വിരണ്ടോടിയ എരുമ രണ്ടുപേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു

ആലപ്പുഴ: നഗരത്തിലൂടെ വിരണ്ടോടിയ എരുമ രണ്ടുപേരെ കുത്തിപരിക്കേല്‍പ്പിച്ചു. നഗരത്തിലെ മുല്ലക്കലില്‍ ഒരു യുവാവിനും ചാത്തനാട്ട് ഒരു വീട്ടമ്മയ്ക്കുമാണ് എരുമ വിരണ്ടോടിയപ്പോള്‍ പരുക്കുപറ്റിയത്. നഗരത്തില്‍ പരിഭ്രാന്ത്രി പരത്തിയ എരുമയെ ആറു മണിക്കൂറിന് ശേഷമാണ് പിടികൂടാനായത്.
ഇന്നലെ നഗരത്തിലെ കല്ലുപാലത്തിന് സമീപമുള്ള ഇറച്ചികടയില്‍ കൊണ്ടുവന്ന എരുമയാണ് വിരണ്ടോടിയത്. ഓട്ടത്തിനിടെ എരുമ എ എസ് കനാലില്‍ വീണു. ഓടിക്കൂടിയ നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നു ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി. ഇതിനിടെ ഇറച്ചിക്കടക്കാരന്‍ ബഷീര്‍ കുരുക്കിട്ടു. നാട്ടുകാര്‍ എല്ലാവരും കൂടെ ആഞ്ഞുവലിച്ചു. കുതറിയോടാനുള്ള ശ്രമത്തിനിടെ ഇലക്ട്രിക് പോസ്റ്റിനോട് ചേര്‍ത്തുകെട്ടുകയും കാലുകള്‍ ബന്ധിക്കുകയും ചെയ്തു. എന്നാല്‍ വീണ്ടും കുതറിയോടാന്‍ ശ്രമിക്കുന്നതിനിടെ ആളുകള്‍ പിരിഞ്ഞുപോകും മുമ്പ് വീണ്ടും കനാലിലേക്ക് വീണു. നാട്ടുകാര്‍ ചേര്‍ന്നു ഒരിക്കല്‍ക്കൂടെ വലിച്ച് പുറത്തെത്തിച്ചു മാറ്റികെട്ടി. എരുമയെ പിടികൂടിയതറിഞ്ഞ ഉടമയും സംഭവസ്ഥലത്തെത്തി. തുടര്‍ന്നു നാട്ടുകാര്‍ചേര്‍ന്ന് വാഹനത്തില്‍ കയറ്റിവിടുകയായിരുന്നു.

RELATED STORIES

Share it
Top