഷം മുമ്പ് അന്തരിച്ച, ലോകം ഏറ്റവുമധികം ആദരിക്കുന്ന മുസ്്‌ലിമാണ് പ്രവാചകന്‍. ലോകത്താകമാനം വലിയ നാശമുണ്ടാക്കാന്‍ ഇടയുള്ള ഒരു മല്‍സരം നടത്താന്‍ വില്‍ഡേഴ്‌സിനെ പ്രേരിപ്പിക്കുന്ന വികാരമെന്താണ്?ഡച്ചുകാരായ ചിലര്‍ പ്രവാചകന്റെ ഹാസ്യചിത്രങ്ങള്‍ പ്രചരിപ്പിച്ച് മുസ്‌ലിംകളെ അപമാനിക്കാന്‍ ശ്രമിച്ചിരുന്നു. സ്വന്തം ജീവനേക്കാളും ദൈവദൂതനെ സ്‌നേഹിക്കുമ്പോള്‍ മാത്രമാണ് ഒരാള്‍ യഥാര്‍ഥ മുസ്‌ലിമാവുക എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ഡച്ച് കാര്‍ട്ടൂണുകള്‍ പ്രവാചകനെ അതിനിന്ദ്യമായി ഭര്‍ത്‌സിക്കുകയായിരുന്നു ചെയ്തിരുന്നത്. വില്‍ഡേഴ്‌സിനെ പോലുള്ളവര്‍ക്ക് പ്രവാചകനോട് മുസ്‌ലിംകള്‍ക്കുള്ള അദമ്യമായ സ്‌നേഹത്തെക്കുറിച്ച് അറിയാതിരിക്കില്ല. കാര്‍ട്ടൂണ്‍ മല്‍സരത്തെക്കുറിച്ച പ്രഖ്യാപനം വന്ന ഉടനെ മുസ്‌ലിം ലോകത്ത് വലിയ പ്രതിഷേധമുയരാന്‍ തുടങ്ങി. അഭിപ്രായസ്വാതന്ത്ര്യത്തോടുള്ള കപടമായ പ്രതിബദ്ധത പ്രകടിപ്പിക്കുന്നതിനായി ഡച്ച് വിദേശകാര്യമന്ത്രി സ്റ്റെഫ് ബ്ലോക്ക് താന്‍ മല്‍സരപരിപാടിയോടു യോജിക്കുന്നില്ലെങ്കിലും വില്‍ഡേഴ്‌സിന് അതു നടത്താനുള്ള സ്വാതന്ത്ര്യത്തെ പ്രതിരോധിക്കുമെന്നു വ്യക്തമാക്കി. ഇതു വോള്‍ട്ടയറുടെ പഴയ ഒരു പ്രഖ്യാപനത്തെ അനുസ്മരിപ്പിക്കുന്നതാണ്.എന്നാല്‍, പലരുടെയും ആവിഷ്‌കാരസ്വാതന്ത്ര്യം മുസ്‌ലിംകളെ വേദനിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്നതില്‍ മാത്രമാണ്. അവര്‍ മോശയെയും യേശുവിനെയും ഇങ്ങനെ അപഹസിക്കാറുണ്ടോ? ഡെന്‍മാര്‍ക്കിലെയോ ഫ്രാന്‍സിലെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും യൂറോപ്യന്‍ രാഷ്ട്രത്തിലെയോ അമേരിക്കയിലെയോ കിറുക്കുമൂത്ത ഒരു കാര്‍ട്ടൂണിസ്റ്റ് നാത്്‌സികളുടെ യഹൂദപീഡനത്തെക്കുറിച്ച അംഗീകൃത ആഖ്യാനത്തെ ഈ മട്ടില്‍ പരിഹസിക്കുമോ? ഒരിക്കലുമില്ല എന്നാണു മറുപടി. എന്തെന്നാല്‍ യഹൂദര്‍ അതു സഹിക്കില്ല എന്നതാണു വ്യക്തമായ ഉത്തരം. അതായത് രണ്ടരക്കോടിയുള്ള യഹൂദരുടെ അടുത്തെത്തുമ്പോള്‍ ആവിഷ്‌കാരസ്വാതന്ത്ര്യം അവസാനിക്കുന്നു. ആധുനിക വോള്‍ട്ടയറായ ഡച്ച് വിദേശകാര്യമന്ത്രി യഹൂദ പീഡനകഥയെ പരിഹസിക്കുന്ന കാര്‍ട്ടൂണ്‍ മല്‍സരം നടത്തുന്നതിനെ പ്രതിരോധിക്കാന്‍ തയ്യാറാവില്ല.തനിക്കും തന്നെ പിന്തുണയ്ക്കുന്നവര്‍ക്കും ജീവനു ഭീഷണിയുണ്ടെന്ന മുടന്തന്‍ ന്യായത്തില്‍ വില്‍ഡേഴ്‌സ് മല്‍സരപരിപാടി ഉപേക്ഷിച്ചപ്പോള്‍ ലോകം ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടു. സപ്തംബര്‍ 11നു ശേഷം ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ഫരീദ് സഖറിയ 'അവര്‍ നമ്മെ എന്തുകൊണ്ട് എതിര്‍ക്കുന്നു' എന്ന പേരില്‍ പൊള്ളയായ ഒരു കുറിപ്പെഴുതിയിരുന്നു. മുസ്‌ലിംകളായിരുന്നു 'അവര്‍.' പാശ്ചാത്യലോകത്തുള്ള സ്വാതന്ത്ര്യങ്ങളെ മുസ്‌ലിംകള്‍ എതിര്‍ത്തു എന്നതായിരുന്നു സഖറിയയുടെ കണ്ടുപിടിത്തം. എന്നാല്‍, എന്തുകൊണ്ടാണ് മുസ്‌ലിംകള്‍ പടിഞ്ഞാറിനെ വെറുക്കുന്നത് എന്നു മനസ്സിലാക്കാന്‍ വില്‍ഡേഴ്‌സിനെപ്പോലുള്ളവര്‍ തുപ്പുന്ന വിഷവും മാലിന്യവും പരിശോധിച്ചാല്‍ മതിയാവും. ി

RELATED STORIES

Share it
Top