വിലത്തകര്‍ച്ച: ഉത്തര്‍പ്രദേശില്‍ കര്‍ഷക പ്രതിഷേധം

ലഖ്‌നോ: ഉത്തര്‍പ്രദേശ് നിയമസഭയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയുടെയും മുന്നില്‍ പ്രതിഷേധത്തിന്റെ ഭാഗമായി കര്‍ഷകര്‍ ഉരുളക്കിഴങ്ങ് നിക്ഷേപിച്ചു. നൂറു കിലോ ഉരുളക്കിഴങ്ങിന് 487 രൂപ താങ്ങുവില പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ ശനിയാഴ്ച സമരവുമായെത്തിയത്. ഇരുട്ടിന്റെയും മഞ്ഞിന്റെയും മറവില്‍ കനത്ത സുരക്ഷാ സംവിധാനങ്ങളുള്ള വിധാന്‍സഭാ മാര്‍ഗ്, കാളിദാസ് മാര്‍ഗ് എന്നിവിടങ്ങളിലെത്തിയ കര്‍ഷകര്‍ നൂറുകണക്കിന് ഉരുളക്കിഴങ്ങുകള്‍ നിക്ഷേപിക്കുകയായിരുന്നു. ഇരുപാതകളിലൂടെയും വാഹനങ്ങള്‍ കടന്നുപോവുകകൂടി ചെയ്തതോടെ ഉരുളക്കിഴങ്ങ് ചതഞ്ഞരയുകയും ചെയ്തു.  ഉരുളക്കിഴങ്ങിന്റെ താങ്ങുവില ആയിരം രൂപയാക്കണമെന്നായിരുന്നു കര്‍ഷകരുടെ ആവശ്യം. സംഭവത്തില്‍ അഞ്ച് പോലിസുകാരെ സസ്‌പെന്‍ഡ് ചെയ്തു. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്ന കാരണം കാണിച്ച് നാല് കോണ്‍സ്റ്റബിള്‍മാരെയും ഒരു സബ് ഇന്‍സ്‌പെക്ടറെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട സബ് ഇന്‍സ്‌പെക്ടറും രണ്ട് പോലിസുകാരും ഗൗതംപാലി സ്‌റ്റേഷനില്‍നിന്നുള്ളവരാണ്. മറ്റു രണ്ടു പേര്‍ ഹസ്‌റത്ഗഞ്ച് സ്‌റ്റേഷനില്‍നിന്നുള്ളവരാണ്. ഒരു മിനി ട്രക്കില്‍ ഉരുളക്കിഴങ്ങ് കൊണ്ടുവന്ന് നിക്ഷേപിക്കുന്നത് പോലിസുകാരില്‍ ഒരാള്‍ കണ്ടിരുന്നു. വാഹനത്തിന്റെ നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്പി ദീപക്കുമാര്‍ അറിയിച്ചു.

RELATED STORIES

Share it
Top