വിലങ്ങാട് മലയില്‍ വീണ്ടും അഗ്‌നിബാധ; ഏഴേക്കര്‍ കൃഷി ഭൂമി കത്തി നശിച്ചു

വാണിമേല്‍: വിലങ്ങാട് വായാട് കാറ്റുള്ളാംപാറ മലയിലുണ്ടായ വന്‍ അഗ്‌നിബാധയില്‍ ഏഴേക്കറോളം കൃഷി ഭൂമി കത്തി നശിച്ചു. നരിപ്പറ്റ പഞ്ചായത്തിലെ തിനൂര്‍ വില്ലേജിലെ മലയോരത്താണ് തീപ്പിടിത്തം ഉണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് വായാട് സ്വദേശി തറപ്പേല്‍ വാവച്ചന്റെ കൃഷിയിടത്തിലേക്ക് മുകള്‍ ഭാഗത്ത് നിന്ന് തീ താഴേക്ക് ഇറങ്ങുകയായിരുന്നു.
വാവച്ചന്‍ ടാപ്പിങ് നടത്തുന്ന രണ്ടേക്കറോളം റബര്‍ തോട്ടവും മെഴുക്തിരി നിര്‍മാണം നടത്തിയിരുന്ന ഷെഡും കത്തിനശിച്ചു. സമീപത്തെ കുളത്തിങ്ക ല്‍ മാത്യു മാസ്റ്ററുടെ തേക്കിന്‍ തോട്ടത്തിലേക്ക് തീപടര്‍ന്ന് മുന്നൂറോളം തേക്കിന്‍ തൈകളും  നശിച്ചു. കുന്നത്തോട് ജോഷി, കുന്നത്തോട് ബിജു എന്നിവരുടെ കൃഷി ഭൂമിയും കത്തി ചാമ്പലായി. വലിയ വീട്ടില്‍ മാത്യുവിന്റെ റബര്‍ തോട്ടത്തിലേക്ക് പടര്‍ന്ന തീ നാട്ടുകാര്‍ നിയന്ത്രണ വിധേയമാക്കിയെങ്കിലും അമ്പതില്‍പരം റബര്‍ മരങ്ങള്‍ കത്തി നശിച്ചു.
200ല്‍ അധികം റബര്‍ മരങ്ങളാണ് നാട്ടുകാരുടെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് സംരക്ഷിക്കാനായത്. റബര്‍ തോട്ടത്തിലേക്ക് പടര്‍ന്ന തീ മറ്റിടങ്ങിലേക്ക് പടരാതെ ചേര്‍ന്ന് പച്ചിലകളും മറ്റും ഉപയോഗിച്ച് നാട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് അടിച്ച് കെടുത്തുകയായിരുന്നു. മണിക്കൂറോളം കഠിനാധ്വാനം ചെയ്താണ് തീ നിയന്ത്രണവിധേയമാക്കിയത്.
കുറ്റിയാടി നിന്ന് വനം വകുപ്പ് അധികൃതരും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top