വില്ലേജ് ഓഫിസുകളില്‍ അധികൃതര്‍ സൂക്ഷ്മത പാലിക്കുന്നില്ലെന്ന് ആക്ഷേപം

തൊടുപുഴ: വില്ലേജ് ഓഫിസുകളില്‍ ഫയലുകള്‍ സൂക്ഷിക്കുന്ന കാര്യത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ സൂക്ഷ്മത പാലിക്കുന്നില്ലെന്ന് ആക്ഷേപം. ഇടുക്കി എംപി ജോയ്‌സ് ജോര്‍ജിന്റെയും കുടുംബാംഗങ്ങളുടെയും ഭൂമി ഉള്‍പ്പെടുന്ന കൊട്ടാക്കമ്പൂര്‍ വില്ലേജിലെ 9000 ഏക്കര്‍ ഭൂമിയുടെ വിവരങ്ങള്‍ അടങ്ങുന്ന രേഖകള്‍ കാണാതായെന്ന മൂന്നാര്‍ ഡിവൈഎസ്പി എസ് അഭിലാഷിന്റെ റിപോര്‍ട്ടിലൂടെ പുറത്താവുന്നത് ഓഫിസുകളിലെ സുരക്ഷയില്ലായ്മയാണെന്ന അഭിപ്രായവും വ്യാപകമായി.
വട്ടവട പഞ്ചായത്തിലെ വട്ടവട, കൊട്ടാക്കമ്പൂര്‍ വില്ലേജുകളില്‍ വ്യാജ പട്ടയങ്ങളിലൂടെ ഭൂമി തരപ്പെടുത്തിയെന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണു മൂന്നാര്‍ ഡിവൈഎസ്പിയുടെ റിപോര്‍ട്ട് വെളിച്ചത്തുവന്നത്. വില്ലേജ് ഓഫിസുകളില്‍ നിന്നാണു ഭൂമി സംബന്ധമായ രേഖകള്‍ പ്രധാനമായും നഷ്ടപ്പെടുന്നത്.
പട്ടയ അപേക്ഷകളുടെ വിവരങ്ങള്‍ അടങ്ങുന്ന നമ്പര്‍ 1 രജിസ്റ്റര്‍, പട്ടയം ലഭിച്ചയാളുടെ പേരും വിലാസവും രേഖപ്പെടുത്തുന്ന നമ്പര്‍ രണ്ട് രജിസ്റ്റര്‍ എന്നിവയാണു പ്രധാനമായും അപ്രത്യക്ഷമാക്കുന്നത്. ഇതിനു പിന്നില്‍ തല്‍പ്പരകക്ഷികളുടെ കൈയുണ്ടെന്ന പരാതി നേരത്തെയുള്ളതാണ്. വില്ലേജ് ഓഫിസുകളില്‍ ഫയല്‍ മുറികള്‍ക്കും അലമാരകള്‍ക്കും അടച്ചുറപ്പില്ല. സുരക്ഷാ ജീവനക്കാരില്ല. നിരീക്ഷണ കാമറകളും ഇല്ല. രജിസ്റ്ററുകളും ഫയലുകളും ആരു കടത്തിയെന്ന് അറിയാനും കഴിയില്ല. വില്ലേജ് ഓഫിസിലെ ജീവനക്കാരില്‍ പലരും പലപ്പോഴും ഫീല്‍ഡ് ജോലികളിലായിരിക്കും. വട്ടവട, കൊട്ടാക്കമ്പൂര്‍ വില്ലേജ് ഓഫിസുകള്‍ക്കുള്ളില്‍ ആര്‍ക്കും കയറി രേഖകള്‍ പരിശോധിക്കാനും കടത്താനും പറ്റുന്ന സാഹചര്യമാണ്.
സുപ്രധാന ഭൂരേഖകള്‍ വില്ലേജ് ഓഫിസുകളില്‍ നിന്നു കടത്തി, വ്യാജരേഖകള്‍ പകരം വയ്ക്കുകയും ചെയ്യുന്നുണ്ട്. ഇതിലൂടെ കയ്യേറ്റങ്ങള്‍ സാധൂകരിക്കാന്‍ കഴിയും. പല വില്ലേജ് ഓഫിസുകളില്‍ നിന്നും നഷ്ടപ്പെട്ട ഭൂരേഖകള്‍ തിരിച്ചുകിട്ടാറുമില്ല. അടുത്തിടെ ശാന്തമ്പാറയിലും ഇത്തരത്തില്‍ പരാതി ഉയര്‍ന്നിരുന്നു. അന്വേഷണത്തിനായി പോലിസുകാരന്‍ കൊണ്ടുപോയ രജിസ്റ്റര്‍ ബുക്ക് തിരികേ എത്താത്തതാണ് പ്രതിസന്ധിയുണ്ടാക്കിയത്.
വൈദ്യുതി തകരാര്‍ പതിവായി
കരിമണ്ണൂര്‍: സെക്ഷന്‍ ഓഫിസിന്റെ കീഴിലുള്ള പന്നൂര്‍, കമ്പിപ്പാലം, മാരാംപാറ, ചിലവ്, ചേറാടി, നെയ്യശ്ശേരി മേഖലകളില്‍ വൈദ്യുതി തകരാര്‍ പതിവായി. മരങ്ങള്‍ ഒടിഞ്ഞ് ലൈനില്‍ വീഴുന്നതു നിത്യ സംഭവമാണ്. കരിമണ്ണൂര്‍ ഹൈസ്‌കൂള്‍ കവലയില്‍നിന്ന് റോഡുമാര്‍ഗം 11 കെവി ലൈന്‍ വലിച്ചാല്‍ വൈദ്യുതി മുടക്കവും പ്രസരണ നഷ്ടവും ഒഴിവാക്കാമെന്ന് നാട്ടുകാര്‍ പറയുന്നു.

RELATED STORIES

Share it
Top