വില്ലേജ് ഓഫിസുകളില്‍ തിക്കും തിരക്കും

പറവൂര്‍: വില്ലേജ് ഓഫിസുകളില്‍ 10,000 രൂപ ദുരിതാശ്വാസ ധനസഹായം ലഭിക്കാത്തവരുടെ തിക്കും തിരക്കും.
പറവൂര്‍ താലൂക്കിന്റെ പരിധിയില്‍ വരുന്ന വില്ലേജ് ഓഫിസുകള്‍ക്കു മുന്നില്‍ ഇന്നലെ നീണ്ട നിരയായിരുന്നു. രാവിലെ എട്ടു മുതല്‍ ആളുകള്‍ എത്തിതുടങ്ങി. ആയിരക്കണക്കിന് അപേക്ഷകളാണു കരുമാലൂര്‍, ആലങ്ങാട്, കോട്ടുവള്ളി, പുത്തന്‍വേലിക്കര, ചേന്ദമംഗലം, ചിറ്റാറ്റുകര, വടക്കേക്കര തുടങ്ങിയ വില്ലേജ് ഓഫിസുകളില്‍ ലഭിച്ചത്. എത്രയും വേഗം നല്‍കിയില്ലെങ്കില്‍ ധനസഹായം കിട്ടില്ലെന്നപ്രചാരണം തിക്കിനും തിരക്കിനു കാരണമായി. താലൂക്കില്‍ പതിനായിരത്തില്‍പരം ആളുകള്‍ക്കു ധനസഹായം കിട്ടാനുണ്ട്.
പണം ബാങ്ക് അക്കൗണ്ടില്‍ വരാത്തവര്‍ വില്ലേജ് ഓഫിസുകളിലെത്തണമെന്ന അറിയിപ്പുണ്ടായിരുന്നു. അപേക്ഷകരുടെ സഹായത്തിനായി വില്ലേജ് ഓഫിസില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിക്കാനായിരുന്നു നിര്‍ദേശം. തിരക്കു കൂടിയപ്പോള്‍ ചിലയിടത്ത് മൂന്നു ഹെല്‍പ് ഡെസ്‌കുകള്‍ വരെ തുടങ്ങേണ്ടിവന്നു.
മുമ്പു ബിഎല്‍ഒമാര്‍ വഴി നല്‍കിയ അപേക്ഷകളില്‍ തെറ്റുകള്‍ സംഭവിച്ചതിനാലാണു പലര്‍ക്കും ധനസഹായം കിട്ടാതിരുന്നത്. ലിസ്റ്റില്‍ പേരു വരാത്തവര്‍ വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷകളുടെ കൂടെ രേഖകള്‍ നല്‍കണം. തഹസില്‍ദാര്‍ ജില്ലാ കലക്ടറുമായി ബന്ധപ്പെട്ടപ്പോള്‍ പരാതി പരിഹാര ചുമതല വീണ്ടും ബിഎല്‍ഒമാരെ ഏല്‍പ്പിച്ചു.
ഇന്നു മുതല്‍ 23 വരെയുള്ള തിയ്യതികളില്‍ ഓരോ ബിഎല്‍ ഒമാരുടെയും പരിധിയില്‍ പണം കിട്ടാത്തവരെ കണ്ടു പിടിച്ചു സാങ്കേതിക തടസ്സങ്ങള്‍ പരിഹരിച്ചു എല്ലാവര്‍ക്കും പണം കിട്ടാനുള്ള നടപടിയെടുക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

RELATED STORIES

Share it
Top