വില്‍ക്കാനാവാതെ നശിക്കുന്നത് ലക്ഷങ്ങളുടെ കശുവണ്ടി

മുള്ളേരിയ: മൂന്നു തവണ ലേലം നടത്തിയിട്ടും വില്‍ക്കാനാവാതെ കെട്ടിക്കിടക്കുന്നത് ലക്ഷങ്ങളുടെ കശുവണ്ടി. കഴിഞ്ഞ സീസണില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ തൊഴിലാളികള്‍ നേരിട്ട് ശേഖരിച്ച കശുവണ്ടിയാണ് വില്‍ക്കാനാവാതെ ഗോഡൗണില്‍ കെട്ടിക്കിടക്കുന്നത്. രണ്ടുതവണയാണ് ബോവിക്കാനം മുതലപാറയിലെ ഓഫിസിലും കഴിഞ്ഞ 17ന് രാജപുരത്തും കശുവണ്ടിയുടെ ലേലം നടത്തിയെങ്കിലും പിസികെ നിശ്ചയിച്ച തുകയ്ക്ക് ലേലത്തിലെടുക്കാന്‍ ആരും തയാറായില്ല.
ആദ്യം നടന്ന ലേലത്തില്‍ 122 രൂപ കിലോഗ്രാമിന് രേഖപ്പെടുത്തുകയും രണ്ടാമത്തേ ലേലത്തില്‍ ആകെ പങ്കെടുത്ത ഒരാള്‍ 105 രൂപയുമാണ് ടെന്‍ഡര്‍ ചെയ്തത്. മൂന്നാമത്തെ ലേലത്തില്‍ പത്തിലധികം പേര്‍ പങ്കെടുത്തെങ്കിലും 109 രൂപയാണ് കിലോഗ്രാമിന് നല്‍കാന്‍ തയ്യാറായത്. എന്നാല്‍ ഈ തുകയ്‌ക്കൊന്നും പിസികെ ലേലം ഉറപ്പിക്കാന്‍ തയ്യാറാവാത്തതോടെ കെട്ടിക്കിടക്കുന്ന കശുവണ്ടി എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയില്ലാണ് അധികൃതര്‍. കാസര്‍കോട്, രാജപുരം, ചീമേനി എന്നി എസ്‌റ്റേറ്റുകളിലെ ലേലം നടക്കാത്ത തോട്ടങ്ങളില്‍ നിന്നുള്ള 40,010 കിലോ കശുവണ്ടിയാണ് വില്‍ക്കാനാവതെ കെട്ടിക്കിടക്കുന്നത്. തുടക്കത്തില്‍ കിലോയ്ക്ക് 155 രൂപ വരെ വില ഉണ്ടായിരുന്നപ്പോള്‍ പൊതുമേഖല കശുവണ്ടി ഫാക്ടറികളിലേക്ക് പിസികെയുടെ കശുവണ്ടി നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടായതിനെ തുടര്‍ന്നാണ് വില്‍ക്കാതെ വച്ചത്. എന്നാല്‍ ഒരേ സമയം മുഴുവന്‍ തുകയും നല്‍കാന്‍ സാധിക്കിലെന്നും ആദ്യം പകുതി വില നല്‍കാമെന്നും പൊതുമേഖല സ്ഥാപനങ്ങള്‍ അറിയിച്ചതോടെ പിസികെ കശുവണ്ടി നല്‍കാന്‍ തയാറായില്ല. മുതലപാറയിലെ ഗോഡൗണില്‍ ആക്രി സാധങ്ങള്‍ക്കൊപ്പം കൂട്ടിയിട്ടിരിക്കുന്ന കശുവണ്ടി വില്‍പന നടത്താന്‍ വൈകുന്തോറും വില കുറയുന്നതിനു പുറമെ കശുവണ്ടിക്ക് കേടുപാടുകള്‍ സംഭവിക്കുമെന്ന ആശങ്കയിലാണ് അധികൃതര്‍.

RELATED STORIES

Share it
Top