വിലാസം തെളിയിക്കാനുള്ള ആധികാരിക രേഖകളുടെ കൂട്ടത്തില്‍ നിന്ന് പാസ്‌പോര്‍ട്ട് ഒഴിവാകുന്നു

ന്യൂഡല്‍ഹി: വിലാസം തെളിയിക്കുന്നതിനുള്ള ആധികാരിക രേഖകളുടെ കൂട്ടത്തില്‍ നിന്ന് പാസ്‌പോര്‍ട്ട് ഒഴിവാകുന്നു. പാസ്‌പോര്‍ട്ടിലെ അവസാന പേജില്‍ മേല്‍വിലാസം അടക്കമുള്ള വ്യക്തിവിവരങ്ങള്‍ ഇനി മുതല്‍ ഉണ്ടാവില്ല. സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ വിദഗ്ധ സമിതിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇനിമുതല്‍ പാസ്‌പോര്‍ട്ടിലെ അവസാന പേജില്‍ മേല്‍വിലാസം, മാതാപിതാക്കളുടെ പേര്, ഭാര്യയുടെയും ഭര്‍ത്താവിന്റെയും പേര് തുടങ്ങിയവ ഉണ്ടാവില്ല. കൂടാതെ ഇമിഗ്രേഷന്‍ പരിശോധന ആവശ്യമാണോ അല്ലയോ എന്ന വിവരവും പാസ്‌പോര്‍ട്ടില്‍ ഉണ്ടാവില്ല.ഇമിഗ്രേഷന്‍ പരിശോധന ആവശ്യമായവര്‍ക്ക് ഓറഞ്ച് നിറത്തിലുള്ള പുറംചട്ടയോട് കൂടിയ പാസ്‌പോര്‍ട്ടും ആവശ്യമില്ലാത്തവര്‍ക്ക് നീല പാസ്‌പോര്‍ട്ടുമായിരിക്കും വിതരണം ചെയ്യുക.പഴയ പാസ്‌പോര്‍ട്ട് നമ്പറും, പാസ്‌പോര്‍ട്ട് ഓഫീസിന്റെ വിവരങ്ങളും ഒഴിവാക്കും.പുതുതായി തയ്യാറാക്കുന്ന പാസ്‌പോര്‍ട്ടുകളിലാണ് പരിഷ്‌കാരം കൊണ്ടുവരുന്നത്.
പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വിദേശകാര്യമന്ത്രലായത്തിന്റെയും വനിതാശിശുക്ഷേമ മന്ത്രാലയത്തിന്റെയും പ്രതിനിധികളടങ്ങുന്ന മൂന്നംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. പാസ്‌പോര്‍ട്ടില്‍നിന്ന് പിതാവിന്റെ/രക്ഷിതാവിന്റെ/മാതാവിന്റെ പേര്, അവസാന പേജില്‍ നിന്ന് വിലാസം എന്നിവ ഒഴിവാക്കാന്‍ സമിതി നിര്‍ദേശിച്ചു.ഉന്നതതലസമിതിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

RELATED STORIES

Share it
Top