വിയോജിപ്പുകളെ നിശ്ശബ്ദമാക്കല്‍ തുടരുന്നു: പ്രഫസറുടെ സ്ഥാനംതെറിച്ചു

കാസര്‍കോട്: സംഘപരിവാറിന് ആധിപത്യമുള്ള കേന്ദ്ര സര്‍വകലാശാലയില്‍ വിയോജിപ്പിന്റെ ശബ്ദങ്ങളെ നീക്കം ചെയ്യല്‍ തുടരുന്നു. ഇംഗ്ലീഷ് ആന്റ് കംപാരിറ്റീവ് ലിറ്ററേച്ചര്‍ വകുപ്പ് മേധാവി പ്രഫ. പ്രസാദ് പന്ന്യനെ തല്‍സ്ഥാനത്ത് നിന്ന നീക്കിയതായി യുനിവേഴ്‌സിറ്റി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ദലിത് വിദ്യാര്‍ഥി നാഗരാജുവിനെതിരെ പരാതി നല്‍കി കേസില്‍കുടുക്കി ജയിലില്‍ അടച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. യൂനിവേഴ്‌സിറ്റി നടപടിക്കെതിരേ ഫേസ്ബുക്ക് പോസ്റ്റ് ചെയ്തുവെന്നാരോപിച്ചാണ് പ്രസാദ് പന്ന്യനെ സ്ഥാനത്ത് നിന്ന് നീക്കിയത്. സംഘപരിവാറിന് സമഗ്രാധിപത്യം സ്ഥാപിക്കാന്‍ യൂനിവേഴ്‌സിറ്റിയിലെ ഇതര ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നവരെ പുകച്ച് പുറത്ത് ചാടിക്കാന്‍ നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ് നടപടിയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിയമനവുമായി ബന്ധപ്പെട്ട് അഴിമതിയില്‍ മുങ്ങി കുളിക്കുന്ന യൂനിവേഴ്‌സിറ്റിയില്‍ വിസി അടക്കമുള്ളവര്‍ക്കെതിരേ യുജിസി നടപടിക്കൊരുങ്ങുന്നതിനിടയിലാണ് പുതിയ നീക്കം. കേന്ദ്ര സര്‍വ്വകാശാലയില്‍ തങ്ങള്‍ക്കെതിരെ ഉയരുന്ന ഓരോ ശബ്ദവും ഇല്ലാതാക്കുകയെന്ന ഭാഗമായാണ് ഇത്തരമൊരു നടപടി. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയലിലൂടെകേന്ദ്രസര്‍വകലാശാല വൈസ്ചാന്‍സിലാര്‍, രജിസ്ട്രാര്‍ തുടങ്ങിയവരെ അസഭ്യം പറഞ്ഞുവെന്ന് ആരോപിച്ച് ഇന്റര്‍ നാഷണല്‍ റിലേഷന്‍ ഡിപാര്‍ട്ട്‌മെന്റിലെ പി ജി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി അഖില്‍ താഴത്തിനെ പുറത്താക്കിയിരുന്നു. വൈസ് ചാന്‍സിലറെയോ കേന്ദ്ര സര്‍വകലാശാലയെയോ പരാമര്‍ശിക്കാതെ ആക്ഷേപ ഹാസ്യ രൂപത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍പോസ്റ്റ് ചെയ്ത പോസ്റ്റര്‍ സര്‍വകലാശാലയ്ക്ക് അപമാനം ഉണ്ടാക്കുന്നുവെന്ന് ആരോപിച്ചാണ് നടപടി. പ്രസാദ് പന്ന്യനെ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി സ്ഥാനത്ത് നിന്ന് പുറത്താക്കി കൊണ്ട് വെള്ളിയാഴ്ച വൈകീട്ടാണ് സര്‍വകലാശാല ഉത്തരവിറക്കിയത്. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ സര്‍വകലാശാലയെ ചോദ്യം ചെയ്യുകയാണെന്നും ഇത് സര്‍വീസ് നിയമത്തിന് വിരുദ്ധമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇങ്ങനെ ഒരു ഉത്തരവ് തനിക്ക് ഇതുവരെ ലഭിച്ചില്ലെന്ന് പ്രസാദ് പന്ന്യന്‍ തേജസിനോട് പറഞ്ഞു. അതേ സമയം ഉത്തരവ് പ്രൊ വൈസ് ചാന്‍സിലര്‍ പത്രങ്ങള്‍ക്കും തങ്ങളുടെ വരുതിയില്‍ നില്‍ക്കുന്ന അധ്യാപകര്‍ക്ക് വാട്‌സ് ആപ്പ് വഴി സര്‍വകലാശാല അധികൃതര്‍ അയ്യച്ചുകൊടുത്തിരുന്നു. ഒരു ചെറിയ കുറ്റം ക്രിമിനല്‍ കുറ്റം ആക്കി മാറ്റി നമ്മുടെ ഒരു കുട്ടിയെ നാല് ദിവസം ജയില്‍ തറയില്‍ ഉറക്കിയതില്‍ എനിക്ക് എതിര്‍പ്പുണ്ടെന്നും എത്രയും വേഗം അവനെ ജയിലില്‍ നിന്ന് പുറത്തിറക്കണമെന്നുമാണ് പ്രസാദ് പന്ന്യന്‍ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടിരുന്നത്.

RELATED STORIES

Share it
Top