വിലപേശല്‍ രാഷ്ട്രീയത്തിന് തിരിച്ചടിയേല്‍ക്കുന്നുവോ?

പ്രാദേശിക പാര്‍ട്ടികളുടെ സമ്മര്‍ദങ്ങള്‍ ദേശീയ രാഷ്ട്രീയത്തില്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും പ്രയാസങ്ങളും രാഷ്ട്രീയ നിരീക്ഷകരുടെ ഉല്‍ക്കണ്ഠാവിഷയങ്ങളാണ് പലപ്പോഴും. കഴിഞ്ഞ യുപിഎ ഗവണ്‍മെന്റ് വലിയൊരളവോളം ഇത്തരം പ്രയാസങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. സംസ്ഥാനതലത്തില്‍ ചെറുകക്ഷികള്‍ പല സമയത്തും മുന്നണിസംവിധാനങ്ങളെ അസ്ഥിരമാക്കുന്നതും നമുക്കറിയാം. ഇത്തരം സമ്മര്‍ദങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ശാപം തന്നെയാണ്. ഇന്ത്യയിലെ ബഹുകക്ഷി സമ്പ്രദായം ഈ ദുരവസ്ഥയുടെ പ്രതിഫലനവുമാണ്.
കേരളത്തിലെ മുന്നണി സംവിധാനത്തെ നിരന്തരം സമ്മര്‍ദവിധേയമാക്കിക്കൊണ്ടിരിക്കുന്ന പാര്‍ട്ടികളിലൊന്നാണ് കേരളാ കോണ്‍ഗ്രസ്. പല ഗ്രൂപ്പുകളും പാര്‍ട്ടികളുമായിത്തിരിഞ്ഞ് മുന്നണികള്‍തോറും മാറി മാറി സ്ഥാനംപിടിക്കുന്ന രാഷ്ട്രീയപ്രസ്ഥാനമാണത്. ക്രിസ്തീയസഭകളുടെ ആശീര്‍വാദവും പ്രധാനമായും മധ്യകേരളത്തിലെ കര്‍ഷക-കുടിയേറ്റ-എസ്റ്റേറ്റ് ലോബിയുടെ പിന്‍ബലവും ഈ പാര്‍ട്ടിക്കുണ്ട്. പുറമേക്ക് എന്തു പറഞ്ഞാലും പള്ളിയുടെയും പട്ടക്കാരുടെയും പ്രാതിനിധ്യമാണ് പാര്‍ട്ടിക്ക് സാമാന്യമായുള്ളത്. കേരള രാഷ്ട്രീയത്തിനുമേല്‍ സാമുദായിക സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്നതില്‍ മുസ്‌ലിംലീഗിനെപ്പോലെ കേരളാ കോണ്‍ഗ്രസ് വലിയ പങ്കുവഹിച്ചിട്ടുമുണ്ട്. ഇരുമുന്നണികളെയും പാര്‍ട്ടിയുടെ സമ്മര്‍ദതന്ത്രങ്ങള്‍ നല്ലപോലെ ബാധിക്കുന്നു എല്ലാകാലത്തും.
എന്നാല്‍, കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ സമ്മര്‍ദ രാഷ്ട്രീയം ഇപ്പോള്‍ വല്ലാത്ത ഒരു പതനത്തിലാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്. യുഡിഎഫിനോടും എല്‍ഡിഎഫിനോടും വിലപേശിക്കൊണ്ടിരിക്കുകയാണ് പാര്‍ട്ടി. കെ എം മാണി എന്ന നേതാവിന്റെയും അദ്ദേഹത്തിന് വേണ്ടപ്പെട്ടവരുടെയും താല്‍പര്യങ്ങള്‍ക്കു വേണ്ടി മാത്രമാണ് ഈ വിലപേശല്‍ എന്നതാണ് സങ്കടകരം. ഇപ്പോള്‍ അത് പാര്‍ട്ടിയെ തന്നെ വിഷമവൃത്തത്തില്‍ അകപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ടാണ് ആസന്നമായ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കേരളാ കോണ്‍ഗ്രസ് (എം) നിര്‍ബന്ധിതമായത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പും പാര്‍ട്ടിക്കൊരു കീറാമുട്ടിയായി മാറി. വിലപേശല്‍ രാഷ്ട്രീയമാണ് മാണിഗ്രൂപ്പിനെ ഈ കുടുക്കിലകപ്പെടുത്തിയിട്ടുള്ളത്. രാഷ്ട്രീയ സദാചാരമില്ലായ്മയ്‌ക്കേറ്റ തിരിച്ചടിയെന്നേ അതിനെ വിശേഷിപ്പിക്കാനാവൂ.
കണ്ടാല്‍ മൊഞ്ചുള്ള ഒരു പെണ്‍കുട്ടി കവലയിലിറങ്ങിനിന്നാല്‍ ആരുമൊന്ന് കടാക്ഷിക്കുമെന്ന്, തങ്ങളുടെ പാര്‍ട്ടിയെ തേടി മറ്റു രാഷ്ട്രീയകക്ഷികള്‍ വരുന്നതിനെപ്പറ്റി കെ എം മാണി അഭിമാനപൂര്‍വം പറഞ്ഞിരുന്നു പണ്ട്. എന്നാല്‍, കൈപിടിക്കുന്ന ആരുടെയും കൂടെ പോവാന്‍ തയ്യാറാവുന്ന സൈ്വരിണിയുടെ അവസ്ഥയില്‍ എത്തിയോ പാര്‍ട്ടി എന്നല്ലേ ഇപ്പോള്‍ ആലോചിക്കേണ്ടത്?

RELATED STORIES

Share it
Top