വിലയില്ല; കര്‍ഷകര്‍ തക്കാളി റോഡരികില്‍ ഉപേക്ഷിച്ചു മടങ്ങി

മറയൂര്‍: മറയൂരിന്റെ അതിര്‍ത്തി നഗരമായ ഉദുമലപേട്ട മാര്‍ക്കറ്റില്‍ ഒരു കിലോ തക്കാളി കര്‍ഷകര്‍ മൂന്നു രൂപയ്ക്ക് വില്‍പന നടത്താന്‍ തയ്യാറായിട്ടും വാങ്ങാന്‍ ആളില്ലാതെ വന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ തക്കാളി വഴിയരികില്‍ ഉപേക്ഷിച്ചു മടങ്ങി. ഏറ്റവും അധികം വിളയിച്ചെടുക്കുന്ന തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ജില്ലയിലെ വിവിധ മാര്‍ക്കറ്റുകളില്‍ കര്‍ഷകര്‍ എത്തിച്ച തക്കാളിക്കാണ് വില ലഭിക്കാതെപോയത്.
കഴിഞ്ഞ ദിവസം ഉദുമലപേട്ട മാര്‍ക്കറ്റില്‍ 14 കിലോഗ്രാം തൂക്കം വരുന്ന ഒന്നാം തരത്തില്‍പെട്ട ഒരു പെട്ടി തക്കാളിക്ക് 50 രൂപ മാത്രമാണ് ലഭിച്ചത്. ടണ്‍കണക്കിന് തക്കാളി മാര്‍ക്കറ്റിലേക്ക് എത്തിയെങ്കിലും വാങ്ങാന്‍ ആളില്ലാത്തതിനാല്‍ മാര്‍ക്കറ്റില്‍ തന്നെ കെട്ടിക്കിടക്കുകയാണ്. കര്‍ഷകര്‍ക്ക് ഒരു കിലോഗ്രാമിന് മൂന്നു മുതല്‍ നാലു രൂപ വരെ മാത്രമാണ് ലഭിക്കുന്നത്. ഒരു പെട്ടി തക്കാളി പറിച്ചെടുക്കാന്‍ 15 മുതല്‍ 20 രൂപ വരെ ചെലവഴിക്കാറുണ്ട്. ഇത് തോട്ടത്തില്‍ നിന്നു വാഹനത്തില്‍ കയറ്റി മാര്‍ക്കറ്റില്‍ എത്തിക്കുന്ന ഇനത്തില്‍ 20 രൂപയോളം ചെലവഴിക്കേണ്ടിവരുന്നു. മാര്‍ക്കറ്റില്‍ എത്തുന്ന തക്കാളി പെട്ടി ഒന്നിന് മൂന്നു രൂപ കമ്മീഷനും നല്‍കണം.
തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ജില്ലയിലെ കുടിമംഗല്ലം, പെത്തപ്പപെട്ടി, പൂളവാടി, കുറിച്ചികോട്ട എന്നിവിടങ്ങളിലും കുമരലിംഗം, പളനി താഴ്‌വര മേഖലകളിലുമാണ് പ്രധാനമായും തക്കാളി കൃഷി ചെയ്യുന്ന കര്‍ഷകരുള്ളത്. ഇത്തവണ കേരളത്തിലെ വേനല്‍മഴയോടൊപ്പം പശ്ചിമഘട്ടത്തിന്റെ കിഴക്കന്‍ ചരിവിലുള്ള പ്രദേശങ്ങളിലും നീലഗിരി മേഖലയിലും സാമാന്യം നല്ല മഴയും തുടര്‍ന്ന് നല്ല വിളവും ലഭിച്ചിരുന്നു.

RELATED STORIES

Share it
Top