വിറങ്ങലിച്ച് കോഴിക്കോട്

പി  കെ സി മുഹമ്മദ്

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടി ഏഴുപേര്‍ മരിച്ചു. മണ്ണിനടിയില്‍പ്പെട്ട എട്ടുപേര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്. വെട്ടിയൊഴിഞ്ഞതോട്ടം കരിഞ്ചോല അബ്ദുര്‍റഹ്മാന്‍ (60), ജാഫര്‍,  ജാഫറിന്റെ മകന്‍ മുഹമ്മദ് ജാസിം (5), അയല്‍വാസി സലീമിന്റെ മക്കളായ ദില്‍ന ഷെറിന്‍ (ഒമ്പത്), മുഹമ്മദ് ഷഹബാസ് (മൂന്ന്), ഹസ്സന്‍ (65), മകള്‍ ജന്നത്ത് (17) എന്നിവരാണ് മരിച്ചത്. മണ്ണിനടിയില്‍ നിന്നു കണ്ടെടുത്ത ഇവരുടെ മൃതദേഹങ്ങള്‍ താമരശ്ശേരി താലൂക്കാശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടത്തി ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. ദുരന്തത്തില്‍ മരിച്ചവരെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ നിന്ന് ഒഴിവാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിക്കുകയായിരുന്നു. പ്രവാസിയായ ജാഫര്‍ റമദാന്‍ പ്രമാണിച്ച് അവധിക്കു നാട്ടിലെത്തിയതാണ്. ജാഫറിന്റെ ഭാര്യ ഹന്നത്ത്, സലീം (35), ഭാര്യ സറീന (30), മൂത്ത മകന്‍ ഷമ്മാസ് (13) എന്നിവരെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലു വീടുകളിലുണ്ടായിരുന്ന 12 പേരാണ് അപകടത്തില്‍പ്പെട്ടത്. എന്നാല്‍, ഹസ്സന്റെ വീട്ടില്‍ നോമ്പുതുറയ്ക്കായി ബന്ധുക്കള്‍ എത്തിയതായി പറയപ്പെടുന്നു. തോരാതെ മഴ ചെയ്യുന്നതും മണ്ണും ചളിയും ഒലിച്ചുവരുന്നതും രക്ഷാപ്രവര്‍ത്തനത്തിനു തടസ്സമായി. നാട്ടുകാരും അഗ്നിശമന വിഭാഗവും പോലിസും രക്ഷാദൗത്യം വൈകിയും തുടരുകയാണ്. ഇവിടേക്കുള്ള പ്രധാന റോഡുകളില്‍ വെള്ളം കയറിയതും രക്ഷാപ്രവര്‍ത്തനത്തിന് പ്രയാസം സൃഷ്ടിച്ചു. ദുരിതബാധിതര്‍ക്കായി കട്ടിപ്പാറ വില്ലേജില്‍ മൂന്ന് ക്യാംപുകള്‍ ആരംഭിച്ചു. ഗവ. യുപി സ്‌കൂള്‍ വെട്ടിയൊഴിഞ്ഞതോട്ടം, ചുണ്ടന്‍കുഴി സ്‌കൂള്‍, കട്ടിപ്പാറ നുസ്രത്ത് സ്‌കൂള്‍ എന്നിവിടങ്ങളില്‍ 248 പേരാണ് ക്യാംപിലുള്ളത്. ഇതിനിടയില്‍, ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ കരിഞ്ചോല പ്രസാദിനെയും കുടുംബത്തെയും നാട്ടുകാര്‍ സാഹസികമായി രക്ഷപ്പെടുത്തി. ഇവരുടെ വീടുപണി നടക്കുന്നതിനാല്‍ താല്‍ക്കാലിക ഷെഡിലായിരുന്നു താമസം. ആകെയുള്ള സമ്പാദ്യമായ ആറ് ആടുകളും ഒലിച്ചുപോയി. രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്തനിവാരണ സേന സ്ഥലത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് പരിസരത്തെ നാലു വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. മരിച്ച ആറുപേരെയും വെട്ടിയൊഴിഞ്ഞതോട്ടം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്തു. തിരച്ചില്‍ ഇന്നു തുടരും.

RELATED STORIES

Share it
Top