വിലയിടിവ്: ജീവിതം വഴിമുട്ടി തക്കാളി കര്‍ഷകരും

ന്യൂഡല്‍ഹി: മൊത്തവിപണിയില്‍ ഉല്‍പന്നങ്ങള്‍ക്ക് വിലയിടിഞ്ഞതോടെ രാജ്യത്തെ കര്‍ഷകര്‍ കൂടുതല്‍ പ്രതിസന്ധിയിലേക്കു നീങ്ങുന്നു. എണ്ണക്കുരു,  പയറുവര്‍ഗങ്ങള്‍, ഉരുളക്കിഴങ്ങ് എന്നിവയ്ക്ക് പിന്നാലെ വിപണി ലഭിക്കാതെ രാജ്യത്തെ തക്കാളി കര്‍ഷകരാണ് ഇപ്പോള്‍ പ്രതിസന്ധിയിലേക്കു നിങ്ങുന്നത്.  രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കഴിഞ്ഞ മൂന്നുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് തക്കാളിയുടെ മൊത്തവിപണിമൂല്യം. ഈ വര്‍ഷം മാത്രം 22.3 ബില്യണ്‍ തക്കാളികളാണ് രാജ്യത്ത് ഉല്‍പാദിപ്പിച്ചത്.
2014-15 വര്‍ഷത്തേക്കാളും 35 ശതമാനം അധികമാണ് ഈ വര്‍ഷം ഉല്‍പാദനമെങ്കിലും കര്‍ഷകര്‍ക്ക് വിപണി ലഭിക്കാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഈ മേഖലയില്‍ സര്‍ക്കാര്‍ ആവശ്യമായ ഇടപെടലുകള്‍ നടത്താത്തതാണ് പ്രതിസന്ധിക്കു കാരണം. സര്‍ക്കാര്‍ കൃത്യമായ വിപണി ഒരുക്കിനല്‍കാത്തതിനാല്‍ ഇക്കുറി തക്കാളികര്‍ഷകരെ കാത്തിരിക്കുന്നത് വലിയ തകര്‍ച്ചയാവും. ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ രാജ്യത്തെ പ്രധാന തക്കാളി ഉല്‍പാദന സംസ്ഥാനങ്ങളിലെ  കര്‍ഷകരെയാണ് വിലത്തകര്‍ച്ച പ്രധാനമായും ബാധിക്കുക. ഉത്തര്‍പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലും വിലയിടിവ് വലിയതോതില്‍ കര്‍ഷകരെ ബാധിച്ചിട്ടുണ്ട്.
പല സംസ്ഥാനങ്ങളിലും തക്കാളികര്‍ഷകര്‍ മറ്റു കാര്‍ഷിക ഉല്‍പന്നങ്ങള്‍ കൃഷിചെയ്യുന്നതിലേക്ക് നീങ്ങിയിട്ടുണ്ട്.  ഉത്തര്‍പ്രദേശിലെ പല കര്‍ഷകഗ്രാമങ്ങളിലും ഒരുകിലോ തക്കാളി ഒരുരൂപയ്ക്കു വില്‍ക്കേണ്ട ഗതികേടിലാണെന്ന് കിസാന്‍ ജാഗ്രതി മഞ്ച് പ്രസിഡന്റ് പ്രഫ. സുധീര്‍ പവന്‍ പറയുന്നു. ഇതേ അവസ്ഥ തന്നെയാണ് മറ്റു കാര്‍ഷിക വിളകള്‍ക്കും സംഭവിക്കാന്‍ പോവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസം കര്‍ഷകര്‍ വിലത്തകര്‍ച്ചയെ തുടര്‍ന്ന് ഉരുളക്കിഴങ്ങ് റോഡില്‍ തള്ളി പ്രതിഷേധിച്ചിരുന്നു. അതേസമയം, ചില്ലറവില്‍പന വിപണിയില്‍ ഇപ്പോഴും കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് വിലയില്‍ വലിയ മാറ്റം ദൃശ്യമായിട്ടില്ല.
വിദേശ രാജ്യങ്ങളിലേക്ക് കയറ്റിയയക്കുന്നതടക്കമുള്ള ഇടപെടലുകളിലൂടെ മാത്രമേ ഈ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ സാധിക്കൂവെന്നാണ് കാര്‍ഷികമേഖലയിലെ വിദഗ്ധര്‍ പറയുന്നത്.
നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യം അടുത്തിടെയൊന്നും ഇത്തരത്തിലൊരു നീക്കം നടത്തിയിട്ടില്ലെന്നും കാര്‍ഷിക മേഖലയിലെ സാമൂഹിക ഗവേഷകര്‍ പറയുന്നു.  പല മേഖലകളിലും സഹകരണത്തിന് രാജ്യം കരാറില്‍ ഏര്‍പ്പെടുമ്പോള്‍ ഇന്ത്യക്കു ലാഭകരമായേക്കാവുന്ന കാര്‍ഷിക ഉല്‍പന്നങ്ങളുടെ കയറ്റുമതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് രാജ്യം ഒരു പരിഗണനയും നല്‍കിയിട്ടില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

RELATED STORIES

Share it
Top