വില്ലേജ് ഓഫിസുകളില്‍ അടിസ്ഥാന സൗകര്യങ്ങളില്ല

ഇരിക്കൂര്‍: ജില്ലയിലെ ഭൂരിഭാഗം വില്ലേജ് ഓഫിസുകളിലും അടിസ്ഥാ സൗകര്യമില്ലാത്തതിനാല്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ ബുദ്ധിമുട്ടുന്നു. സാധാരണക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കുമെല്ലാം ഏറ്റവും കൂടുതല്‍ ബന്ധപ്പെടേണ്ട വില്ലേജ് ഓഫിസുകളില്‍ എത്തുന്നവര്‍ക്ക് നിന്നുതിരിയാന്‍ പോലും സൗകര്യമില്ലാത്തവയാണ് ബഹുഭൂരിപക്ഷവും. കണ്ണൂര്‍ ജില്ലയില്‍ 132 വില്ലേജ് ഓഫിസുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ബഹുഭൂരിപക്ഷം ഓഫിസുകളും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ഏറെ പിന്നിലാണ്. വില്ലേജ് ഓഫിസുകള്‍ക്ക് ആവശ്യമായ സ്ഥലം കണ്ടെത്തിയാല്‍  അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടം പണിയാന്‍ 50 ലക്ഷം രൂപ വരെ ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. എന്നിട്ടും പരിതാവസ്ഥ തുടരുകയാണ്. വിവിധ ആവശ്യങ്ങള്‍ക്കായി വില്ലേജ് ഓഫിസിലെത്തുന്നവര്‍ക്ക് ഇരിക്കാന്‍ പോലും സൗകര്യമില്ലാത്തതിനാല്‍ നില്‍ക്കേണ്ട അവസ്ഥയാണ്. ടോയ്‌ലറ്റ് സൗകര്യം തീരെയില്ല. വെള്ളവുമില്ല. ഓഫിസിലെത്തുന്നവര്‍ക്ക് പെട്ടെന്ന് എന്തെങ്കിലും എഴുതേണ്ടി വന്നാല്‍ അതിനുപോലും സൗകര്യമില്ല. ലാന്‍ഡ് ഫോണുകളില്ലാത്ത സ്ഥലവുമുണ്ട്. സ്വന്തമായി വഴി പോലുമില്ലാത്ത ഓഫിസുകളും കുറവല്ല. ഇത്തരത്തില്‍ വില്ലേജ് ഓഫിസുകളിലെത്തിയാല്‍ പോരായ്മ മാത്രമേ ഉണ്ടാവൂ. പൊതുജനങ്ങളുടെ പ്രയാസങ്ങള്‍ കണ്ട് ജീവനക്കാരും മടുത്തിരിക്കുകയാണ്. വില്ലേജ് ഓഫിസുകളിലെ ജീവനക്കാരുടെ കുറവും പരിഹരിക്കാതെ കിടക്കുകയാണ്. സ്ഥലം മാറിപ്പോവുന്ന വില്ലേജ് ഓഫിസര്‍മാരടക്കമുള്ള ജീവനക്കാര്‍ക്ക് പകരം നിയമനം താമസിക്കുന്നതിന്റെ പ്രയാസവും അനുഭവിക്കുന്നത് പൊതുജനങ്ങളാണ്. ഇതിനെല്ലാം പുറമെ ജീവനക്കാര്‍ നികുതിയടക്കാനും പിരിക്കാനും ഓഫിസ് വിട്ട് പോവേണ്ടിവരുന്നതിനാല്‍ പൊതുജനങ്ങള്‍ കസേര ഒഴിഞ്ഞ ഓഫിസ് കണ്ട് മടങ്ങേണ്ട അവസ്ഥയിലാണ്. വില്ലേജ് ഓഫിസുകള്‍ കൂടുതല്‍ ജനസൗഹൃദമാക്കാന്‍ നടപടികള്‍ ആരംഭിച്ചെങ്കിലും അതും ഫലപ്രദമാവുമോ എന്നതും ഇവിടങ്ങളിലെ സൗകര്യങ്ങളെ ആശ്രയിച്ചിരിക്കും. ഇതിനെല്ലാം പുറമേ അനധികൃത മണല്‍ക്കടത്ത്, ചെങ്കല്ല്, പാറ, ചെമ്മണ്ണ് ഖനനം എന്നിവയ്‌ക്കെതിരേ നടപടിയെടുക്കേണ്ടതും വില്ലേജ് ജീവനക്കാര്‍ തന്നെ. പുഴ, തോട്, മറ്റു ജലസ്രോതസുകളുടെ കൈയേറ്റം തുടങ്ങിയവയും നോക്കേണ്ടത് റവന്യൂ ജീവനക്കാരായിരിക്കേ ഓഫിസുകളില്‍ ആവശ്യമായ സൗകര്യമില്ലാത്തത് പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.

RELATED STORIES

Share it
Top