വില്ലേജ് ഓഫിസിന് മുന്നില്‍ ദുരിതബാധിതരുടെ സത്യഗ്രഹം

തൃശൂര്‍: പ്രളയദുരിതത്തില്‍ അടിയന്തിര സഹായം ലഭിച്ചില്ല. ഗാന്ധിനഗര്‍, ചെമ്പുക്കാവ് മേഖലയിലെ ദുരിതബാധിതര്‍ വില്ലേജ് ഓഫീസിന് മുന്നില്‍ സത്യഗ്രഹം നടത്തി. സത്യഗ്രഹം മുന്‍ ഡെപ്യൂട്ടി മേയര്‍ കൗണ്‍സിലര്‍ അഡ്വ.സുബി ബാബു ഉദ്ഘാടനം ചെയ്തു.
പ്രളയത്തില്‍ പൂര്‍ണ്ണമായും മുങ്ങിപോയ അവസ്ഥയിലായിരുന്നു ഗാന്ധിനഗര്‍ ഡിവിഷന്‍. നാല് കോളനികള്‍ ഉള്‍പ്പടെ 1430 വീടുകളാണ് ദിവസങ്ങളോളം വെള്ളത്തില്‍ മുങ്ങികിടന്നത്. മുഴുവന്‍ ജനങ്ങളും ഹോളിഫാമിലി, ജവഹര്‍ ബാലഭവന്‍ ദുരിതാശ്വാസ ക്യാംപുകളിലായിരുന്നു.
എന്നാല്‍ പത്തുശതമാനം വീട്ടുകാര്‍ക്ക് പോലും സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപയുടെ അടിയന്തിര ദുരിതാശ്വാസം ഇതുവരെ ലഭിച്ചില്ലെന്നും കൗണ്‍സിലര്‍ സുബി ബാബു പറഞ്ഞു. 220 പേര്‍ക്കാണ് കിറ്റ് ലഭിച്ചത്. മുഴുവന്‍പേര്‍ക്കും അടിയന്തിരസഹായം നല്‍കി കഴിഞ്ഞുവെന്ന് സര്‍ക്കാര്‍ പ്രചരണം പൊള്ളയാണെന്നും സുബി ബാബു പറഞ്ഞു.
പ്രളയത്തില്‍ കോര്‍പ്പറേഷനില്‍ ഏറ്റവും ദുരിതവും നാശവും വിതച്ച സ്ഥലങ്ങളിലൊന്നായിരുന്നു ഗാന്ധിനഗര്‍ ഡിവിഷനും ചുറ്റുപാടുള്ള പ്രദേശങ്ങളും. വീടുകളുടെ ഒന്നാം നിലകളിലേക്ക് വരെ വെള്ളം കയറി, വീട്ടുപകരണങ്ങളെല്ലാം നശിച്ചു മതിലുകള്‍ തകര്‍ന്നു. നിരവധി വീടുകള്‍ക്കും കേടുപാടുണ്ടായി. ഗാന്ധിനഗര്‍ മ്യൂസിയം ക്രോസ്‌റോഡ്, കുണ്ടുവാറ, പുത്തന്‍ വെട്ടുവഴി, വൈലോപ്പിള്ളിനഗര്‍, നെല്ലങ്കര, മൈലിപ്പാടം, ചെമ്പുക്കാവ്, കീരംകുളങ്ങര മേഖലകള്‍ വെള്ളത്തിനടിയിലായിരുന്നു.
ഡിവിഷനിലെ രണ്ട് പട്ടികജാതികോളനികളും രണ്ട് മിച്ചഭൂമി കോളനികളും ഇതില്‍ ഉള്‍പ്പെടും. നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ഒരു ഉദ്യോഗസ്ഥനും എത്തിയില്ലെന്നും അതേസമയം മുഴുവന്‍ വീട്ടുകാരും സഹായത്തിനായി വില്ലേജാഫീസില്‍ അപേക്ഷ നല്‍കിയിരുന്നുവെന്നും സുബി ബാബു പറഞ്ഞു. അപേക്ഷകളില്‍ തീരുമനമെടുക്കുകയോ സഹായം നല്‍കുകയോ ചെയ്യാതെയാണ് 100 ശതമാനം സഹായവിതരണം പൂര്‍ത്തിയായെന്ന് സര്‍ക്കാര്‍ പ്രചരണമെന്നും അവര്‍ കുറ്റപ്പെടുത്തി.
ചെമ്പൂക്കാവിലെ പെരിങ്ങാവ്-ചെമ്പൂക്കാവ് വില്ലേജ് ഓഫീസിന് മുന്നിലായിരുന്ന ധര്‍ണ്ണ. ഗാന്ധിനഗര്‍ ഡിവിഷനിലെ 1450 വീടുകളില്‍ 1430 വീടുകളിലും വെള്ളം കയറിയതാണ്.
മുഴുവന്‍ വീട്ടുകാര്‍ക്കും ദുരിതാശ്വാസ കിറ്റുകളും 10,000 രൂപ അടിയന്തിര സഹായവും ഒരാഴ്ചക്കകം നല്‍കാമെന്ന പെരിങ്ങാവ്-ചെമ്പൂക്കാവ് വില്ലേജ് ഓഫീസര്‍മാര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.ജഫിന്‍ പോളി, കുരിയന്‍ ചാണ്ടി, യുജെ ജോയ്, എസി ബേബി, സിഡി ഫ്രാന്‍സീസ്, ഡേവീസ് കോനിക്കര പ്രസംഗിച്ചു.

RELATED STORIES

Share it
Top