വിരമിച്ചവരെ വീണ്ടും നിയമിക്കാന്‍ റെയില്‍വേ

സുധീര്‍  കെ  ചന്ദനത്തോപ്പ്

കൊല്ലം: റെയില്‍വേ റിക്രൂട്ടിങ് സെന്റര്‍ നടത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട 4229 പേര്‍ നിലവിലുള്ളപ്പോള്‍, വിരമിച്ച ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ വീണ്ടും നിയമിക്കാനുള്ള നടപടി റെയില്‍വേ ത്വരിതപ്പെടുത്തി. ആര്‍ആര്‍സി 2013ല്‍ ഗ്രൂപ്പ് ഡി വിഭാഗത്തിലേക്ക് നടത്തിയ പരീക്ഷയില്‍ നിന്ന് 17,589 പേരാണ് റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. ഇതില്‍ നിന്ന് 13,360 പേരെ റെയില്‍വേ പല ഘട്ടങ്ങളിലായി ജോലിക്കായി വിളിച്ചു. ബാക്കിയുള്ള 4229 പേര്‍ എഴുത്തു പരീക്ഷയും കായികക്ഷമതാ പരീക്ഷയും പൂര്‍ത്തിയാക്കി മൂന്നു വര്‍ഷത്തോളമായി കാത്തുനില്‍ക്കുകയാണ്. മെഡിക്കല്‍ ടെസ്റ്റും, ഡോക്യുമെന്റ് വെരിഫിക്കേഷനും മാത്രമാണ് ഇവര്‍ക്ക് മുന്നിലുള്ള കടമ്പ. എന്നാല്‍, ഇവരുടെ ലിസ്റ്റ് നിലനില്‍ക്കെ വിവിധ ഒഴിവുകളിലേക്കു വിരമിച്ച ജീവനക്കാരെ കരാര്‍ നിയമനം നടത്താനുള്ള നടപടികളിലാണു റെയില്‍വേ. ഒഴിവുകളില്ലെന്നാണ് തങ്ങള്‍ക്കു നിയമനം നല്‍കാതിരിക്കുന്നതിനു കാരണമായി റെയില്‍വേ പറയുന്നതെന്നു ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളിലൊരാളായ എറണാകുളം സ്വദേശി ജോയ്‌സി ജിജോ തേജസിനോടു പറഞ്ഞു. അതേസമയം, റെയില്‍വേ തിരുവനന്തപുരം ഡിവിഷനില്‍ കഴിഞ്ഞ ഡിസംബറില്‍ 733 ഒഴിവുകളിലേക്കാണു കരാര്‍ അടിസ്ഥാനത്തില്‍ വിരമിച്ചവരെ നിയമിക്കുന്നതിന് വിജ്ഞാപനം ഇറക്കിയത്.ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ട്രാക്ക് മെയിന്റനര്‍മാരുടേതാണ്. 300 ഒഴിവുകളാണു ഈ വിഭാഗത്തിലുള്ളത്. ടിടിഇമാരുടെ 60 ഒഴിവും സ്‌റ്റേഷന്‍ മാസ്റ്റര്‍മാരുടെ 45 ഒഴിവുമുണ്ട്. ഷണ്ടിങ് മാസ്റ്റര്‍-30, സിഗ്‌നല്‍ ടെക്‌നീഷ്യന്‍-40, കമേഴ്‌സ്യല്‍ ക്ലാര്‍ക്ക്-45 എന്നിങ്ങനെയാണ് മറ്റ് ഒഴിവുകള്‍.പാലക്കാട് ഡിവിഷനില്‍ വിവരാവകാശ പ്രകാരം അപേക്ഷിച്ചപ്പോള്‍ 249 ഒഴിവുകള്‍ ഉള്ളതായി മറുപടി ലഭിച്ചതായി ഉദ്യോഗാര്‍ഥികളിലൊരാളായ കോഴിക്കോട് സ്വദേ ശി ഫാത്തിമ പറഞ്ഞു. എന്നാ ല്‍ ഇപ്പോള്‍ പാലക്കാട് ഡിവിഷനി ല്‍ 142 പേരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള വിജ്ഞാപനം ഇറക്കിക്കഴിഞ്ഞു. നിലവില്‍ റെയില്‍വേയില്‍ വിരമിക്കല്‍ പ്രായം 60 ആണ്. വീണ്ടും നിയമിക്കുന്നവര്‍ക്കു രണ്ടുവര്‍ഷം കൂടി തുടരാം. അവസാനം വാങ്ങിയ ശമ്പളത്തില്‍ നിന്നു പെന്‍ഷന്‍ തുക കുറയ്ക്കുന്നതാവും ഇവരുടെ പ്രതിമാസ വേതനം. അത് അവസാന ശമ്പളത്തിന്റെ പകുതിയോളമേ വരൂ. കൂടാതെ മറ്റ് ആനുകൂല്യങ്ങളൊന്നും നല്‍കേണ്ടതുമില്ല. ഇതാണു വിരമിച്ചവരെ വീണ്ടും നിയമിക്കുന്നതിനുള്ള കാരണം. ജീവനക്കാരുടെ അഭാവം മൂലം ട്രെയിനുകള്‍ റദ്ദാക്കുന്ന നടപടികള്‍ തുടരുമ്പോഴാണു നിലവിലെ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ മൂന്നു വര്‍ഷമായിട്ടും നിയമിക്കാതെ റെയില്‍വേ ഒളിച്ചുകളി നടത്തുന്നതെന്നും ആക്ഷേപമുണ്ട്.

RELATED STORIES

Share it
Top