വിലക്ക് ലംഘിച്ച് ടിപ്പറും ടോറസും ചീറിപ്പായുന്നു

കാഞ്ഞിരപ്പള്ളി: നിയമങ്ങള്‍ കാറ്റില്‍ പറത്തി ടിപ്പറും ടോറസും ചീറിപ്പായുന്നു. രാപകല്‍ ഭേദമന്യ ടിപ്പര്‍, ടോറസ് ലോറികളുടെ ഓട്ടംപലപ്പോഴും യാത്രക്കാരുടെ ജീവനു തന്നെ ഭീഷണിയായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രിയില്‍ മുക്കട ചാരു വേലിയില്‍ ടിപ്പറുമായി ഇടിച്ച് ബൈക്ക് യാത്രികന്‍ അപകടത്തില്‍പ്പെട്ടിരുന്നു. മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചിരിക്കുന്ന കര്‍ശന നിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് ടിപ്പര്‍ വാഹനങ്ങളുടെ സഞ്ചാരമെന്ന് ആരോപണമുണ്ട്. ജില്ലക്ക് പുറത്തുള്ള വാഹനങ്ങളാണ് രാത്രികാലങ്ങളില്‍ നിര്‍വീസ് നടത്തുന്നവയിലേറെയും. ഡ്രൈവര്‍മാര്‍ക്ക് പരിചയമില്ലാത്ത റോഡായതിനാല്‍ അപകട സാധ്യതയേറുന്നു. ചെറു റോഡുകളില്‍ ഭാരവാഹനങ്ങള്‍ക്കു വിലക്കുണ്ടെങ്കിലും ഇതൊന്നും ഇവയെ ബാധിക്കാറില്ല. ദേശീയപാതകളില്‍ മറ്റു വാഹനങ്ങളെ അമിത വേഗത്തില്‍ മറികടക്കാന്‍ ശ്രമിക്കുന്നതും അപകടങ്ങള്‍ക്കു കാരണമാവുന്നു.
അപകടങ്ങളും പരാതികളുമുയര്‍ന്നതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന കര്‍ശനമാക്കിയതിനാല്‍ ടിപ്പറുകള്‍ക്കു വേഗനിയന്തണമുണ്ടായിരുന്നു. എന്നാല്‍ വാഹന വകുപ്പിന്റെ പരിശോധന ഇപ്പോള്‍ കാര്യക്ഷമമല്ലാത്തതാണ് അമിതവേഗത്തിനു കാരണമെന്നാണ് ആരോപണം. സ്്കുളുകളുടെ പരിസരത്തു പോലും ഇവര്‍ വേഗം നിയന്ത്രിക്കാറില്ല. റോഡ് നിയമങ്ങള്‍ പാലിക്കാത്തതിനാല്‍ കാല്‍നട യാത്രികര്‍ പോലും ഭീതിയിലാണ്. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ലോഡ് ഇറക്കുന്നതിന് അനുസരിച്ചാണു ഡ്രൈവര്‍മാരുടെ വേതനം ക്രമീകരിച്ചിട്ടുള്ളത്. ഇതിനാല്‍ വാഹനം അമിതവേഗതയില്‍ ഓടിക്കാന്‍ ഡ്രൈവര്‍മാര്‍ നിര്‍ബന്ധിതരാവുകയാണ്. വന്‍കിട ക്രഷറര്‍ ലോബിയുടെ ഉടമസ്ഥതയിലുള്ള ടിപ്പറുകളാണ് ഏറെയും. അതിനാല്‍ ഇവര്‍ക്കെതിരേ നടപടിയെടുക്കാന്‍ പോലിസുകാര്‍ തയാറാവുന്നില്ലെന്നു നാട്ടുകാര്‍ പറയുന്നു.
വലിയ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ വാഹനങ്ങളില്‍ സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കണമെന്നാണു നിയമമെങ്കിലും ടിപ്പറുകള്‍ ഇതു പാലിക്കുന്നില്ലെന്നാണ് ആരോപണം. ലോഡുമായി പോവുന്ന ടിപ്പര്‍ ലോറികള്‍ മുകള്‍ ഭാഗം പടുതയിട്ട് മുടണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും പാലിക്കാറില്ല.ഇക്കാരണത്താല്‍ ടിപ്പര്‍ ലോറികള്‍ പായുമ്പോള്‍ പിന്നാലെ വരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെയും യാത്രക്കാരുടെയും മുഖത്തേക്കാണ് പൊടിപടലങ്ങള്‍ പറക്കുന്നത്.
ഇതും അപകടങ്ങള്‍ക്ക് കാരണമാവുന്നു. റോഡിലെ വാഹന യാത്ര സുഗമമാക്കാന്‍ നിയമങ്ങള്‍ നിലനില്‍ക്കെയാണ് നിയമത്തെ അവഗണിച്ചുള്ള യാത്രകള്‍. രാവിലെ 8.30 മുതല്‍ 10വരെയും വൈകീട്ട് 3.30 മുതല്‍ അഞ്ചുവരെയും ടിപ്പര്‍ ലോറികള്‍ക്കും ടിപ്പര്‍ മെക്കാനിസം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്കും സംസ്ഥാനത്തെ റോഡുകളില്‍ നിരോധനം നിലവിലുണ്ട്. എന്നാല്‍ ടിപ്പറുകള്‍ തുടരുന്ന നിയമ ലംഘനം നിര്‍ത്തലാക്കാന്‍ പോലിസോ മോട്ടോര്‍ വാഹന വകുപ്പോ തയാറാവുന്നില്ല.

RELATED STORIES

Share it
Top