വിരലടയാള വിദഗ്ധര്‍ക്ക് തെളിവെടുക്കാനായില്ല

ഇരിക്കൂര്‍: ബ്ലാത്തൂര്‍ പന്നിപ്പാറയില്‍ ഇതരസംസ്ഥാന തൊഴിലാളി താമസ സ്ഥലത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ വിരലടയാള വിദഗ്ധര്‍ക്ക് തെളിവെടുക്കാനായില്ല. കല്യാട് ചെങ്കല്‍ ക്വാറി തൊഴിലാളിയായ അസം ദുബ്രി ജില്ലയിലെ മോദിബറ വില്ലേജിലെ താമസക്കാരനുമായ സ്വഹദേവ്(45) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകീട്ട് നാലിനും അഞ്ചിനുമിടയിലാണ് സംഭവം പുറംലോകമറിഞ്ഞത്. കൊലപാതക വിവരമറിഞ്ഞ് പ്രദേശവാസികള്‍ സ്ഥലത്തേക്ക് കൂട്ടത്തോടെ ഒഴുകിയെത്തി. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, മട്ടന്നൂര്‍ സിഐ വി വി ജോണ്‍, ഇരിക്കൂര്‍ എസ്‌ഐ വി വി പ്രദീപ്, വി എം വിനോദ് എന്നിവരും സ്ഥലത്തെത്തി. ഇതിനു പുറമേ കണ്ണൂരില്‍ നിന്നുള്ള കീമോ എന്ന പോലിസ് നായയും വിരലടയാള വിദഗ്ധരുമെത്തിയെങ്കിലും ഫലമുണ്ടായില്ല. സ്വഹദേവ് വാടക വീട്ടിലെത്തിയെങ്കിലും വെളിച്ചക്കുറവ് മൂലം തിരിച്ചുപോവുകയായിരുന്നു. മുറിയില്‍ ആവശ്യമായ വെളിച്ചമില്ലാത്തതിനാല്‍ വിരലടയാള വിദഗ്ധര്‍ക്ക് വിശദമായ പരിശോധന നടത്താനായില്ല. തുടര്‍ന്ന് മടങ്ങിപ്പോയ സംഘം ഇന്നു വീണ്ടും പരിശോധനയ്‌ക്കെത്തുമെന്ന് പോലിസ് അറിയിച്ചു.സ്വഹദേവ് ഉള്‍പ്പെടെ ഏഴുപേരാണ് വാടകയ്ക്കു താമസിച്ചു വരുന്നത്. ഇതില്‍ ആറുപേര്‍ പുലര്‍ച്ചെ 5നു പണിസ്ഥലത്തേക്കും മറ്റുമായി പോയെന്നാണു പോലിസിനു ലഭിച്ച വിവരം. ചെങ്കല്‍ ലോഡിങ് തൊഴിലാളികളായ മൂന്നുപേര്‍ വൈകീട്ടോടെ താമസസ്ഥലത്ത് തിരിച്ചെത്തിയപ്പോഴാണ് സ്വഹദേവ് രക്തം വാര്‍ന്ന് കൊല്ലപ്പെട്ട നിലയില്‍ കണ്ടതെന്നാണു സമീപവാസികളോട് പറഞ്ഞത്. എന്നാല്‍ പോലിസ് ഇത് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. മുറിയിലുള്ളവരെയെല്ലാം പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൊലപാതകത്തിലെ വിവരങ്ങള്‍ പൂര്‍ണമായും പുറത്തുവരികയുള്ളൂ. ഏതായാലും ഇതര സംസ്ഥാന തൊഴിലാളികളെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചാരണം തുടരുമ്പോഴുണ്ടായ കൊലപാതകം പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

RELATED STORIES

Share it
Top