വിമുക്തഭട കോളനി ഭൂമിയിലെ 11,000 വീട്ടിമരങ്ങള്‍ മുറിക്കുന്നു

കല്‍പ്പറ്റ: വയനാട് വിമുക്തഭട കോളനി ഭൂമിയിലെ 11,000 വീട്ടിമരങ്ങള്‍ മുറിക്കുന്നു. അമ്പലവയല്‍, തോമാട്ടുചാല്‍ പ്രദേശങ്ങളിലാണ് മരംമുറി നടക്കുന്നത്. 50ല്‍പരം തൊഴിലാളികളെ ഉപയോഗിച്ച് കരാറുകാരന്‍ ഒരുമാസം മുമ്പാണ് മരംമുറി ആരംഭിച്ചത്. ഇതിനകം 150ല്‍പരം മരങ്ങള്‍ മുറിച്ചു. ജില്ലയില്‍ വരള്‍ച്ചയും ജലക്ഷാമവും രൂക്ഷമാവുകയും മരുവല്‍ക്കരണം നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പരിസ്ഥിതി തകര്‍ച്ചയ്ക്ക് ആക്കംകൂട്ടുന്ന മരംമുറി സര്‍ക്കാര്‍ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം പൊതുവെ ഉയരുന്നുണ്ട്.
ജില്ലയെ കാര്‍ബണ്‍ തുലിതമാക്കാന്‍ പദ്ധതിയുമായി നീങ്ങുന്ന സര്‍ക്കാര്‍ വിമുക്തഭട കോളനി ഭൂമിയിലെ കൂറ്റന്‍ വീട്ടിമരങ്ങള്‍ മുറിച്ചെടുക്കുന്നതില്‍ അനൗചിത്യമുണ്ടെന്നു ചൂണ്ടിക്കാട്ടുന്നവര്‍ നിരവധിയാണ്. മരംമുറി നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ അടിയന്തര ഉത്തരവ് പുറപ്പെടുവിക്കുന്നതിനൊപ്പം വലിപ്പവും പ്രായവും കണക്കാക്കി വൃക്ഷങ്ങളുടെ കൈവശക്കാര്‍ക്ക് മാന്യമായ തുകയും ഓരോ വര്‍ഷവും സംരക്ഷണച്ചെലവും നല്‍കാന്‍ തയ്യാറാവണമെന്ന ആവശ്യവും ജനങ്ങള്‍ക്കിടയില്‍ ശക്തമാണ്.
രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത മലയാളി ഭടന്മാരെ പുനരധിവസിപ്പിക്കുന്നതിന് ബ്രിട്ടീഷ് സര്‍ക്കാര്‍ റോയല്‍ ഫണ്ട് ഉപയോഗപ്പെടുത്തി നിലമ്പൂര്‍ കോവിലകത്ത് നിന്നു വിലയ്ക്കു വാങ്ങിയ ഒരു ലക്ഷം ഏക്കര്‍ ഭൂമിയിലാണ് വിമുക്തഭട കോളനി. മൂപ്പൈനാട്, അമ്പലവയല്‍, നെന്മേനി, സുല്‍ത്താന്‍ ബത്തേരി, നൂല്‍പ്പുഴ പഞ്ചായത്തുകളിലാണ് ഈ സ്ഥലം. തേക്കും വീട്ടിയും ഉള്‍പ്പെടെ റിസര്‍വ് മരങ്ങളുടെ ഉടമാവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കി കോളനി ഭൂമിയിലെ കൈവശക്കാര്‍ക്ക് 1968ലാണ് പട്ടയം അനുവദിച്ചത്.
മറ്റു മരങ്ങള്‍ ഭൂവുടമകള്‍ക്ക് സര്‍ക്കാര്‍ വിലയ്ക്കു നല്‍കി. കോളനി ഭൂമിയിലെ റിസര്‍വ് മരങ്ങളില്‍ 120 സെന്റിമീറ്ററില്‍ കൂടുതല്‍ വണ്ണമുള്ളവ മുറിച്ചെടുക്കാനും കൈവശക്കാര്‍ക്ക് ക്യുബിക് മീറ്ററിനു 4,500 രൂപ നിരക്കില്‍ സമാശ്വാസധനം നല്‍കാനും 1995ലാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കോളനി ഭൂമിയിലെ തേക്കുമരങ്ങള്‍ മുറിച്ചുനീക്കി. കൈവശക്കാര്‍ക്കുള്ള സമാശ്വാസധനം 2005ല്‍ ക്യുബിക് മീറ്ററിനു 10,000 രൂപയായി വര്‍ധിപ്പിച്ചു. 2012ലാണ് വീട്ടിമരങ്ങള്‍ക്ക് നമ്പറിട്ടത്. കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കി വീട്ടിമരങ്ങള്‍ മുറിക്കുന്നതിന് ഈ വര്‍ഷമാണ് തീരുമാനമായത്. വീട്ടികള്‍ മുറിച്ചൊരുക്കി സുല്‍ത്താന്‍ ബത്തേരി കുപ്പാടിയിലും കോഴിക്കോട് ചാലിയത്തുമുള്ള ഡിപ്പോകളില്‍ എത്തിക്കുന്നതിനാണ് കരാര്‍. ഇന്റര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐയുസിഎന്‍) 1998ല്‍ വംശനാശ ഭീഷണി നേരിടുന്ന ജന്തു-സസ്യവര്‍ഗങ്ങളുടെ റെഡ് ഡാറ്റാ ബുക്കില്‍ ഉള്‍പ്പെടുത്തിയതാണ് ഇന്ത്യന്‍ റോസ് വുഡ് എന്നറിയപ്പെടുന്ന വീട്ടിമരം. ഇന്ത്യന്‍ റോസ് വുഡിന്റെ ഉറപ്പും അഴകും ലോകപ്രസിദ്ധമാണ്.
ഇന്ത്യയില്‍ പശ്ചിമഘട്ടത്തിലാണ് വീട്ടിമരങ്ങള്‍ ധാരാളമുള്ളത്. വയനാട്ടിലെ വീട്ടിമരങ്ങള്‍ നിലമ്പൂര്‍ തേക്കിനേക്കാള്‍ പ്രശസ്തവും വിലക്കൂടുതലുള്ളതുമാണ്. ഒരു ക്യുബിക് മീറ്റര്‍ വീട്ടിത്തടിക്ക് രണ്ടുലക്ഷം മുതല്‍ അഞ്ചുലക്ഷം രൂപ വരെയാണ് വില. 500 വര്‍ഷത്തിലധികം പ്രായമുള്ളതാണ് വിമുക്തഭട കോളനി ഭൂമിയില്‍ നിന്നു മുറിച്ചുമാറ്റുന്ന വീട്ടിമരങ്ങള്‍.

RELATED STORIES

Share it
Top