വിരമിച്ച ഉന്നതര്‍ക്കു വേണ്ടിയും പോലിസിന്റെ അടിമപ്പണി

തിരുവനന്തപുരം: പോലിസിലെ ഉന്നത ഉദ്യോഗസ്ഥരുടെ സേവനത്തിനായി തിരുവനന്തപുരം റൂറല്‍ എആര്‍ ക്യാംപില്‍ നിന്നു മാത്രം ക്യാംപ് ഫോളോവേഴ്‌സായി നിയോഗിച്ചത് 53 പോലിസുകാരെ. ഇവരില്‍ 14 പേര്‍ക്ക് നിയമന ഉത്തരവ് പോലുമില്ല. ഉദ്യോഗസ്ഥരുടെ വാക്കാലുള്ള നിര്‍ദേശപ്രകാരമാണ് നിയമനം നടത്തിയത്. വിരമിച്ച ഉദ്യോഗസ്ഥരുടെ വീടുകളിലെ അടിമപ്പണിക്കും ആളെ നിയോഗിച്ചിട്ടുണ്ട്. കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ഐജി ലക്ഷ്മണയടക്കമുള്ള റിട്ട. ഉദ്യോഗസ്ഥര്‍ക്കൊപ്പം 18 പേരെയാണ് നിയോഗിച്ചിട്ടുള്ളത്.  ലക്ഷ്മണയ്‌ക്കൊപ്പം മാത്രം നാലു പേരുണ്ട്. പോലിസ് വകുപ്പിനു പുറത്ത് ജോലി ചെയ്യുന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം 16 പോലിസുകാരുമാണുള്ളതെന്ന് കണക്കുകള്‍ പറയുന്നു. സംസ്ഥാനത്തെയാകെ കണക്കെടുമ്പോള്‍ ഉന്നത ഉദ്യോഗസ്ഥരുടെ സേവകരായി ജോലി നോക്കുന്നവരുടെ എണ്ണം എഴുനൂറോളം വരും. മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും കൂടെയുള്ള പോലിസുകാരുടെ കണക്കെടുത്താല്‍ സംഖ്യ ഇനിയും ഉയരും. അറ്റാച്ച്‌മെന്റ് എന്ന പേരിലാണ് ഈ പോലിസുകാരുടെ നിയമനങ്ങളിലധികവും നടത്തിയിരിക്കുന്നത്. ഔദ്യോഗികമായി അനുവദിച്ച പേഴ്‌സനല്‍ സെക്യൂരിറ്റി ഓഫിസര്‍ (പിഎസ്ഒ), ഡ്രൈവര്‍ എന്നിവര്‍ക്കു പുറമേയാണിത്. വിരമിച്ച പോലിസ് ഉദ്യോഗസ്ഥര്‍ക്കൊപ്പവും ഇങ്ങനെ ഏറെ പോലിസുകാരുണ്ട്. കേരള പോലിസില്‍ നിലവില്‍ 54,243 ഉദ്യോഗസ്ഥരാണുള്ളത്. ഇതില്‍ ആറായിരത്തോളം പേര്‍ പോലിസിന്റേതല്ലാത്ത മറ്റു ജോലികളാണ് ചെയ്യുന്നത്. പലരും വര്‍ഷങ്ങളായി സ്‌പെഷ്യല്‍ യൂനിറ്റുകളിലാണ് ജോലിനോക്കുന്നത്. പോലിസ് ആസ്ഥാനത്ത് മാത്രം നൂറോളം പേരുണ്ട്. മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ ഇങ്ങനെ നിയമിക്കരുതെന്നാണ് ചട്ടമെങ്കിലും 15 വര്‍ഷം വരെ ഒരേ സ്ഥാനത്ത് തുടരുന്നവരുണ്ട്. പല ഐപിഎസ് ഉദ്യോഗസ്ഥരും പത്തിലേറെ പോലിസുകാരെയാണ് വീട്ടിലും മറ്റും നിര്‍ത്തിയിരിക്കുന്നത്. 22 പോലിസുകാരെ വരെ കൂടെ നിര്‍ത്തിയിട്ടുള്ള ഉദ്യോഗസ്ഥര്‍ നിലവിലുണ്ട്.

RELATED STORIES

Share it
Top