വില്ലജ് ഓഫിസര്‍മാരില്ല: ജനം നെട്ടോട്ടത്തില്‍

മട്ടാഞ്ചേരി: കൊച്ചി താലൂക്ക് പരിധിയിലെ പ്രധാനപ്പെട്ടതും വലിയ വില്ലേജുകളുമായ തോപ്പുംപടി, രാമേശ്വരം എന്നിവടങ്ങളില്‍ ഓഫിസര്‍മാരില്ലാതായിട്ട് ആഴ്ചകള്‍ പിന്നിട്ടെങ്കിലും നടപടിയില്ലാത്തത് ജനത്തെ വലക്കുന്നു.
തോപ്പുംപടി വില്ലേജ് ഓഫിസര്‍ വിരമിച്ചതിന് ശേഷം പകരം ആളെ നിയമിച്ചിട്ടില്ല. വലിയ ഭൂപ്രദേശങ്ങളുള്ള വില്ലേജില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ കാത്ത് നിന്ന് വലയുകയാണ്. തോപ്പുംപടി കഴുത്ത് മുട്ടിലാണ് വില്ലേജ് പ്രവര്‍ത്തിക്കുന്നത്.
എന്നാല്‍ കപ്പലണ്ടിമുക്ക് വരെയുള്ള ഭാഗങ്ങള്‍ ഈ വില്ലേജിന്റെ പരിധിയിലാണ്. ഇവിടങ്ങളില്‍ നിന്ന് രാവിലെ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന സ്ത്രീകളും വയോധികരും ഓഫിസിലെത്തിയതിന് ശേഷമാണ് ഓഫിസറില്ലയെന്ന കാര്യം മനസ്സിലാക്കുന്നത്. ചാര്‍ജ് നല്‍കിയിട്ടുള്ള ചെല്ലാനം വില്ലേജ് ഓഫിസറാവട്ടെ ഉച്ച കഴിഞ്ഞ് മൂന്നോടെ എത്തുകയുള്ളൂ.
ഇവിടെ നിന്ന് വളരെ ദൂരെയാണ് ചെല്ലാനം വില്ലേജ് ഓഫിസ് സ്ഥിതി ചെയ്യുന്നത്. രാവിലെ വന്നവര്‍ വൈകീട്ട് വീണ്ടും വരേണ്ട അവസ്ഥയാണ്. ഓഫിസര്‍ അവധിയിലാണെങ്കില്‍ അന്നത്തെ കാര്യവും പോകും.
വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കും ഭൂമി സംബന്ധമായ കാര്യങ്ങള്‍ക്കും വില്ലേജ് ഓഫിസര്‍ അനിവാര്യമാണ്.
രാമേശ്വരം വില്ലേജിലെ ഓഫിസറാവട്ടെ തീര്‍ഥാടനത്തിന്റെ ഭാഗമായി അവധിയെടുത്ത് വിദേശത്താണ്. വില്ലേജ് ഓഫിസര്‍ സമയം കഴിഞ്ഞ് ജോലി ചെയ്താല്‍ പോലും തിരക്കൊഴിയാത്ത ഇവിടെ ഓഫിസര്‍ കൂടി അവധിയിലായതോടെ കാര്യങ്ങള്‍ കുഴഞ്ഞ് മറിയുന്ന അവസ്ഥയാണ്.
ഇവിടെയും സമീപ വില്ലേജിലെ ഓഫിസര്‍ക്കാണ് താല്‍ക്കാലിക ചുമതല. രാമേശ്വരം വില്ലേജ് ഓഫിസര്‍ ഉടനെ ചുമതലയേല്‍ക്കുമെന്നാണ് തഹസില്‍ദാര്‍ പറയുന്നത്.
തോപ്പുംപടിയില്‍ വില്ലേജ് ഓഫിസറെ അടിയന്തരമായി നിയമിക്കുമെന്ന് പറയുന്നുണ്ടെങ്കിലും നടക്കുമോയെന്ന ആശങ്കയിലാണ് ജനം.

RELATED STORIES

Share it
Top